അഞ്ചുനാടിന് ജൈവകൃഷിപാഠം പകർന്നുനൽകിയ പ്രതിഭ

നടൻ ശ്രീനിവാസനോടൊപ്പം മറയൂരിലെ പരമ്പരാഗത ജൈവകർഷകനായ ബാബു തോമസ്
മറയൂർ
ജൈവകൃഷിപാഠം പകർന്നുനൽകിയ പ്രിയങ്കരനായ പ്രതിഭയുടെ വേർപാടിന്റെ വേദനയിൽ അഞ്ചുനാട്ടിലെ കർഷകർക്കും നാട്ടുകാരും. മറയൂർ മലനിരകളിലെ കർഷകർക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിയായിരുന്നു നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ. ചലച്ചിത്രലോകത്തെ തിരക്കുകൾക്കിടയിലും കൃഷിയോടുള്ള അദേഹത്തിന്റെ അടങ്ങാത്ത സ്നേഹം മറയൂരിന്റെ മണ്ണിൽ ആഴത്തിൽ വേരോടി. മറയൂരിൽ ഭൂമി പാട്ടത്തിനെടുത്ത് കുർക്കുമ, ഞാലിപ്പൂവൻ വാഴ, കാരറ്റ്, കാബേജ്, കോളിഫ്ലവർ, ബീൻസ് തുടങ്ങിയവ ജൈവരീതിയിൽ വിളയിച്ച് സ്വന്തം ആവശ്യത്തിനും വിപണിയിലെത്തിച്ചും കർഷകജീവിതത്തെ പ്രണയിച്ചു. കീടനാശിനികളും രാസവസ്തുക്കളും പൂർണമായി ഒഴിവാക്കി ശർക്കര നിർമിക്കാൻ മറയൂരിലെ കർഷകർക്ക് പ്രചോദനമായത് ശ്രീനിവാസന്റെ ഇടപെടലാണ്. ചലച്ചിത്രമേഖലയിലെ തിരക്കുകൾ മാറ്റിവച്ച് മറയൂർ ചന്ദന റിസർവ് വനത്തിനുള്ളിലെ പുറവയലിലെ കൃഷിഭൂമിയിൽ നിരവധി തവണ എത്തിയിരുന്നു.
നടന് വേണ്ടി കൃഷിഭൂമി പാട്ടത്തിനു നൽകിയത് മറയൂരിലെ പരമ്പരാഗത കർഷകകുടുംബമായ വട്ടവയലിലെ ബാബു തോമസാണ്. കൃഷിഭൂമി അന്വേഷിച്ചെത്തിയ ശ്രീനിവാസൻ പിന്നീട് അവരുടെ കുടുംബസുഹൃത്തായി മാറി. ആദിവാസി ഊരുകളിൽനിന്നുള്ള കാർഷിക ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ വനംവകുപ്പ് ആരംഭിച്ചതാണ്‌ചില്ല വിപണി. അവിടേക്കുള്ള സന്ദർശനം പ്രാരംഭഘട്ടത്തിലുള്ള വിപണിയിലേക്ക് നിരവധി വ്യാപാരികളെ എത്തിക്കുകയും പ്രശസ്തി നേടുകയും ചെയ്തു. 2014 മുതൽ രോഗബാധിതനാകുന്നതുവരെ മിക്ക വ്യാഴാഴ്ചകളിലും മറയൂരിലെത്തിയിരുന്നു. കാർഷിക ഉൽപ്പന്നങ്ങൾ ബാബു തോമസ് മുഖേന വാങ്ങി വിപണിയിലെത്തിച്ച് കർഷകർക്ക് സഹായമേകുകയും ചെയ്തു. ജൈവകൃഷിയുടെ പ്രാധാന്യവും പ്രസക്തിയും ആരോഗ്യകരമായ ഭക്ഷണം ഔഷധംതന്നെയാണെന്ന പാഠവും പകർന്നുനൽകി. നടന്റെ വിയോഗത്തിൽ അതീവ ദുഃഖിതരാണ് ബാബു തോമസും ഭാര്യ സിനിയും മറയൂരിലെ കർഷകരും.









0 comments