സാഹസിക സഞ്ചാരമൊരുക്കി പൊന്മുടി തൂക്കുപാലം

പൊൻമുടിയിലെ തൂക്കുപാലം
ബേബിലാൽ
Published on Jan 25, 2026, 12:15 AM | 1 min read
രാജാക്കാട്
ദിവസേന നൂറ് കണക്കിന് സഞ്ചാരികൾ എത്തുന്ന പൊന്മുടി തൂക്കുപാലം ഹൈറേഞ്ചിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ്. പശ്ചിമഘട്ടത്തിന്റെയും പന്നിയാർ നദിയുടെയും വിശാല കാഴ്ചകൾക്ക് പേരുകേട്ട വിനോദസഞ്ചാര കേന്ദ്രം. ചരിത്ര രേഖകൾ വിരളമാണെങ്കിലും അണക്കെട്ടിന്റെ വികസനകാലത്തെ എൻജിനിയറിങ്ങിന്റെ തെളിവായി ഇത് നിലകൊള്ളുന്നു. പൊന്മുടി അണക്കെട്ടിന്റെ നിർമാണ വേളയിൽ പന്നിയാർ നദിക്ക് കുറുകെ ജീപ്പുകളിലും ട്രാക്ടറുകളിലും സാധനങ്ങൾ കൊണ്ടുപോകുന്നതിനായി ഇരുമ്പ് കയറുകളും മരപ്പലകകളും ഉപയോഗിച്ചാണ് പാലം നിർമിച്ചിരിക്കുന്നത്. സമിപകാലത്ത് ഇരുമ്പ് നിർമിത പ്ലാറ്റ് ഫോമുകൾ ഉപയോഗിച്ച് പാലം പരിപാലിക്കുകയും ചെയ്തു. ചരിത്രപരമായ പ്രവർത്തനത്തെ ആധുനിക സാഹസിക ടുറിസവുമായി സമന്വയിപ്പിച്ചിരിക്കുന്നു. പാലവും റോഡും പൊതുമരാമത്ത് ഏറ്റെടുത്തു. ഈ ആട്ടുപാലം നിലനിർത്തി കൊണ്ട് സമീപത്ത് കോൺക്രീറ്റ് പാലം നിർമിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. വിശാലമായ കാഴ്ചകൾ ഇവിടെ എത്തുന്ന ടൂറിസ്‌റ്റുകൾക്ക് ഏറെ ഇഷ്ടമാണ്. ഇത് ഫോട്ടോഗ്രാഫർമാർക്ക് ആനന്ദം പകരുന്നു. പച്ചപ്പ് നിറഞ്ഞ കുന്നുകൾക്കിടയിലെ ഒരു ഗ്രാമിണ സാഹസികത ഇഷ്ടപ്പെടുന്നവർക്ക് നിരവധി വെള്ളച്ചാട്ടങ്ങളും ഡാമും വ്യു പോയിന്റും കാണാനുണ്ട്. ജിപ്പ് സഫാരി ടൂറുകളും ഈ സ്ഥലങ്ങളിലേക്ക് ധാരാളം വരുന്നുണ്ട്. സുവർണ കൊടുമുടി എന്നർഥം വരുന്ന ‘പൊന്മുടി’ ശാന്തമായ അന്തരിക്ഷം കൊണ്ട് സവിശേഷം. മൂടൽ മഞ്ഞുള്ള പ്രഭാതങ്ങൾ, അതിശയകരമായ കാഴ്ചകളുള്ള വളഞ്ഞുപുളഞ്ഞ റോഡുകൾ, തേയില, സുഗന്ധവ്യഞ്ജനതോട്ടങ്ങൾ തുടങ്ങി പശ്ചിമഘട്ടത്തിനിടയിൽ ട്രേക്കിങ്ങിനും വിശ്രമത്തിനുമുള്ള അവസരങ്ങൾ ഇവിടെയുണ്ട്. പുഴയിൽ നിന്നു 200 അടിയോളം ഉയരത്തിലുള്ള പാലത്തിലൂടെ ചെറുവാഹനങ്ങൾ പൊയ്കൊണ്ടിരുന്നതാണ്. എന്നാലിപ്പോൾ സുരക്ഷയുടെ ഭാഗമായി വാഹനങ്ങൾ കയറുന്നത് നിരോധിച്ചിരിക്കുന്നു.










0 comments