മറയൂർ ശർക്കരയ്‌ക്ക് ഇനി സാങ്കേതിക വിദ്യയുടെ സഹായം


സ്വന്തം ലേഖകൻ
Published on Mar 03, 2025, 12:25 AM | 1 min read
മറയൂർ : മറയൂരിലെ പരമ്പരാഗത കരിമ്പ് കർഷകർക്ക് ശർക്കര ഉൽപ്പാദന ചെലവ് കുറയ്‌ക്കാൻ സഹായിക്കുന്ന സാങ്കേതിക വിദ്യയുമായി സയൻസ് ആൻഡ് ടെക്നോളജി വകുപ്പ്. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ അനുശാസിക്കുന്ന ഗുണനിലവാരത്തിലുള്ള ശർക്കര ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന സാങ്കേതികവിദ്യയാണ് പുറത്തിറക്കിയത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ് പ്രവീൺ രാജ് കാന്തല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് പി ടി തങ്കച്ചൻ, മഹാഡ് സ്വാശ്രയ സംഘം സെക്രട്ടറി എസ് ഇന്ദ്രജിത്ത് എന്നിവർക്ക് സാങ്കേതികവിദ്യയുടെ രേഖകളും ധാരണാപത്രവും കൈമാറി.
കാന്തല്ലൂർ പഞ്ചായത്തിലെ ശർക്കര നിർമാണ യൂണിറ്റിന്റെ നടത്തിപ്പ് ചുമതല മറയൂർ ശർക്കരയുടെ അംഗീകൃത ജിഐ (ഓഥറൈസ്ഡ് യൂസർ) പദവിയുള്ള മറയൂർ ഹിൽസ് അഗ്രിക്കൾച്ചർ ഡെവലപ്പ്മെന്റ് സൊസൈറ്റിക്കാണ്.
തുടർന്ന് നടന്ന പരിശീലന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് പി ടി തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കൊച്ചുത്രേസ്യ മാത്യു അധ്യക്ഷയായി. പഞ്ചായത്തംഗങ്ങളായ കാർത്യായനി, രാമലക്ഷ്‌മി, അംബിക രഞ്ജിത്ത്, സിപിഐ എം ഏരിയ സെക്രട്ടറി വി സിജിമോൻ എന്നിവർ സംസാരിച്ചു. മറയൂർ ശർക്കരയുടെ കയറ്റുമതി സംബന്ധിച്ച് അപ്പീഡ കൊച്ചി റീജണൽ ഓഫീസർ ആർ ആൽബിൻ, പ്രമോഷൻ ആൻഡ് മാർക്കറ്റിങ് എന്ന വിഷയത്തിൽ ആർ എസ് പ്രവീൺ രാജ്, ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ എന്ന വിഷയത്തിൽ ഡോ. എം വി രേഷ്‌മ, ശർക്കര നിർമാണത്തിലെ പരിവർത്തനം എന്ന വിഷയത്തിൽ ടി വെങ്കിടേഷ് എന്നിവർ ക്ലാസുകൾ നയിച്ചു.










0 comments