ഏഴാം വർഷവും പറന്നു കാപ്പിലെ കുരുന്നുകൾ

വിമാനത്തിൽ പഠനയാത്ര പോകുന്ന കാപ്പ് എൻഎസ്എസ്എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥികൾ
തൊടുപുഴ
പഠനത്തിനൊപ്പം പറക്കാനും മടിക്കാതെ കാപ്പ് എൻഎസ്എസ് എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥികൾ. തങ്ങളുടെ പ്രൈമറി വിദ്യാഭ്യാസ കാലത്തെ ഏറ്റവും അവിസ്മരണീയമായ അനുഭവമാക്കി മാറ്റിയിരിക്കുകയാണിവർ. തുടർച്ചയായ ഏഴാം വർഷമാണ് കാപ്പ് സ്കൂളിൽനിന്നും നാലാം ക്ലാസ് വിദ്യാർഥികൾക്കായി ഇത്തരത്തിൽ വിമാനയാത്ര ഉൾപ്പെടുത്തി പഠനയാത്ര സംഘടിപ്പിക്കുന്നത്. കഴിഞ്ഞ അഞ്ചിന് പുലർച്ചെ മൂന്നിന് സ്കൂൾ ബസിൽ കൊച്ചി വിമാനത്താവളത്തിലേക്ക് തിരിച്ചതോടെയാണ് യാത്രയ്ക്ക് തുടക്കമായത്. രാവിലെ അഞ്ചിന് എയർപോർട്ടിലെത്തിയ സംഘം 7.30-നുള്ള ഇൻഡിഗോ വിമാനത്തിൽ ബംഗളൂരുവിലേക്ക് തിരിച്ചു. ജീവിതത്തിലാദ്യമായി മേഘങ്ങൾക്കിടയിലൂടെ പറന്നതിന്റെ ആവേശം ഓരോ കുട്ടിയുടെയും മുഖത്ത് പ്രകടമായിരുന്നു. 8.30-ഓടെ സംഘം ബംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങി. ബംഗളൂരുവിലെ ചരിത്രപ്രധാനമായ സ്ഥലങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദർശിച്ച ശേഷം രാത്രി എട്ടിന് ബംഗളൂരു റെയിൽവേ സ്റ്റേഷനിൽനിന്നും കന്യാകുമാരി എക്സ്പ്രസ്സിൽ മടക്കയാത്ര ആരംഭിച്ചു. പിറ്റേന്ന് രാവിലെ 6.50-ന് സംഘം ആലുവ റെയിൽവേ സ്റ്റേഷനിൽ തിരിച്ചെത്തി. 50 വിദ്യാർഥികളും അവർക്ക് കൂട്ടായി 10 അധ്യാപകരും അടങ്ങുന്നതായിരുന്നു യാത്രാസംഘം. കുട്ടികൾക്ക് പ്രായോഗികമായ അറിവുകൾ പകർന്നു പറഞ്നൽകുന്നതിനൊപ്പം ആത്മവിശ്വാസം വർധിപ്പിക്കാനും ഇത്തരം യാത്രകൾ സഹായിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. മനംനിറഞ്ഞ പുഞ്ചിരിയോടെയും പുതിയ അറിവുകളോടെയും മടങ്ങിയെത്തിയ ഈ കുരുന്നുകൾക്ക് ഈ പഠനയാത്ര ജീവിതകാലം മുഴുവൻ ഓർത്തുവയ്‌ക്കാവുന്ന അനുഭവമായി മാറി. തുടർന്നുള്ള വർഷങ്ങളിലും നാലാം ക്ലാസുകാർക്കായി വിവിധ സ്‌ഥലങ്ങളിലേക്ക് വിമാനയാത്ര സംഘടിപ്പിക്കുമെന്നും പ്രഥമാധ്യാപകൻ സുനിൽ കുമാർ തട്ടക്കുഴ അറിയിച്ചു. സീനിയർ അസിസ്റ്റന്റ് പ്രവിത, കോ- ഓർഡിനേറ്റർ ബിജലി, അധ്യാപകരായ ഗീതു ഗണേഷ്, ശ്രീലക്ഷ്മി എന്നിവരാണ് പഠനയാത്രനയിച്ചത്.










0 comments