പൂക്കളിൽനിന്ന് കായ്‍കളിലേക്ക്
കാന്തല്ലൂരിൽ ആപ്പിൾ വസന്തം

കീഴാന്തൂർ സ്വദേശി മാധവന്റെ തോട്ടത്തിലെ ആപ്പിൾ
എസ് ഇന്ദ്രജിത്ത്
Published on Apr 21, 2026, 12:15 AM | 1 min read
മറയൂർ
കേരളത്തിലെ ഏക ആപ്പിൾ ഗ്രാമമായ കാന്തല്ലൂരിന്റെ താഴ്‌വാരങ്ങളിൽ ആപ്പിൾ മരങ്ങൾ പൂവിട്ട് നിറഞ്ഞു. ചിലയിടങ്ങളിൽ പൂക്കൾ കായ്‍കളായും മാറി. കീഴാന്തൂർ ഭാഗത്തെ ആപ്പിൾ തോട്ടങ്ങളിൽ ഈ മാറ്റം കൂടുതലാണ്. കീഴാന്തൂർ സ്വദേശി മാധവന്റെ തോട്ടത്തിലും ഇതുതന്നെയാണ് കാഴ്‍ച. മേയ്-, ജൂൺ മാസങ്ങളിലാണ് സാധാരണയായി ആപ്പിൾ പൂക്കൾ കായ്‍കളാകുന്നത്. 3500 അടി ഉയരത്തിലുള്ള കാന്തല്ലൂരിന്റെ തണുത്ത കാലാവസ്ഥയും ഫലഭൂയിഷ്ടമായ മണ്ണും ആപ്പിൾ കൃഷിക്ക് അനുയോജ്യമാണ്. ജനുവരി-, ഫെബ്രുവരി മാസങ്ങളിലാണ് സാധാരണയായി മരങ്ങൾ പൂക്കുന്നത്. ഇപ്പോൾ പൂക്കൾ നിറഞ്ഞ് ചില മരങ്ങളിൽ ചെറിയ പഴങ്ങൾ കാണാൻ തുടങ്ങി. ജൂലൈ, ആഗസ്‍ത് മാസങ്ങളോടെ പഴങ്ങൾ പൂർണമായി പാകമാവുമെന്നാണ് കർഷകരുടെ പ്രതീക്ഷ. ചുവപ്പ്, പച്ച നിറങ്ങളിലുള്ള ആപ്പിളുകളാണ് ഇവിടെ പ്രധാനമായും കൃഷി. റോയൽ ഡെലീഷ്യസ്, ഗ്രാനി സ്മിത്ത്, ഗ്രാനി ഗോൾഡ് തുടങ്ങിയ ജനപ്രിയ ഇനങ്ങളും കാന്തല്ലൂരിലെ തോട്ടങ്ങളിൽ വിളയുന്നുണ്ട്. ഒരു മരത്തിൽനിന്ന് ശരാശരി 30 മുതൽ 50 കിലോ വരെ വിളവ് ലഭിക്കും. കാശ്മീരിൽനിന്ന് തൈകൾ കൊണ്ടുവന്ന് നട്ട് വിജയകരമായി ആപ്പിൾ കൃഷി ആരംഭിച്ച കർഷകർ ഇന്ന് ഈ കൃഷിയെ വ്യാവസായിക അടിസ്ഥാനത്തിൽ മുന്നോട്ട് കൊണ്ടുപോകുന്നു. ഇന്ത്യയിലെ മികച്ച ടൂറിസം വില്ലേജിനുള്ള ഗോൾഡൻ പുരസ്കാരം നേടിയ കാന്തല്ലൂരിലെത്തുന്ന സഞ്ചാരികൾക്ക് ആപ്പിൾ തോട്ടങ്ങളിലൂടെ നടന്ന്, പഴുത്ത ആപ്പിളുകൾ നേരിട്ട് രുചിച്ച് നോക്കാനുള്ള അവസരവുമുണ്ട്. മധ്യവേനലവധിയിൽ കാന്തല്ലൂരിലെത്തുന്ന സഞ്ചാരികൾക്ക് ആപ്പിൾ പൂക്കളും ചെറിയ കായ്‍കളും കാണാനുള്ള തിരക്കാണ്. മയിലുകളുടെയും വന്യമൃഗങ്ങളുടെയും ശല്യം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വെല്ലുവിളികളും കര്‍ഷകര്‍ നേരിടുന്നു. ഇവയിൽനിന്ന് മരങ്ങളെ സംരക്ഷിക്കാൻ വലകൾ ഉപയോഗിക്കുകയാണ് പ്രധാന മാർഗം. കേരളത്തിന്റെ മലയോര മനോഹാരിതയ്‍ക്കൊപ്പം ആപ്പിളിന്റെ മധുരവും ചേർന്ന് കാന്തല്ലൂർ സഞ്ചാരികൾക്ക് ഒരു അതുല്യ അനുഭവം സമ്മാനിക്കുന്നു.










0 comments