നീറ്റ്, സിബിഎസ്ഇ പരീക്ഷ ക്രമക്കേട്
എസ്എഫ്‌ഐ രാപകല്‍ സമരം തുടങ്ങി

എസ്എഫ്‌ഐ രാപകല്‍ സമരം കട്ടപ്പനയില്‍ സംസ്ഥാന സെക്രട്ടറിയറ്റംഗം വൈഷ്ണവി ഷാജി ഉദ്ഘാടനംചെയ്യുന്നു
കട്ടപ്പന
നീറ്റ്, സിബിഎസ്ഇ പരീക്ഷകളിലെ ക്രമക്കേടുകളില്‍ കേന്ദ്ര സര്‍ക്കാരിന്റെ അനാസ്ഥയ്‌ക്കെതിരെ എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി കട്ടപ്പന മിനി സ്റ്റേഡിയത്തില്‍ രാപ്പകല്‍ സമരം ആരംഭിച്ചു. സംസ്ഥാന സെക്രട്ടറിയറ്റംഗം വൈഷ്ണവി ഷാജി ഉദ്ഘാടനംചെയ്തു. നീറ്റ് ചോദ്യച്ചോര്‍ച്ചയിലൂടെ രാജ്യത്തെ 22 ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് സമ്മര്‍ദത്തിലായത്. ഒരുവര്‍ഷം ഉറക്കമൊഴിഞ്ഞും പണം ചെലവഴിച്ചും അധ്വാനിച്ച് പരീക്ഷ എഴുതിയ വിദ്യാര്‍ഥികളോടുള്ള ക്രൂരതയാണിത്. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയും കേന്ദ്രസര്‍ക്കാരും വിദ്യാര്‍ഥികളുടെ ഭാവി പന്താടുന്നു. രാജ്യത്തെ പിടിച്ചുലച്ച സംഭവം കേന്ദ്ര സര്‍ക്കാര്‍ ലാഘവത്തോടെയാണ് കൈകാര്യം ചെയ്യുന്നത്. ക്രമക്കേടുകള്‍ പരിഹരിക്കണമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്നും എന്‍ടിഎ പിരിച്ചുവിടണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് അഖില്‍ ബാബു അധ്യക്ഷനായി. സെക്രട്ടറി ശരത് പ്രസാദ്, വൈസ് പ്രസിഡന്റ് സ്റ്റെനിന്‍ രാജു, ജോയിന്റ് സെക്രട്ടറി എസ് അരുണ്‍കുമാര്‍, സെക്രട്ടറിയറ്റംഗം എം എസ് ആരോമല്‍, സിപിഐ എം കട്ടപ്പന ഏരിയ സെക്രട്ടറി മാത്യു ജോര്‍ജ്, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയറ്റംഗം ഫൈസല്‍ ജാഫര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍നിന്നുള്ളവര്‍ സമരത്തില്‍ അണിനിരന്നു. സമാപനത്തോടനുബന്ധിച്ച് വ്യാഴം രാവിലെ 10ന് കട്ടപ്പന ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.










0 comments