രുചിയേറും വിഭവങ്ങളുമായി മേരിയും പത്രോസും

തട്ടുകടയിൽ ആഹാരം പാചകം ചെയ്യുന്ന മേരിയും പത്രോസും
തൊടുപുഴ
സ്വന്തം നെറ്റിയിലെ വിയർപ്പുകൊണ്ട് ആഹാരം കഴിക്കുക എന്നവചനം പ്രാവർത്തികമാക്കുന്ന വൃദ്ധ ദന്പതികളാണ് മേരിയും പത്രോസും. പത്രോസിന് 77 വയസും ഭാര്യ മേരിക്ക് 74 മാണ് പ്രായം. തൊടുപുഴ മാരിക്കലുങ്ക് ജങ്‌ഷനിൽ ഇൗ പ്രായത്തിലും ഇവർ തട്ടുകട നടത്തുന്നു. തൊടുപുഴയിലെ പച്ചക്കറി കടയിലെ ജീവനക്കാരനായ ഇളയ മകൻ ഷിജുവിനൊപ്പം താമസിക്കുന്ന ഇവർക്ക് ഒരുതരത്തിലുള്ള ബുദ്ധിമുട്ടുകളും വരാതെ ഷിജു നോക്കുന്നുണ്ടെങ്കിലും നടക്കാൻ പറ്റുന്ന കാലത്തോളം സ്വന്തമായി അധ്വാനിച്ച് ജീവിക്കുന്നതിലാണ് ഇവർക്ക് ആനന്ദം. എല്ലാ ദിവസവും പകൽ രണ്ടോടെ തട്ടുകട സജീവമാകും. കപ്പ, എല്ലും കപ്പയും, പോട്ടി, ബീഫ്, ദോശ, മുട്ട ഓംലറ്റ് എന്നിവയാണ് ഇവിടത്തെ പ്രധാന വിഭവങ്ങൾ. ഒളമറ്റത്തുള്ള വീട്ടിൽനിന്ന് ആഹാരങ്ങൾ പാകപ്പെടുത്തി കൊണ്ടുവരും. കൂട്ടത്തിൽ ദോശമാവും മുട്ടയും. സാധാരണയായി മൂന്നുകിലോ കപ്പയും അതിനനുസരിച്ച് ബീഫും പോട്ടിയും ചെലവാകും. ദോശയും തേങ്ങാ ചമ്മന്തിക്കുമാണ് ആവശ്യക്കാരേറെ. പാകപ്പെടുത്തി കൊണ്ടുവരുന്ന ആഹാര സാധനങ്ങൾ തീരുന്നമുറയ്‌ക്ക് കട അടയ്‌ക്കും. കൂലിവേല ചെയ്‌താണ് ദന്പതികൾ ജീവിച്ചിരുന്നത്. കൂലിപ്പണിക്ക് പോകാനുള്ള ആരോഗ്യം ഇല്ലാതായതോടെ 10 വർഷം മുന്പ് തട്ടുകട ആരംഭിച്ചു. പോട്ടി, എല്ലും കപ്പ, ബീഫ് എന്നിവയ്‌ക്ക് 100 രൂപയാണ് വില. പകുതിയാണെങ്കിൽ 60 രൂപ മതി. വലിയ കച്ചവടം ഇവർ പ്രതീക്ഷിക്കുന്നില്ല. എത്ര കിട്ടിയാലും അതിൽ സംതൃപ്‌തരാണ് ഇൗ വൃദ്ധ ദന്പതിമാർ.










0 comments