ഉടുമ്പന്‍ചോല_ ചിത്തിരപുരം മലയോര പാത
ഗ്രാമങ്ങൾക്ക് കുതിപ്പേകി

ഉടുമ്പന്‍ചോല ചിത്തിരപുരം പാതയിലെ ദേശീയം പാലം
അടിമാലി
ഉടുമ്പൻചോല – ചിത്തിരപുരം മലയോരപാത പുതിയ വികസനമുന്നേറ്റമായി. കൊച്ചി– മധുര ദേശീയപാതയെയും കുമളി-–മുന്നാർ ഹൈവെയേയും ബന്ധിപ്പിക്കുന്ന പാതയാണിത്. 46.8 കിലോമീറ്റര്‍ ദൂരത്തില്‍ 176.25 കോടി ചിലവിട്ടാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. മുന്‍ മന്ത്രി എം എം മണി എംഎല്‍എ, അഡ്വ. എ രാജ എംഎല്‍എ വികസനമാതൃകയാണ് ജനകീയ സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചത്. ഉടുമ്പന്‍ചോല, ദേവികുളം മണ്ഡലങ്ങളിലെ വിനോദസഞ്ചാര മേഖലയ്ക്കും ഗുണമായി. അറിയാത്ത ഗ്രാമങ്ങളിലൂടെയും മലമടക്കുകളിലൂടെയുള്ള യാത്ര സഞ്ചാരികള്‍ക്ക് പുതിയ അനുഭവമാണ്. ഉടുമ്പൻചോല, സേനാപതി, രാജാക്കാട്, രാജകുമാരി, ബൈസൺവാലി, പള്ളിവാസൽ എന്നീ അഞ്ച് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാതയാണിത്. ഇതിലൂടെ ലോക വിനോദസഞ്ചാര ഭൂപടത്തില്‍ ഇടം പിടിച്ച മൂന്നാറിന്റെ സഞ്ചാര സാധ്യതകൾ തുറന്നുകാട്ടാനും കഴിയും. ഈ പാതയില്‍ ചെറുതും വലുതുമായ അഞ്ച് മനോഹര പാലങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. കാലവര്‍ഷത്തില്‍ മറുകരയെത്താന്‍ ഏറേ ബുദ്ധിമുട്ടിയിരുന്നൊരുകാലം ഇതോടെ വിസ്മൃതിയിലായി. 85 മീറ്റർ നീളമുള്ള മൂന്ന് സ്പാനുകളുള്ള ദേശീയം പാലം മനോഹര കാഴ്ചയാണ്. പൂര്‍ണമായും ബിഎം ആന്‍ഡ് ബിസി നിലവാരത്തിലാണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. ആധുനിക സാങ്കേതികത മികവ് പുലര്‍ത്തുന്ന ഓടകൾ, കലുങ്ക്, സംരക്ഷണഭിത്തികൾ, ഗതാഗത സുരക്ഷാമാർഗങ്ങൾ എന്നിവ ഉൾപ്പെടുന്ന സവിശേഷതകളും ഉൾക്കൊള്ളുന്നു. ആറ് മനോഹരമായ ഹെയർപിൻ വളവുകളും ഭൂപ്രദേശഭംഗികളും ഈ റോഡിന്റെ മറ്റൊരു സവിശേഷതയാണ്. കിഫ്ബി പദ്ധതിയിലൂടെ കേരള റോഡ് ഫണ്ട് ബോർഡിന്റെ മേൽനോട്ടത്തിൽ 2020-ൽ നിർമാണം ആരംഭിച്ച പദ്ധതി പൂര്‍ണമായും ഗതാഗതത്തിന് തുറന്ന്കൊടുത്തു.









0 comments