പഠിക്കാം ലൈഫ് ടെക്‍നിക്കുകള്‍

വണ്ണപ്പുറം ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂൾ
കെ പി മധുസൂദനൻ
Published on Apr 26, 2026, 12:15 AM | 1 min read
കരിമണ്ണൂർ
വീട്ടിലൊരു പൈപ്പ് പൊട്ടിയാല്‍, വയറിങ്ങിനൊരു തകരാര്‍ പറ്റിയാല്‍ പുറത്തൊരാളെ അന്വേഷിച്ച് പോകേണ്ട, ടെക്‍നിക്കല്‍ സ്‍കൂളില്‍ പഠിച്ചൊരാള്‍ വീട്ടിലുണ്ടെങ്കില്‍ നിസാരമായിത് ചെയ്യാം. അതേ, ടെക്‍നിക്കല്‍ സ്‍കൂളുകള്‍ നല്‍കുന്നത് സര്‍ട്ടിഫിക്കറ്റിനുമപ്പുറം ജീവിതപാഠങ്ങള്‍ കൂടിയാണ്. തൊഴില്‍ നൈപുണ്യം നേടാൻ പ്രാപ്‍തരാക്കുകയാണ് സംസ്ഥാനത്തെ ടെക്‍നിക്കല്‍ സ്‍കൂളുകള്‍. പത്താംക്ലാസ് വിജയിക്കുന്ന കുട്ടികൾക്ക് ഏത് കോഴ്‌സുകളിലും ചേർന്ന് പഠിക്കാം. ഹൈസ്‌കൂൾ പഠനത്തിന് മറ്റ് സ്‌കൂളുകളിൽ പ്രവേശനം ലഭിക്കാതെവരുമ്പോഴാണ് ടെക്‍നിക്കല്‍ സ്‍കൂളുകള്‍ സാധാരണയായി തെരഞ്ഞെടുക്കുന്നത്. എന്നാൽ ടെക്‌നിക്കൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കി വരുന്നവരുമേറെയാണ്. ജില്ലയിൽ അടിമാലി, പുറപ്പുഴ, വണ്ണപ്പുറം എന്നിവിടങ്ങളിലാണ് സര്‍ക്കാര്‍ ടെക്‌നിക്കൽ ഹൈസ്‌കൂളുകളുള്ളത്. കാളിയാറിലാണ് വണ്ണപ്പുറം സ്‍കൂള്‍. 1983ൽ പ്രവർത്തനം ആരംഭിച്ച സ്‌കൂളിൽനിന്ന് പഠനം പൂർത്തിയാക്കി നിരവധി പേരാണ് ജീവിതവിജയം നേടിയിട്ടുള്ളത്. വെൽഡിങ്, പ്ലംബിങ്, ഫിറ്റിങ്, ഇലക്‌ട്രോണിക്സ്, ഇലക്‌ട്രിക്കൽസ് തുടങ്ങിയ ട്രേഡുകളാണ് സ്‍കൂളിലുള്ളത്. എട്ടാംക്ലാസിൽ പ്രവേശനം നേടുന്ന കുട്ടിയുടെ മികവിന്റെ അടിസ്ഥാനത്തിൽ ഒമ്പതിലെത്തുമ്പോഴാണ് ട്രേഡ് തീരുമാനിക്കുക. പത്താംക്ലാസ് പാസാകുമ്പോള്‍ ട്രേഡ് സർട്ടിഫിക്കറ്റും ലഭിക്കും. ജില്ലയിൽ ഏറ്റവുമധികം ട്രേഡുകളും വണ്ണപ്പുറം സ്‍കൂളിലാണ്. രണ്ടുക്ലാസുകളിലായി ഒരുവർഷം 90കുട്ടികൾക്കാണ് പ്രവേശനം. അധ്യാപകരടക്കം 40 ജീവനക്കാരുണ്ട്. 15വർഷമായി ഇവിടെ നൂറുശതമാനം വിജയമാണ്. വണ്ണപ്പുറം പഞ്ചായത്തിലെ എ പ്ലസ് ശതമതാനത്തിലും ടെക്‌നിക്കൽ ഹെസ്‌കൂളാണ് മുന്നിൽ. പാഠ്യേതര വിഷയങ്ങളിലും സ്‌കൂളിന് മിന്നുന്ന വിജയമാണ്. സംസ്ഥാന കായികമേളയിൽ ഇൗ സ്‌കൂളിലെ ഒന്പതാം ക്ലാസുകാരൻ മുഹമ്മദ് നിസാൻ ഷോട്ട്‌പുട്ടിൽ മീറ്റ് റെക്കോര്‍ഡ് നേടിയിട്ടുണ്ട്. വർക്ക് എസ്‌പീരിയൻസ്, ആർട്‌സ്, സ്‌പോർട്‌സ്, ജൂനിയർ റെഡ്‌ക്രോസ്, ലിറ്റിൽ കൈറ്റ് എന്നിവയിലെല്ലാം ഇവിടുത്തെ വിദ്യാർഥികൾ മിടുക്കരാണ്. ഹിന്ദി, മലയാളം സെക്കൻഡ് പേപ്പർ, ബയോളജി എന്നീ വിഷയങ്ങൾക്ക് പകരമായാണ് ട്രേഡുകൾ പഠിപ്പിക്കുക. ക്ലാസ് മുറികളെല്ലാം ഹൈടെക്കാണ്. റോബോട്ടിക്, എഐ സംവിധാനം ഉൾപ്പെടെയുള്ള കംപ്യൂട്ടർ ലാബുണ്ട്. റെജി മാത്യു ആണ് സൂപ്രണ്ടിന്റെ ചാർജ് വഹിക്കുന്നത്.










0 comments