കല്ലാർകുട്ടി, പത്ത്‌ചെയിൻ മേഖലകളിൽ പട്ടയം
കുടിയേറ്റ ജനതയുടെ സ്വപ്‌നം യാഥാർഥ്യത്തിലേക്ക്

കല്ലാര്‍കുട്ടി പത്ത് ചെയിന്‍ മേഖലയില്‍ ഉദ്യോഗസ്ഥര്‍ സംയുക്ത പരിശോധന നടത്തുന്നു

സ്വന്തം ലേഖകൻ
Published on Jan 13, 2026, 12:30 AM | 1 min read
അടിമാലി
കല്ലാര്‍കുട്ടി, പത്ത്ചെയിന്‍ മേഖലകളിലെ കുടിയേറ്റ ജനതയുടെ പതിറ്റാണ്ടുകള്‍ നീണ്ടപട്ടയമെന്ന സ്വപ്നം യാഥാര്‍ഥ്യത്തിലേക്ക്.70 വര്‍ഷത്തിലേറെയായി താമസിക്കുന്ന മണ്ണിന്റെ അവകാശത്തിനായി കാത്തിരിക്കുന്ന 3500 കുടുംബങ്ങള്‍ക്ക് പ്രതീക്ഷയേകി ജോയിന്റ് വെരിഫിക്കേഷന്‍ നടപടികള്‍ ആരംഭിച്ചു. റവന്യു, വൈദ്യുതി, വനം വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ചേർന്നാണ് തിങ്കളാഴ്ച പ്രദേശത്ത് പരിശോധന നടത്തിയത്. 70 വര്‍ഷത്തിലേറെയായി തങ്ങള്‍ താമസിക്കുന്ന മണ്ണിന്റെ അവകാശത്തിനായി കാത്തിരിക്കുന്ന മൂവായിരത്തോളം കുടുംബങ്ങള്‍ക്ക് പ്രതീക്ഷയേകി ജോയിന്റ് വെരിഫിക്കേഷന്‍ നടപടികള്‍ ആരംഭിച്ചു. ഭൂമി അളന്ന് തിട്ടപ്പെടുത്തി ലാന്‍ഡ് റെക്കോര്‍ഡുകള്‍ തയ്യാറാക്കി കഴിഞ്ഞതായും കല്ലാര്‍കുട്ടി– പത്ത് ചെയിന്‍ മേഖലയിലെ മുഴുവന്‍ കൈവശക്കാര്‍ക്കും ഈ സര്‍ക്കാരിന്റെ കാലത്ത്തന്നെ പട്ടയം നല്‍കുമെന്ന് മന്ത്രി കെ രാജന്‍ കഴിഞ്ഞ നിയമസഭസമ്മേളനത്തില്‍ അഡ്വ. എ രാജ എംഎല്‍എ നിയമസഭയില്‍ ഉന്നയിച്ച സബ്മിഷന് മറുപടിയായി പറഞ്ഞിരുന്നു. ജില്ലയിലെ ജലവൈദ്യുത പദ്ധതി പ്രദേശത്തെ പട്ടയ വിതരണത്തെ സംബന്ധിച്ച് റവന്യു– ജലവിഭവ -വൈദ്യുതി മന്ത്രിമാരടങ്ങുന്ന ഉന്നതതല യോഗം ചേർന്നിരുന്നു. സംസ്ഥാന പട്ടയമിഷന്റെ ഭാഗമായി ജില്ലയിലെ ജലവൈദ്യുത പദ്ധതി പ്രദേശങ്ങളിലെ ചെയിൻ മേഖലകളിൽ താമസിച്ചുവരുന്ന യോഗ്യരായ കൈവശക്കാർക്ക് പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ട് ആദ്യഘട്ടമായി യോഗ്യമായ കൈവശങ്ങൾ സർവേ ചെയ്ത് തിട്ടപ്പെടുത്തി റിക്കാർഡുകൾ തയ്യാറാക്കുന്ന നടപടികൾ പൂർത്തിയായി വരുന്നു. ദേവികുളം, ഇടുക്കി താലൂക്കുകളിലായി ഉൾപ്പെട്ടുവരുന്ന കല്ലാർകുട്ടി ഡാമിന്റെ 10 ചെയിൻ പ്രദേശത്തെ യോഗ്യമായ കൈവശങ്ങൾ തിട്ടപ്പെടുത്തുന്നതിന് കെഎസ്ഇബി -റവന്യു അധികൃതരുടെ സാന്നിദ്ധ്യത്തിൽ പ്രത്യേക സർവേ ടീമിനെ നിയോഗിച്ച് ഫീൽഡ് സർവേ പൂർത്തീകരിച്ചു. വെള്ളത്തൂവൽ– കൊന്നത്തടി വില്ലേജുകളിലായി ആകെ 1405 പേരുടെ കൈവശഭൂമിയിലാണ് സർവേ പൂര്‍ത്തീകരിച്ചത്. ഇതിനകം കൊന്നത്തടി വില്ലേജിലെ സർവേ നടപടികൾ പൂർത്തിയായി. വെള്ളത്തൂവൽ വില്ലേജിലെ ലാൻഡ് രജിസ്റ്റർ അന്തിമമാക്കുന്ന നടപടികൾ അവസാനഘട്ടത്തിലാണ്. സർവേ നടപടികൾ പൂർത്തീകരിച്ച് റിക്കാർഡുകൾ അന്തിമമാക്കി അർഹരായ കൈവശക്കാർക്ക് പട്ടയം അനുവദിക്കുന്നതിനുള്ള സത്വര നടപടികൾ സ്വീകരിക്കുമെന്നും പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ സംയുക്ത പരിശോധന നടന്നുവരുന്നത്.










0 comments