ജില്ലാ വികസന സമിതിയോഗം
മഴക്കെടുതി: നാശനഷ്ടം വിലയിരുത്തി ഉടൻ റിപ്പോര്‍ട്ട് നൽകണം

കലക്ടറേറ്റിൽ ചേർന്ന ജില്ലാ വികസന സമിതി യോഗം
ഇടുക്കി
മഴക്കെടുതിയിലുണ്ടായ നാശനഷ്ടം വിലയിരുത്തി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എല്ലാ വകുപ്പുകളോടും ജില്ലാ വികസന സമിതി യോഗം നിര്‍ദേശിച്ചു. കഴിഞ്ഞയാഴ്‌ച ഉണ്ടായ കനത്ത മഴയിലും ഉരുള്‍പൊട്ടലിലും വ്യാപക നാശനഷ്ടങ്ങള്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൃഷി നാശം സംബന്ധിച്ചതിന്റെ കണക്കെടുക്കാനും എഡിഎം ഷൈജു പി ജേക്കബിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം നിര്‍ദേശിച്ചു. പല സ്ഥലത്തും റോഡുകളുടെ അരികിടിഞ്ഞു പോയതിനാല്‍ ഇത്തരം സ്ഥലങ്ങളില്‍ അപകട സാധ്യത മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാനും യോഗം നിര്‍ദേശിച്ചു. അപകട സാധ്യത മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി നടന്നുകൊണ്ടിരിക്കുകയാണെന്ന് എക്‌സിക്യൂട്ടീവ് എൻജിനിയര്‍, പൊതുമരാമത്ത്(നിരത്തുകള്‍) വിഭാഗം അറിയിച്ചു. പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. എന്‍എച്ച് 85 ന്റെ പ്രവൃത്തിയുമായി ബന്ധപ്പെട്ട് വലിയ യന്ത്രസാമഗ്രികള്‍ നിര്‍ത്തിയിട്ടിയിരിക്കുന്നതിനാല്‍ സീസണ്‍ സമയത്ത് വലിയ രീതിയില്‍ ഗതാഗതതടസം ഉണ്ടാകുന്നുണ്ടെന്ന പരാതിയില്‍ അധികൃതരോട് റിപ്പോര്‍ട്ട് തേടും. ഇത്തരം സമയങ്ങളില്‍ പ്രവൃത്തി നിര്‍ത്തിവെക്കണമെന്ന് അഡ്വ. എ രാജ എംഎല്‍എ ആവശ്യപ്പെട്ടിരുന്നു.
ഇടമലക്കുടിയിലെ വീടുകൾ പൂർത്തിയാക്കാൻനടപടി
ഇടമലക്കുടിയിലെ നിര്‍മാണം പൂര്‍ത്തിയാക്കാത്ത 58 വീടുകളുടെ ബലക്ഷമത സംബന്ധിച്ച് ടെക്‌നിക്കല്‍ കമ്മിറ്റി അടിയന്തരമായി പരിശോധന നടത്തും. കാലാവസ്ഥ പ്രതികൂലമായതിനാലാണ് ടെക്‌നിക്കല്‍ കമ്മിറ്റിക്ക് പരിശോധന ആരംഭിക്കാന്‍ സാധിക്കാത്തതെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇടമലക്കുടിയില്‍ പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ള മൂന്ന് കിലോ മീറ്റർ റോഡ് നിര്‍മാണവും ഒരാഴ്ചക്കുള്ളില്‍ ആരംഭിക്കും.
തൊഴിലാളി വാഹനങ്ങളിൽ പരിശോധന
തോട്ടം തൊഴിലാളികളെ കുത്തിനിറച്ചെത്തുന്ന തമിഴ്‌നാട്ടിലെ വാഹനങ്ങൾ പരിശോധിക്കും. കട്ടപ്പന, നെടുങ്കണ്ടം, കുമളി, കമ്പംമെട്ട് തുടങ്ങിയ സ്ഥലങ്ങളിലും സമീപത്തുള്ള മറ്റ് സ്ഥലങ്ങളിലും ഇതര വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഇതുമൂലം കടുത്ത ബുദ്ധിമുട്ടുണ്ടാകുന്നുവെന്ന പരാതിയെ തുടർന്നാണ് നടപടി. വാഹനങ്ങളുടെ ഫിറ്റ്‌നസ്, ലൈസന്‍സ് തുടങ്ങിയ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് മോട്ടോര്‍ വാഹന വകുപ്പ് കര്‍ശനമായ പരിശോധന നടത്തും.
അതിഥി ആപ്പ്
അതിഥി ആപ്പ് വഴി 27,973 പേര്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി വികസന സമിതി യോഗത്തിൽ തൊഴിൽ വകുപ്പ് അറിയിച്ചു. അതിഥിത്തൊഴിലാളികളുടെ ഇടയിലെ മദ്യം, ലഹരി വസ്തുക്കളുടെ ഉപയോഗം, അക്രമം, മറ്റ് ക്രമസമാധാന പ്രശ്‌നങ്ങള്‍ എന്നിവ സാമൂഹിക ജീവിതത്തെ സാരമായി ബാധിക്കുന്നതായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍നിന്നും പരാതി ഉയര്‍ന്നിരുന്നു. ഇൗ സാഹചര്യത്തില്‍ തൊഴില്‍ വകുപ്പ്, ആരോഗ്യ വകുപ്പ്, പൊലീസ് എന്നിവരുടെ കര്‍ക്കശമായ പരിശോധനയും നിയന്ത്രണവും ഉണ്ടാകും.
61 അങ്കണവാടികൾക്ക് സ്ഥലം
വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന 61 അങ്കണവാടികള്‍ക്ക് സ്ഥലം ലഭ്യമാക്കും. ഇതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക യോഗം വിളിച്ചു ചേര്‍ക്കാനും യോഗം തീരുമാനിച്ചു. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഹോം സ്റ്റേകള്‍, സ്വകാര്യ ഭൂമിയിലെ വെള്ളച്ചാട്ടങ്ങള്‍ കേന്ദ്രീകരിച്ചുള്ള അനധികൃത പ്രവർത്തനങ്ങൾ എന്നിവയും യോഗം ചർച്ചചെയ്‌തു. ഇവയുടെ തദേശഭരണ സ്ഥാപനം തിരിച്ചുള്ള ലിസ്റ്റ് തയ്യാറാക്കണം. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഹോം സ്റ്റേകള്‍ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാംകുന്നേല്‍, വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹന്‍കുമാര്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ ടി ജ്യോതിമോള്‍ എന്നിവര്‍ പങ്കെടുത്തു.










0 comments