മണ്ണില്‍ കാലുറപ്പിച്ച് കുശേലകുമാര്‍

കുശേലകുമാര്‍

സ്വന്തം ലേഖകൻ
Published on Sep 08, 2025, 12:15 AM | 1 min read
മറയൂർ
മണ്ണിനെ പൊന്നുപോലെ കാത്താല്‍ ആ മണ്ണ് വേണ്ടുവോളം തിരികെ തരുമെന്ന് തെളിയിക്കുകയാണ് കാന്തല്ലൂര്‍ നാക്കുപെട്ടി ആദിവാസി ഉന്നതിയിലെ കുശേലകുമാര്‍. രണ്ട് കാലുകള്‍ക്കും ജന്മനാ ഉണ്ടായ ശേഷിക്കുറവിനെ വെല്ലുവിളിച്ച് മണ്ണില്‍ വിളകളുടെ വേരുറപ്പിക്കുകയാണ് ഈ 40കാരൻ. കുന്നിൻചെരിവായ ഭൂമിയിലെ വീടിന് ചുറ്റും വളരുന്ന വിളകള്‍ ആരെയും അതിശയിപ്പിക്കും. തെങ്ങ്, വാഴ, കാപ്പി, കുരുമുളക്, പച്ചമുളക്, വഴുതനങ്ങ തുടങ്ങിയ കൃഷികളാല്‍ സമൃദ്ധമാണിവിടം. കുശേലകുമാറിന് അരയ്‍ക്ക് താഴേയ്‌ക്ക് പൂര്‍ണമായും ശേഷിയില്ല. ഒറ്റയ്‍ക്കാണ് താമസം. ജീവിതത്തില്‍ കൃഷിക്കാണ് എപ്പോഴും മുൻതൂക്കം. കൃഷിസ്ഥലം ഒരുക്കുന്നത് മുതൽ അതിനെ പരിപാലിക്കുന്നതുവരെ എല്ലാം കുശേലകുമാർ കൃത്യമായി ചെയ്തുവരുന്നു. കൃഷിക്കാവശ്യമായ വെള്ളമെത്തിക്കുന്നതിന് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായമുണ്ട്. വിത്തുകള്‍ കൃഷിഭവനില്‍ ബന്ധപ്പെട്ട് എത്തിക്കും. കളകള്‍ പോലും വളരാൻ സമ്മതിക്കാതെ ഇമവെട്ടാതെ കാക്കുകയാണ് കുശേലകുമാര്‍ തന്റെ കൃഷിയിടത്തെ. കാപ്പിയും കുരുമുളകും വിളവ് എത്തിയതിനാൽ ചെറിയ വരുമാനമുണ്ട്. ഒരുവർഷം കൂടി കഴിഞ്ഞാൽ മറ്റ് വിളകൾ വിളവെത്തും.









0 comments