സീറ്റ് വിട്ടുകൊടുക്കാൻ ആലോചനയില്ലെന്ന് കേരള കോണ്‍ഗ്രസ്
ഇടുക്കി സീറ്റ് ജോസഫില്‍നിന്ന് പിടിച്ചെടുക്കാൻ കോണ്‍ഗ്രസ്


സ്വന്തം ലേഖകൻ
Published on Jan 05, 2026, 10:33 PM | 1 min read
തൊടുപുഴ
ഇടുക്കി നിയമസഭാ മണ്ഡലം സീറ്റിനെച്ചൊല്ലി യുഡിഎഫില്‍ പ്രത്യക്ഷ പോര് തുടങ്ങി. ഇടുക്കി സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് പറഞ്ഞ യുഡിഎഫ് ജില്ലാ ചെയര്‍മാൻ ജോയി വെട്ടിക്കുഴിയെ കണ്‍വീനറും കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റുമായ എം ജെ ജേക്കബ് തള്ളി. കേരള കോണ്‍ഗ്രസ് ഒരു സീറ്റും വിട്ടുകൊടുക്കുന്നതിനേക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും ജോയി വെട്ടിക്കുഴി ഏത് സാഹചര്യത്തിലാണ് ഇത് പറഞ്ഞതെന്ന് അറിയില്ലെന്നും എം ജെ ജേക്കബ് പറഞ്ഞു. ഇപ്പോള്‍ ഇങ്ങനെയൊരു വാദത്തിനോ ചര്‍ച്ചയ്‍ക്കോ പ്രസക്തിയില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ കേരള കോണ്‍ഗ്രസ് മത്സരിച്ച രണ്ട് സീറ്റില്‍ ഒന്ന് വിജയിച്ചു. കോണ്‍ഗ്രസ് മൂന്ന് സീറ്റുകളില്‍ മത്സരിച്ചു, ഒന്നുപോലും ജയിച്ചില്ലെന്ന യാഥാര്‍ഥ്യം ഇവിടെ നിലനില്‍ക്കുന്നുണ്ട്.
ഇടുക്കി മണ്ഡലത്തിലെ എല്ലാ പഞ്ചായത്തും കോണ്‍ഗ്രസ് ഒറ്റയ്‍ക്കാണ് ഭരിക്കുന്നതെന്നും ജോയി വെട്ടിക്കുഴി പറഞ്ഞിരുന്നു. ഇത് കൂടുതല്‍ സീറ്റില്‍ കോണ്‍ഗ്രസ് മത്സരിച്ചതുകൊണ്ടാണെന്നും വിജയം കൂട്ടായ പരിശ്രമത്തിന്റെ ഫലമാണെന്നും എം ജെ ജേക്കബ് പറഞ്ഞു. ഒറ്റയ്‍ക്ക് ഭൂരിപക്ഷം കിട്ടിയെന്നതിന് പ്രസക്തിയൊന്നുമില്ല. അത്തരം ചര്‍ച്ചകള്‍ക്ക് തുടക്കമിടരുത്. അതത് പാര്‍ടിക്കുള്ളില്‍ പറയേണ്ടത് അവിടെയാണ് പറയേണ്ടത്, അല്ലാതെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയുന്നത് മുന്നണിയുടെ ലക്ഷ്യത്തെയാണ് ബാധിക്കുക, എം ജെ ജേക്കബ് പറഞ്ഞു.
മുന്നണിയിലെ പാര്‍ടി നേതാക്കള്‍ അതത് പാര്‍ടികളുടെ കാര്യങ്ങള്‍ പറയട്ടേ, യുഡിഎഫ് ചെയര്‍മാനും കണ്‍വീനറും ആവശ്യമില്ലാത്ത വിവാദങ്ങള്‍ ഉണ്ടാക്കാതിരിക്കുന്നതാണ് നല്ലത്. എം ജെ ജേക്കബ് പറഞ്ഞു. തൊടുപുഴയില്‍ പി ജെ ജോസഫോ മകൻ അപുവോ മത്സരിക്കുമെന്ന് ഉറപ്പാണ്. ഇതോടെയാണ് ഇടുക്കി സീറ്റിനായി കോണ്‍ഗ്രസിന്റെ നീക്കം. സീറ്റ് വിട്ടുനല്‍കാനാകില്ലെന്ന് പി ജെ ജോസഫ്തന്നെ മുന്നണി നേതൃത്വത്തെ അറിയിക്കുമെന്നാണ് വിവരങ്ങള്‍. ഇടുക്കി സീറ്റ് കോണ്‍ഗ്രസിന് കിട്ടണമെന്ന ആവശ്യം കെപിസിസി നേതൃത്വത്തോട് ജില്ലയിലെ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് കഴിഞ്ഞദിവസം ജോയി വെട്ടിക്കുഴി പറഞ്ഞത്.










0 comments