ad
Deshabhimani

‘കണ്ടത്‌ ആന ചവിട്ടിമെതിച്ച മാരിയെ’

chinnakanal

ചിന്നക്കനാൽ കുടുംബാരോഗ്യകേന്ദ്രത്തിനുമുന്നിൽ ബന്ധുക്കളും പ്രദേശവാസികളും പ്രതിഷേധിക്കുന്നു

avatar
സ്വന്തം ലേഖകൻ

Published on Jun 09, 2026, 12:15 AM | 1 min read

സൂര്യനെല്ലി

പതിവുപോലെ രാവിലെ ഓട്ടോറിക്ഷയുമായി ഇറങ്ങിയതായിരുന്നു, 7.45 ആകും. സിങ്കുകണ്ടം–സൂര്യനെല്ലി റോഡിൽ കാട്ടാന ആക്രമണം നടന്ന്‌ ഏതാനും മിനിറ്റുകളേ ആയുള്ളു. തൊട്ടരികിൽ നിലവിളിച്ചുകൊണ്ടിരിക്കുന്ന മാരിയുടെ മകൾ രക്ഷണയെയുമാണ് ഓട്ടോറിക്ഷ ഡ്രൈവർ സിങ്കുകണ്ടം സ്വദേശി ജ്യോതിരാജ്‌ ആദ്യം കണ്ടത്‌. കാട്ടാന മണ്ണിൽ ചവിട്ടിയിട്ടിരിക്കുന്ന മാരിയെയും മകൻ രക്ഷനെയും കണ്ടു. കുട്ടിക്ക്‌ അനക്കമുണ്ടായിരുന്നു. രക്ഷനെ ഉടന്‍ തന്നെ അടിമാലി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന മകള്‍ രക്ഷണ അമ്മക്കും അനിയനും 700 മീറ്റർ പിന്നിലായി നടന്നിരുന്നതിനാൽ കഷ്ടിച്ച്‌ രക്ഷപ്പെടുകയായിരുന്നു. ആന കുറച്ച്‌ അകലെയാണ്‌. കുട്ടികളെ രണ്ടുപേരേയും ഓട്ടോയിലെടുത്ത്‌ അതിവേഗം ആശുപത്രി ലക്ഷ്യമാക്കി പാഞ്ഞു. പരിഭ്രാന്തിയും ഭീതിയും ജ്യോതിരാജിന്റെ വാക്കുകളിലും മുഖത്തും. ആദ്യം കന്പനി ആശുപത്രിയിലേക്കും പിന്നീട്‌ വിലക്ക്‌ ഗവ. ആശുപത്രിയിലേക്കുമാണ്‌ പരിക്കേറ്റ കുട്ടിയെ കൊണ്ടുപോയത്‌. വഴിമധ്യേ വനംവകുപ്പ്‌ വാഹനംകണ്ടു. പരിക്കേറ്റ രക്ഷനെ ആ വാഹനത്തിൽകയറ്റി. സംഭവം നടന്ന അരമണിക്കൂർ കഴിഞ്ഞാണ്‌ വനം ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്‌. ചിന്നക്കനാലിൽ വനം വകുപ്പ്‌ ഓഫീസുണ്ടെങ്കിലും അവിടെനിന്ന്‌ ഉദ്യോഗസ്ഥർ യഥാസമയം എത്താനായില്ല. ഇ‍ൗ ദാരുണ സംഭവം ജീവിതത്തിലാദ്യമാണ്‌ കാണുന്നതെന്നും ഇവിടെ കാട്ടാനകൾ പതിവായി എത്താറുണ്ടെന്നും യാത്രക്കാർക്ക്‌ ഒരു സുരക്ഷയും ഇല്ലെന്നും ജ്യോതികുമാർ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home