കൺമുന്നിൽ ജീവിതം മുങ്ങിമറഞ്ഞു

അനീസയും അംനയും സർട്ടിഫിക്കറ്റുകൾ ഉണക്കുന്നു
നെടുങ്കണ്ടം
അനീസയ്ക്കും അംനയ്ക്കും ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല, കിടന്നുറങ്ങിയ വീട്ടിൽ മലവെള്ളം കയറിയിറങ്ങി സർവതും നശിപ്പിച്ചെന്ന്. വീടിനെ മുക്കും മുമ്പ് തലനാരിഴയ്ക്കാണ് ഇരുവരും രക്ഷപ്പെട്ടത്. മുണ്ടിയെരുമ കൊല്ലനോലിൽ തടത്തിൽ മുഹമ്മദ് റാഫിയുടെ ഇളയ മക്കളാണ് അനീസയും അംനയും. ശനി പുലർച്ചെ മൂന്നോടെയാണ് റാഫിയുടെ വീട്ടിൽ വെള്ളംകയറിയത്. റാഫിയും ഭാര്യയും ആലുവയിൽ പഠിക്കുന്ന മൂത്തമകൾ ആദിലയെ കൂട്ടിക്കൊണ്ടുവരാൻ പോയിരിക്കുകയായിരുന്നു. കുട്ടികൾക്ക് കൂട്ടായി കുഞ്ഞാത്ത താഹ വീട്ടിലുണ്ടായിരുന്നു. വെള്ളം ഉയർന്നപ്പോൾ താഹ കുട്ടികളെയും കൂട്ടി പുറത്തേക്കോടി. വീട്ടിൽനിന്ന് ഒന്നും എടുക്കാനായില്ല. വീട് മുങ്ങുന്നത് മൂവരും ഇരുട്ടിലും കണ്ടുനിന്നു. മുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ വെള്ളത്തിൽ മുങ്ങി. വീട്ടുപകരണങ്ങൾ നശിച്ചു. കുട്ടികളുടെ സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും നനഞ്ഞ് കുതിർന്നു. വെള്ളമിറങ്ങിയപ്പോൾ വെയിലിൽ സഹോദരിമാർ സർട്ടിഫിക്കറ്റുകൾ ഉണക്കിയെടുത്തു. തീർത്തും നശിച്ചവയും ഇക്കൂട്ടത്തിലുണ്ട്. അനീസ പ്ലസ് വണ്ണിലും അംന അഞ്ചിലുമാണ് പഠിക്കുന്നത്. പ്രദേശത്ത് മറ്റ് നാലുവീടുകളിൽ കൂടി വെള്ളം കയറിയിട്ടുണ്ട്. ബ്ലോക്ക് നമ്പർ 190ൽ സി ബി കാസിം, കെ എൻ ഷംനാദ്, എം സി ഷൈജു, പാലയ്ക്കാപറമ്പിൽ പി ടി ശശി എന്നിവരും കുടുംബവുമാണ് രാത്രി വീടുവിട്ടിറങ്ങിയത്. വീട്ടുപകരണങ്ങൾ, നിത്യോപയോഗ സാധനങ്ങൾ തുടങ്ങി ഒന്നുമൊന്നും ബാക്കിയില്ലാതെ നഷ്ടമായി. എല്ലാവർക്കും അഭയമൊരുക്കിയത് ഇടത്തിയിൽ സി എസ് അബ്ദുള്ളയുടെ വീട്ടിൽ. ശനി പകൽ വീട്ടുടമകൾ വീടുകൾ വൃത്തിയാക്കുമ്പോൾ ഇവർക്കെല്ലാമുള്ള ഭക്ഷണം അബ്ദുള്ളയുടെ വീട്ടിൽ ഒരുങ്ങുന്നുണ്ടായിരുന്നു.










0 comments