സഞ്ചാരികൾ വലയുന്നു
ഒമ്പതാർ ചെക്ക്‍പോസ്റ്റിൽ അനധികൃത പണപ്പിരിവ്

ഒമ്പതാർ ചെക്ക് പോസ്റ്റിന് സമീപം വാഹനങ്ങളുടെ നീണ്ട നിര

സ്വന്തം ലേഖകൻ
Published on Sep 05, 2025, 12:15 AM | 1 min read
മറയൂർ
ദേശീയപാതയിലെ ടോൾ പിരിവിന് സമാനമായി ഉടുമൽപ്പേട്ട–മൂന്നാർ അന്തർസംസ്ഥാന പാതയിൽ ടോൾ പിരിവുമായി തമിഴ്നാട് വനം വകുപ്പ്. ആനമുടി കടുവാസങ്കേതം ആരംഭിക്കുന്ന ഒമ്പതാർ വനംവകുപ്പിന്റെ ചെക്ക് പോസ്റ്റിലാണ് കേരളത്തിലേക്കുള്ള വാഹനങ്ങളിലെ സഞ്ചാരികളിൽനിന്ന് പ്രവേശന ചുങ്കം പിരിക്കുന്നത്. ഫാസ്റ്റ് ട്രാക്ക് സംവിധാനത്തോടെ ചെറുവാഹനങ്ങൾക്ക് 50 രൂപയും വലിയ വാഹനങ്ങൾക്ക് 100 രൂപയുമാണ് ഇൗടാക്കുന്നത്. അനധികൃത പണപ്പിരിവിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. പണം അടയ്ക്കുന്നതിന് താമസം നേരിടുന്നതിനാൽ വനപാതയിൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്. ഒമ്പതാറിൽനിന്ന് കേരള അതിർത്തിയായ ചിന്നാർവരെ തമിഴ്നാട് ആനമല കടുവാസങ്കേതത്തിലൂടെ 15 കിലോമീറ്റർ ദൂരം മാത്രമാണ് അന്തർസംസ്ഥാന പാത കടന്നുപോകുന്നത്. കേരള അതിർത്തിയിൽ 16 കിലോമീറ്റർ ചിന്നാർ വന്യജീവി സങ്കേതത്തിൽ കൂടി യാത്ര ചെയ്താൽ മറയൂരിലെത്താം. തമിഴ്നാട് അതിർത്തിയിലെ പാത തകർന്ന നിലയിലാണ്. വീതി കുറവായതിനാൽ വാഹനത്തിരക്കുണ്ടായാൽ നിരങ്ങി സഞ്ചരിക്കണം. റോഡ് നവീകരിക്കാൻ അനുമതി നൽകാതെയാണ് വനം വകുപ്പിന്റെ അനധികൃത പിരിവ്. നിയമവിരുദ്ധ പിരിവ് അന്തർ സംസ്ഥാന പാതകളിൽ എവിടെയും ടോൾ പിരിവില്ല. ടോൾ ഏർപ്പെടുത്തണമെങ്കിൽ ഉന്നതതല ഉത്തരവ് ആവശ്യമാണ്. ഇതൊന്നുമില്ലാതെ നിയമവിരുദ്ധമായിട്ടാണ് ഒമ്പതാറിൽ പ്രവേശന ചുങ്കം പിരിക്കുന്നത്. 2025 ഏപ്രിൽ മുതലാണ് പ്രത്യേക ക്യാമറകൾ സ്ഥാപിച്ച് ഫാസ്റ്റ് ട്രാക്ക് സംവിധാനത്തിലൂടെ പിരിവ് ആരംഭിച്ചത്. ഒരുവർഷം മുമ്പുമുതൽ നേരിട്ട് പണം ഈടാക്കി വന്നിരുന്നു. മറയൂർ, കാന്തല്ലൂർ മേഖലയിലുള്ളവർ പ്രതിഷേധിച്ചതിനെത്തുടർന്ന് ക്യാമറയിൽപ്പെടാതെ കടന്നുപോകാനാണ് അധികൃതർ നിർദേശിച്ചത്. പാതയിൽ ചുങ്കം പിരിക്കാൻ വനം വകുപ്പിന് നിയമപരമായി അവകാശമില്ല. അവധി ദിവസങ്ങളിൽ നൂറുകണക്കിന് വാഹനങ്ങളാണ് പാതയിലൂടെ കടന്നുപോകുന്നത്. ഡീൻ കുര്യാക്കോസ് എംപിയും ഉടുമൽപ്പേട്ട എംഎൽഎ ഉടുമലൈ രാധാകൃഷ്ണനും അധികൃതരുമായി ചർച്ചകൾ നടത്തിയെങ്കിലും പരിഹാരമുണ്ടായില്ല. അടിയന്തരമായി തമിഴ്നാട് വനം വകുപ്പിന്റെ അനധികൃത പ്രവേശന ചുങ്കം അവസാനിപ്പിക്കാൻ ഇടപെടണമെന്നാണ് സഞ്ചാരികളുടെആവശ്യം.









0 comments