എസ്‌റ്റേറ്റിൽ ചുറ്റിത്തിരിയുന്നു
പടയപ്പയ്‌ക്ക് ജനവാസമേഖലതന്നെ പ്രിയം

ദേവികുളം ഫാക്ടറി ഡിവിഷനിലെത്തിയ പടയപ്പ
മൂന്നാർ
ജനവാസ മേഖലയിൽ പരിഭ്രാന്തി പരത്തി പടയപ്പ. കണ്ണൻ ദേവൻ കമ്പനി ദേവികുളം എസ്റ്റേറ്റ് ഫാക്ടറി ഡി വിഷനിലാണ് കഴിഞ്ഞ രാത്രി പടയപ്പ ഇറങ്ങിയത്. ലയത്തിന് സമീപമെത്തിയ കാട്ടാന തൊഴിലാളിയായ അയ്യപ്പന്റെ വീടിനു മുമ്പിലെ ഗേറ്റ് ചവിട്ടി പൊളിച്ചു. നാട്ടുകാർ ബഹളംവച്ച് ആനയെ ഓടിക്കാൻ ശ്രമിച്ചെങ്കിലും ഏറെ നേരം കഴിഞ്ഞാണ് മടങ്ങിയത്. ആർആർടി സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. ഒരു മാസമായി പടയപ്പ ദേവികുളം, ലാക്കാട് പ്രദേശങ്ങളിൽ ചുറ്റിത്തിരിഞ്ഞ് നടക്കുകയാണ്. തോട്ടത്തിൽ ജോലിക്ക് പോകുന്നവരും ഭയപ്പാടിൽ. പൊതുവെ അക്രമണകാരിയല്ല പടയപ്പ. എന്നാൽ ഭക്ഷണം തേടിയാണ് നാട്ടിൽ പതിവായി ഇറങ്ങുന്നത്. ചിലപ്പോൾ തൊഴുത്തിൽ കെട്ടിയിട്ടിട്ടുള്ള കന്നുകാലികളേയും ആക്രമിക്കാറുണ്ട്. വനം ഉദ്യോഗസ്ഥർ ഉചിത നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. പടയപ്പയെ കാട്ടിലേക്ക് ഓടിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.









0 comments