രാപ്പാർക്കാം മൺവീടുകളിൽ

എസ് ഇന്ദ്രജിത്ത്
Published on Aug 20, 2025, 12:18 AM | 2 min read
മറയൂർ
അഞ്ചുനാടിന്റെ മലമേഖലകളിൽ പ്രകൃതിയോടിണങ്ങി നിർമിക്കുന്ന മൺവീടുകൾ(മഡ്‌ഹൗസ്) സഞ്ചാരികൾക്ക് പുതുമയുള്ള താമസസൗകര്യമൊരുക്കുന്നു. പുല്ലും കളിമണ്ണും ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദമായി നിർമിച്ച വീടുകൾ കാഴ്ചയിലെ ഭംഗികൊണ്ടും സുഖശീതളമായ ആന്തരികാന്തരീക്ഷംകൊണ്ടും ശ്രദ്ധേയം. ആധുനിക സൗകര്യങ്ങളോടെ, പ്രകൃതിയോട് ചേർന്ന് ജീവിക്കാൻ ആഗ്രഹിക്കുന്നവർക്ക് മൺവീടുകൾ അനുയോജ്യമായ ഇടമാണ്. പരിസ്ഥിതി സൗഹൃദ ടൂറിസത്തിനും പുതിയ വഴികൾ തെളിക്കുകയാണ് മൺവീടുകൾ. മറയൂർ, കാന്തല്ലൂർ, കരയൂർ, കീഴാത്തൂർ, കൊട്ടകുടി എന്നീ ഗ്രാമങ്ങൾ ചേരുന്നതാണ് അഞ്ചുനാട്. മലനിരകളുടെ താഴ്‌വാരങ്ങളിലാണ് ഈ ഗ്രാമങ്ങൾ പടുത്തുയർത്തിയത്. 200 മുതൽ 400 വർഷം വരെ പഴക്കമുള്ള കുടിയേറ്റത്തിന്റെ ചരിത്രമാണ് അഞ്ചുനാടിന് പറയാനുള്ളത്. തട്ടുതട്ടുകളായി കൃഷിഭൂമികൾ തിരിച്ച് കൃഷി ആരംഭിച്ചു. ചെറുധാന്യങ്ങളും വിവിധതരം നെല്ലിനങ്ങളും ഗോതമ്പും കൃഷിചെയ്തുവന്നിരുന്നു. അതിജീവകാലത്ത് അഞ്ചുനാട്ടിലെ ഗ്രാമീണരുടെ അഭയം മൺവീടുകളായിരുന്നു. തണുപ്പുകാലത്തെ അതിജീവിക്കാനായി വീടിനുള്ളിൽ തീകൂട്ടുന്തിനുള്ള നിർമാണ വൈദഗ്‌ധ്യവും പൂർവികർ പ്രകടിപ്പിച്ചിരുന്നു. കാട്ടിൽനിന്ന് ബലമുള്ള മരങ്ങൾ മുറിച്ചെടുത്ത് തൂണുകൾ നാട്ടി, മുളകൾ കൂട്ടികെട്ടി അതിനുള്ളിൽ കളിമണ്ണ് നിറച്ചാണ് വീടുകൾ നിർമിച്ചിരുന്നത്. ചെളി ഉണങ്ങി വിള്ളലുകൾ വീഴുമ്പോൾ അവയ്ക്കുള്ളിലേക്ക് ചാണകം കലത്തിയ കളിമണ്ണ് നിറയ്‌ക്കും. പൂർണമായും വിള്ളലുകൾ അടച്ചശേഷം സ്വർണനിറമുള്ള മണ്ണുതേച്ച് മിനുസപ്പെടുത്തും.
മൺവീടുകളുടെ പ്രത്യേകതകൾ
പ്രാദേശിക വിഭവങ്ങൾ ഉപയോഗിച്ചാണ് ഇവ നിർമിക്കുന്നത്. മലനിരകളിൽനിന്ന് ലഭിക്കുന്ന പുല്ലും കളിമണ്ണുംചേർത്ത് പരമ്പരാഗത നിർമാണരീതിയിൽ രൂപപ്പെടുത്തുന്ന വീടുകൾ, തണുപ്പും ചൂടും സന്തുലിതമാക്കുന്ന പ്രകൃതിദത്ത ശീതീകരണ സംവിധാനം നൽകുന്നു. ഒറ്റനിലയിൽ നിർമിച്ച ഭൂരിഭാഗം മൺവീടുകളും ശീതകാല പച്ചക്കറി, പഴവർഗ ഫാമുകൾക്ക് സമീപമാണുള്ളത്. ഇത് സഞ്ചാരികൾക്ക് പ്രകൃതിയുടെ മനോഹാരിതയ്‌ക്കൊപ്പം കാർഷിക ജീവിതത്തിന്റെ സംസ്‌കാരംകൂടി പകർന്നുനൽകുന്നു. ആധുനിക സൗകര്യങ്ങളായ വൈദ്യുതി, വൈ-ഫൈ എന്നിവയ്‌ക്കൊപ്പം സുഖപ്രദമായ കിടക്കകൾ, ശുചിമുറികൾ എന്നിവയും മൺവീടുകളിൽ ലഭ്യമാണ്. ഇവയുടെ നിർമാണച്ചെലവും പരിപാലനച്ചെലവും താരതമ്യേന ഉയർന്നതാണെങ്കിലും, സഞ്ചാരികളുടെ തിരക്ക് കാരണം മേഖലയിൽ നൂറോളം മൺവീടുകൾ ഇതിനോടകം നിർമിക്കപ്പെട്ടിട്ടുണ്ട്.
ടൂറിസത്തിന് പുത്തൻ ഉണർവ്
വിദേശികൾ ഉൾപ്പെടെയുള്ള സഞ്ചാരികൾക്ക് വേറിട്ടൊരു അനുഭവമാണ് മൺവീടുകൾ. അഞ്ചുനാടിന്റെ ശീതളിമയും ചുറ്റുമുള്ള മലനിരകളും മറയൂരിന്റെ ചന്ദനമരങ്ങളും കാന്തല്ലൂരിന്റെ ആപ്പിൾ തോട്ടങ്ങളും സന്ദർശകർക്ക് പ്രകൃതിയോട് അടുത്തിടപഴകാനുള്ള അവസരം നൽകുന്നു. ശാന്തമായ അന്തരീക്ഷത്തിൽ, മൺവീടുകളിൽ താമസിച്ച്, പ്രകൃതിയുടെ ഭംഗി ആസ്വദിക്കുന്നത് ഏതൊരു യാത്രികനും മറക്കാനാവാത്ത ഓർമകൾ സമ്മാനിക്കും. മറയൂർ-, കാന്തല്ലൂർ മേഖലയിലെ ടൂറിസം വ്യവസായത്തിന് മൺവീടുകൾ പുതിയൊരു മുഖം നൽകിയിട്ടുണ്ട്. പരിസ്ഥിതി സൗഹൃദ ടൂറിസത്തിന്റെ(ഇക്കോ-ടൂറിസം) ഭാഗമായി, ഈ മൺവീടുകൾ പ്രാദേശിക സമൂഹത്തിന് സാമ്പത്തികനേട്ടവും തൊഴിൽ അവസരങ്ങളും നൽകുന്നു. സഞ്ചാരികളുടെ താൽപ്പര്യം കണക്കിലെടുത്ത്, കൂടുതൽ മൺവീടുകൾ നിർമിക്കപ്പെടുന്നുണ്ട്. പരിസ്ഥിതി സംരക്ഷണത്തോടൊപ്പം, പ്രാദേശിക സംസ്കാരവും പൈതൃകവും സന്ദർശകർക്ക് പരിചയപ്പെടുത്തുന്നതിന് ഈ വീടുകൾ വലിയ പങ്കാണ് വഹിക്കുന്നത്. മൺവീടുകളിൽ താമസിക്കുന്നവർക്ക് പ്രാദേശിക ഭക്ഷണവും(നാടൻ ഭക്ഷണം) ലഭ്യമാക്കുന്നതിനാൽ, ഇവിടുത്തെ കാർഷിക ഉൽപ്പന്നങ്ങൾക്കും ഡിമാൻഡ് വർധിക്കുന്നു.









0 comments