ad
Deshabhimani

ഉപ്പുകുന്നിലെ ഫ്രെയിമില്‍ കാഴ്‍ചകളേറെ

uppukunnu

ഉപ്പുകുന്ന് വ്യൂ പോയിന്റ്

avatar
എ ആര്‍ അനീഷ്

Published on Oct 07, 2025, 12:15 AM | 1 min read

മൂലമറ്റം

മനവും മിഴിയും നിറയ്‍ക്കുന്ന മലനിരകളുടെ മനോഹാരിത. കാഴ്‍ചകളുടെ കഥകള്‍ പറയുന്ന നനുത്ത മഞ്ഞും സഞ്ചാരികള്‍ക്കായി ഈണമിടുന്ന ഈറൻകാറ്റും ഒരുക്കുന്നത് കുളിരുള്ള അന്തരീക്ഷം. കണ്ണെത്താ ദൂരം വ്യാപിച്ചുകിടക്കുന്ന പച്ചപ്പുനിറഞ്ഞ കുന്നുകളും താഴ്‌വരകളും. ദൂരെയല്ല, ഇങ്ങ് കുളമാവ് അണക്കെട്ടിനടുത്താണ് ദൂരക്കാഴ്‍ചയുടെ മണിച്ചെപ്പ് തുറക്കുന്ന "ഉപ്പുകുന്ന്'. സഞ്ചാരികളുടെ സ്ഥിരം ഡെസ്റ്റിനേഷനുകളുടെ പട്ടികയില്‍ ഇല്ലെങ്കിലും കാണേണ്ടയിടം തന്നെ. സമുദ്രനിരപ്പില്‍നിന്ന് 3200 അടി ഉയരത്തിലാണ് ഉപ്പുകുന്ന്. പ്രധാന റോഡിൽനിന്നേ കണ്ണഞ്ചിപ്പിക്കുന്ന കാഴ്‍ചകളുണ്ട്. മൊട്ടക്കുന്നുകളും കാറ്റും മഞ്ഞുമെല്ലാം നിറഞ്ഞൊരിടം. ഇവിടെയെത്തിയിട്ടുള്ളവര്‍ ഉപ്പുകുന്നിന് മറ്റൊരു പേരുമിട്ടു, "കേരളത്തിന്റെ സ്വിറ്റ്‍സര്‍ലൻഡ്'. സംസ്ഥാനത്ത് മറ്റ് പല സ്ഥലങ്ങള്‍ക്കും ഈ പേരുണ്ടെങ്കിലും ഉപ്പുകുന്നിനാണ് ചേര്‍ച്ചയെന്ന് ഇവിടെയെത്തിയാല്‍ ഉറപ്പിക്കാം. അരുവിപ്പാറ, മുറംകെട്ടിപ്പാറ എന്നീ മൊട്ടക്കുന്നുകൾ ഉൾപ്പെട്ടതാണ് ഉപ്പുകുന്ന്. ഉപ്പുചരൽ പോലെ വെള്ളാരം കല്ല് ചിതറിക്കിടക്കുന്നതിനാലാണ് ഈ പേര് വന്നതെന്നാണ് പറയുന്നത്. മൊട്ടക്കുന്നുകളിൽ കയറിയാൽ കുളമാവ് ഡാം, ചെറുതേൻമാരി വെള്ളച്ചാട്ടം, മലങ്കര ജലാശയം, പൂമാല, കുടയത്തൂർ, അറക്കുളം തുമ്പച്ചീ എന്നീ സ്ഥലങ്ങളുടെ വിദൂരക്കാഴ്‍ച. കൊക്കകളും ചെങ്കുത്തായ പാറകളും ഉള്ളതിനാൽ ജാഗ്രതവേണം. പുൽമേടുകളിൽ മേയാൻ കാട്ടനക്കൂട്ടങ്ങളും കാട്ടുപോത്തും കുരങ്ങന്മാരുമൊക്കെ എത്താറുണ്ട്. വെള്ളിമൂങ്ങ, ഇടുക്കി ഗോൾഡ് എന്നീ സിനിമകൾക്ക് ഇവിടം ലൊക്കേഷനുമായി. പ്രകൃതിയുടെ ശാന്തതയിൽ മുഴുകാൻ അനുയോജ്യമാണ് ഉപ്പുകുന്ന്. തൊട്ടടുത്ത് ഒരു ക്ഷേത്രവുമുണ്ട്. ഇവിടിരുന്നാല്‍ സൂര്യാസ്‍തമയവും കാണാം. തൊടുപുഴ പുളിയന്മല സംസ്ഥാന പാതയിലെ പാറമടയിൽനിന്നും ഉപ്പുകുന്നിലേക്ക് ഒരു തിരിവുണ്ട്. റോഡ് ഇടുങ്ങിയതാണെങ്കിലും ബസ് റൂട്ടാണ്. രണ്ടുകിലോമീറ്ററേയുള്ളു. ട്രക്കിങ്ങിനും പറ്റിയയിടം. തൊടുപുഴയിൽനിന്ന് കരിമണ്ണൂർ, ഉടുമ്പന്നൂർ, ചീനിക്കുഴി, പെരിങ്ങാശ്ശേരി വഴി 34 കിലോമീറ്റർ സഞ്ചരിച്ചാൽ ഉപ്പുകുന്നിലെത്താം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home