വില്ലേജ് ഓഫീസറെ ഭീഷണിപ്പെടുത്തി
കല്ലാർകുട്ടി പത്ത്‌ചെയിൻ മേഖലയിൽ പട്ടയനടപടി യുഡിഎഫ് തടസ്സപ്പെടുത്തി: വൻപ്രതിഷേധം


സ്വന്തം ലേഖകൻ
Published on Feb 20, 2026, 12:15 AM | 1 min read
കൊന്നത്തടി
കല്ലാർകുട്ടി 10 ചെയിൻ ഭാഗത്തെ ഭൂ ഉടമകൾക്ക് പട്ടയം നൽകാനുള്ള അപേക്ഷ സ്വീകരിക്കുന്നത് തടഞ്ഞ് കൊന്നത്തടി പഞ്ചായത്തിലെ യുഡിഎഫ് ഭരണസമിതിയംഗങ്ങൾ. ആറുപതിറ്റാണ്ടായി പട്ടയത്തിനായി കാത്തിരുന്ന കുടിയേറ്റകർഷകരെയാണ് തെഞ്ഞെടുപ്പ് നേട്ടത്തിനായി കോൺഗ്രസ് പ്രവർത്തകർ ദുരിതത്തിലാക്കിയത്. കൊന്നത്തടി വില്ലേജ് ഓഫീസറെ യുഡിഎഫ് നേതാക്കൾ ഭീഷണിപ്പെടുത്തി. നിരവധികർഷകരെ ഇവർ തടഞ്ഞ് തിരിച്ചയച്ചു. സംഭവത്തിൽ കേരള കർഷക സംഘം പ്രതിഷേധിച്ചു. വെള്ളിയാഴ്‌ച കർഷകസംഘം നേതൃത്വത്തിൽ പട്ടയ അപേക്ഷകൾ നൽകും. കർഷകസംഘം ജില്ലാ പ്രസിഡന്റ് എൻ വി ബേബി, ജില്ലാ സെക്രട്ടറി റോമിയോ സെബാസ്‌റ്റ്യൻ എന്നിവർ നേതൃത്വം നൽകും. പട്ടയ പ്രശ്‌നത്തിന് ശാശ്വത പരിഹാരമായി ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ അർഹരായ ഉടമകളിൽനിന്നും കൊന്നത്തടി വില്ലേജിൽ അപേക്ഷ സ്വീകരിച്ച വരികയായിരുന്നു. മന്ത്രിയുടെയും ഇടതുപക്ഷ നേതാക്കളുടെയും നേതൃത്വത്തിൽ നടത്തിയ നിരന്തര പരിശ്രമങ്ങൾക്ക് ശേഷമാണ് ഇത് സംബന്ധിച്ച അനുകൂല നടപടിയുണ്ടായത്. 2026 ജനുവരി 28ന് തിരുവനന്തപുരത്ത് റവന്യൂ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശങ്ങളിൽ അർഹരായവർക്ക് പട്ടയം നൽകുന്നതിന് തീരുമാനം എടുക്കുകയും ജില്ലാ കലക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇതേ തുടർന്ന് വില്ലേജ് ഓഫീസുകൾ വഴി പട്ടയത്തിനുള്ള അപേക്ഷകൾ സ്വീകരിച്ച് വരികയായിരുന്നു. എന്നാൽ യുഡിഎഫിന്റെ നേതൃത്വത്തിൽ കൊന്നത്തടി പഞ്ചായത്ത് ഭരണസമിതി വില്ലേജ് ഓഫീസറെ ഭീഷണിപ്പെടുത്തി അപേക്ഷ സ്വീകരിക്കുന്നത് തടഞ്ഞത് നിയമവിരുദ്ധമാണ്. ഇത് കല്ലാറുകുട്ടി പ്രദേശത്ത് ശക്തമായ പ്രതിഷേധത്തിന് കാരണമായി. എന്നാൽ, തൊട്ടടുത്ത വെള്ളത്തൂവൽ വില്ലേജിൽ ഒരുതടസ്സവും കൂടാതെ പട്ടയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നുണ്ട്. ജനങ്ങളുടെ ചിരകാലസ്വപ്നം തടസ്സപ്പെടുത്തിയ യുഡിഎഫിന്റെ നടപടിയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. എൽഡിഎഫ് നേതാക്കളായ എൻ വി ബേബി, ഷാജി കാഞ്ഞമല, വി എം ബേബി, ജയിംസ് മ്ലാക്കുഴി, ടി പി മൽക്ക സന്തോഷ് വേലിക്കകത്ത്, ശ്രീനിവാസൻ കിഴക്കേവീട്ടിൽ, ഷാജി തോമസ്, ദേവരാജൻ കുളപ്പുറം എന്നിവർ യോഗത്തിൽ സംസാരിച്ചു.










0 comments