മലയാളികളെ വരവേറ്റ്
കമ്പത്തെ മുന്തിരിത്തോപ്പുകള്‍

കമ്പത്തെ മുന്തിരിപ്പാടത്തെ സന്ദര്‍ശകരുടെ തിരക്ക്
അജിൻ അപ്പുക്കുട്ടൻ
Published on May 15, 2026, 12:15 AM | 1 min read
കട്ടപ്പന
അവധിക്കാലം അടിപൊളിയാക്കാന്‍ തമിഴ്നാട്ടിലെ മുന്തിരിത്തോട്ടങ്ങളിലേക്ക് മലയാളികൾ പാഞ്ഞെത്തുന്നു. തേനി ജില്ലയിലെ കമ്പം, ഗൂഡല്ലൂര്‍, ചുരുളിപ്പെട്ടി, കെ കെ പെട്ടി, തേവര്‍പെട്ടി എന്നിവിടങ്ങളിലെ തോട്ടങ്ങളില്‍ നൂറുകണക്കിന് മലയാളികളാണ് എത്തുന്നത്. ഇടുക്കിക്ക് പുറമേ കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളില്‍നിന്നുള്ളവരും ഒട്ടേറെ. വിളവെടുക്കുന്ന മുന്തിരി അപ്പോള്‍തന്നെ വാങ്ങാമെന്നതാണ് പ്രത്യേകത. കിലോക്ക് 200 രൂപമുതലാണ് വില. കൂടാതെ മുന്തിരി ജ്യൂസ്, വൈന്‍, അച്ചാര്‍ എന്നിവയും മുന്തിരി ഉപയോഗിച്ച് തയാറാക്കിയ സൗന്ദര്യവര്‍ധന വസ്തുക്കളും സ്‌പോട്ടിൽ തന്നെ ലഭ്യം. മധ്യവേനലവധി ആരംഭിച്ചപ്പോള്‍ മുതല്‍ മലയാളികള്‍ ഇവിടേയ്ക്ക് എത്തിത്തുടങ്ങിയിരുന്നു. റോസ് മുന്തിരിയാണ് ഇവിടങ്ങളില്‍ കൂടുതലായും കൃഷി ചെയ്യുന്നത്. ഒരുതോട്ടത്തില്‍ തന്നെ പച്ചമുന്തിരിക്കുലകളും റോസ് മുന്തിരിയും ഇടതൂര്‍ന്ന് കായ്ച്ചുകിടക്കുന്നത് ആളുകളിൽ കൗതുകമുണർത്തുന്നു. മുന്തിരിവള്ളികളില്‍ പൂക്കള്‍ മുതല്‍ വിളവെടുപ്പിനുപാകമായവ വരെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളും കാണാം. കൊട്ടാരക്കര–- ദിണ്ടിഗല്‍ ദേശീയപാതയോടുചേര്‍ന്ന് കമ്പത്തും പരിസര പ്രദേശങ്ങളിലുമായി ഒട്ടേറെ പാടങ്ങളുണ്ട്. തമിഴ്നാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രാമധ്യേ ഇവിടങ്ങള്‍ സന്ദര്‍ശിക്കുന്നവരും ഏറെ. മുന്തിരിക്കൃഷിയെക്കുറിച്ചും പരിപാലനരീതികളും ഇവിടുത്തെ കര്‍ഷകര്‍ സന്ദര്‍ശകര്‍ക്ക് വിവരിച്ചുനല്‍കുന്നുണ്ട്. യഥേഷ്ടം മുന്തിരി വാങ്ങാനും തോട്ടങ്ങളില്‍ നിന്നു ചിത്രങ്ങളെടുക്കാനും കുടുംബസമേതം ആളുകളുടെ തിരക്കാണിവിടെ. ചിലസ്ഥലങ്ങളില്‍ കുട്ടിക്കായി പാര്‍ക്കുകളും സജമാക്കിയിട്ടുണ്ട്. വാഗമണ്‍, ഇടുക്കി, മൂന്നാര്‍, തേക്കടി, രാമക്കല്‍മേട് എന്നിവടങ്ങളിലെത്തിയ സഞ്ചാരികളില്‍ ഭൂരിഭാഗവും കമ്പവും ഗൂഡല്ലൂരും സന്ദര്‍ശിച്ചാണ് മടങ്ങുക. ലോവര്‍ ക്യാമ്പ് മുതല്‍ ചിന്നമന്നൂര്‍ വരെ ആയിരക്കണക്കിന് ഏക്കര്‍ സ്ഥലത്താണ് മുന്തിരിക്കൃഷിയുള്ളത്.










0 comments