ad
Deshabhimani

കോട്ടപ്പാറ പ്രകൃതി സ‍ൗന്ദര്യക്കോട്ട

kotakettipara

കോട്ടപ്പാറ മല മുകളില്‍ നിന്നുള്ള കാഴ്ച

avatar
ടി കെ സുധേഷ്‍കുമാര്‍

Published on Dec 21, 2025, 10:31 PM | 1 min read

അടിമാലി ​

കാഴ്‌ച്ചയുടെ വിരുന്നൊരുക്കി സഞ്ചാരികളെ വരവേൽക്കുകയാണ്‌ കുരിശുപാറ കോട്ടപ്പാറ മല. മലമുകളില്‍നിന്നും അടിമാലിയുടെയും ഇതര മലയോര ഗ്രാമങ്ങളുടെയും വിദൂര ദൃശ്യവും ഇടതൂര്‍ന്ന മൊട്ടക്കുന്നുകളും പെയ്‌തിറങ്ങുന്ന കോടമഞ്ഞുമാണ്‌ സന്ദര്‍ശകരുടെ മനംകവരുന്നത്‌. കോട്ടപ്പാറ നല്‍കുന്ന അനുഭൂതിയും കാഴ്‌ച്ചയും അനുഭവവും മറക്കാനാവാത്തതാണെന്ന്‌ സഞ്ചാരികള്‍ പറയുന്നു. മലകളാല്‍ ചുറ്റപ്പെട്ട കോട്ടയാണ്‌ കോട്ടപ്പാറ. ഉയരം കൊണ്ടും വിസ്‌തൃതി കൊണ്ടും ഹൈറേഞ്ചിലെ ഇതര മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളെ അപേക്ഷിച്ച്‌ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി മാറ്റാനാവും. ഇവിടെ പ്രകൃതിയുടെ ശാന്തതയും നിശബ്ദതതയും സഞ്ചാരികളെ ഏകാന്തയുടെയും സ്വസ്‌തതയുടേയും തലങ്ങളിലേക്ക്‌ ആനയിക്കുന്നു. മൊട്ടക്കുന്നുകൾക്കും പുല്‍മേടുകള്‍ക്കും മധ്യേ കാട്ടാനക്കൂട്ടത്തിന്റെ തലയെടുപ്പോടെ ഉയര്‍ന്നു നില്‍ക്കുന്ന പാറക്കെട്ടുകളും കോട്ടപ്പാറയെ വ്യത്യസ്‌തമാക്കുന്നു. അടിമാലി, പള്ളിവാസല്‍ പഞ്ചായത്തുകളെ തമ്മില്‍ വേര്‍തിരിക്കുന്ന മതില്‍ക്കെട്ടെന്ന പോലെ നിലകൊള്ളുന്ന കോട്ടപ്പാറ മല കാട്ടുച്ചെടികളുടെ വിളനിലം കൂടിയാണ്‌. മലമുകളിലെ കുളിര്‍ കാറ്റും കാഴ്‌ചമറക്കുന്ന കോടമഞ്ഞും മലമുകളിലെ ചെറുമരങ്ങള്‍ തീര്‍ക്കുന്ന തണലും സഞ്ചാരികള്‍ക്ക്‌ വേറിട്ടൊരനുഭവമാകും. ​കൊച്ചി–മധുര ദേശിയപാതയില്‍നിന്നും കല്ലാര്‍– കുരിശുപാറ വഴി സഞ്ചരിച്ചാല്‍ കോട്ടപ്പാറമലമുകളിലെത്താം. ചാഞ്ഞുകിടക്കുന്ന പുല്‍ക്കൊടികളെ വകഞ്ഞുമാറ്റി പരന്ന കിടക്കുന്ന പാറക്കുമുകളില്‍ എത്തിയാല്‍ മലകയറിയതിന്റെ ക്ഷീണം കാഴ്‌ച്ചക്കൊപ്പം കാറ്റില്‍ ലയിച്ചില്ലാതാകും. ഉയരെയുള്ള പാറക്കെട്ടുകള്‍ മാനത്തെ താങ്ങിനിര്‍ത്തുന്നുവെന്ന്‌ തോന്നലും യൂക്കാലിമരക്കൂട്ടങ്ങളും സന്ദര്‍ശകരുടെ മനസ്സു നിറക്കുന്നതാണ്. എത്ര പകര്‍ത്തിയാലും പിന്നെയും കാണാന്‍ ബാക്കി വയ്‌ക്കുന്ന കാഴ്‌ച്ചയുടെ അനന്ത സാധ്യത കോട്ടപ്പാറയിലേക്ക്‌ ഒരിക്കലെത്തിയവരെ വീണ്ടും ആകര്‍ഷിക്കും. സൂര്യാസ്തമയവും ഇവിടെ നിന്ന് കാണാനാവും. പച്ചപ്പില്‍ മുങ്ങിയ മലനാടിന്റെ വിദൂരത കണ്ടാസ്വദിക്കാന്‍ മധ്യവേനലവധിക്കാലത്ത്‌ സഞ്ചാരികള്‍ കൂടുതലായി എത്തുമെന്നാണ്‌ പ്രദേശവാസികളുടെ പ്രതീക്ഷ.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home