ad
Deshabhimani

കട്ടപ്പന മേഖലയിലെ ഭൂമി പ്രശ്നത്തിന് പരിഹാരം

കൈവശക്കാർക്ക് പട്ടയം നൽകാൻ സര്‍ക്കാര്‍

TOWN
വെബ് ഡെസ്ക്

Published on Mar 15, 2026, 12:15 AM | 1 min read

ഇടുക്കി

കട്ടപ്പന വില്ലേജിൽ നഗരസഭാ പരിധിയിലുള്ളതും ദശകങ്ങളായി പട്ടയപ്രതിസന്ധി നേരിടുന്നതുമായ ഭൂമിക്ക് പട്ടയം നൽകാൻ സർക്കാർ ഉത്തരവായി. മന്ത്രി റോഷി അഗസ്റ്റിനാണ് ഇക്കാര്യം അറിയിച്ചത്. വർഷങ്ങളായി തങ്ങളുടെ ഭൂമിക്ക് മേൽ അവകാശമില്ലാതെ ബുദ്ധിമുട്ടിയിരുന്ന മലയോര ജനതയ്ക്ക് ആശ്വാസമാണ് സര്‍ക്കാര്‍ തീരുമാനം. റീസർവേ രേഖകളിൽ 'മൈനർ സർക്യൂട്ട്' ആയി രേഖപ്പെടുത്തിയിരുന്നതും മുമ്പ് വനംവകുപ്പിന്റെ അധീനതയിലാണെന്ന് കരുതിയിരുന്നതുമായ ഭൂമിയിലാണ് ഇപ്പോൾ വ്യക്തതയായത്. 1993ലെ സ്പെഷ്യൽ റൂൾസ് പ്രകാരം വനേതര ആവശ്യങ്ങൾക്കായി ഉപയോഗിച്ച സിഎച്ച്ആർ ഭൂമിയിൽപ്പെട്ട കട്ടപ്പന വില്ലേജിൽ കട്ടപ്പന നഗരസഭ ഉൾപ്പെടെ വരുന്ന ടൗൺഷിപ്പ് പ്രദേശത്തെ പട്ടയം നൽകാനാണ് നടപടികളായത്. വനേതര ആവശ്യങ്ങൾക്കായി ഉപയോഗിച്ച് ടൗൺഷിപ്പെന്ന് രേഖപ്പെടുത്തിയിരിക്കുന്ന സ്ഥലത്തിന് കലക്ടറുടെ കത്തില്‍ ആവശ്യപ്പെട്ട പ്രകാരം സര്‍ക്കാര്‍ വിശദീകരണം നല്‍കുകയായിരുന്നു. 1974–75ലെ ഫീൽഡ് സർവേ പ്രകാരം കട്ടപ്പന പ്രദേശത്തെ ഈ ഭൂമി വനമല്ലെന്നും 1977 ജനുവരി ഒന്നിന് മുമ്പേ കൃഷിക്കും പാർപ്പിടത്തിനുമായി കൈമാറ്റം ചെയ്യപ്പെട്ടതാണെന്നും സർക്കാർ കണ്ടെത്തി. 20363.1590 ഹെക്ടർ ഭൂമിക്ക് കാർഡമം ഹിൽ റിസർവിൽ (സിഎച്ച്ആര്‍)നിന്ന് ഇളവ് നൽകാനായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിൽനിന്ന് 1995ൽ ലഭിച്ച മുൻകൂർ അനുമതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ​കൈവശഭൂമിയുടെ അതിരുകളും വിസ്തീർണവും മുമ്പത്തെ സർവേ രേഖകളുമായി ഒത്തുനോക്കി ഉറപ്പാക്കിയശേഷം നടപടികൾ വേഗത്തിലാക്കാൻ കലക്ടർക്കും ലാൻഡ് റവന്യൂ കമീഷണർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. സർക്കാരിന്റെ ഇച്ഛാശക്തിയോടെയുള്ള ഇടപെടല്‍ ഇടുക്കിയിലെ ഭൂമി പ്രശ്നങ്ങൾ ഒന്നൊന്നായി പരിഹരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home