1000 കിലോ വിത്തുകൾ കടൽ കടന്നു
സുഗന്ധം പരത്താൻ മറയൂര്‍ ചന്ദനം മൗറീഷ്യസിലേക്ക്

മറയൂരിൽനിന്ന് മൗറിഷ്യസിൽ കൊണ്ടുപോയി മുളപ്പിച്ചെടുത്ത ചന്ദന തൈകള്‍
എസ് ഇന്ദ്രജിത്ത്
Published on Jul 16, 2025, 12:30 AM | 1 min read
മറയൂർ
കേരളത്തിന്റെ ചന്ദനസുഗന്ധം ഇനി മൗറിഷ്യസിന്റെ മണ്ണിലും പരക്കും. മറയൂർ ചന്ദനത്തിന്റെ മഹിമയിൽ ആകൃഷ്ടരായ മൗറിഷ്യസിലെ സൗത്ത് ആഫ്രിക്കൻ കമ്പനിയായ ഓഷ്യൻ അരോ മാറ്റിക്സ് ആൻഡ് എസൻഷ്യൽ ഓയിൽസ് ലിമിറ്റഡ്, മറയൂരിൽ നിന്ന് 1000 കിലോ ചന്ദനവിത്തുകൾ സ്വന്തമാക്കി. മറയൂരിന്റെ തനതായ ചന്ദനക്കാടിന്റെ പ്രത്യേകതകളും വളർച്ചാ രീതികളും മനസ്സിലാക്കാൻ മാസങ്ങൾക്ക് മുൻപ് കമ്പനി പ്രതിനിധികൾ മറയൂർ സന്ദർശിച്ചിരുന്നു. മറയൂർ ചന്ദന ഡിവിഷൻ മുൻ ഡിഎഫ്ഒ എം.ജി. വിനോദ് കുമാറുമായി നടത്തിയ ചർച്ചയിൽ, മൗറിഷ്യസിന്റെ കാലാവസ്ഥയും മണ്ണിന്റെ ഘടനയും മറയൂരിനോട് സാമ്യമുള്ളതാണെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.
രണ്ട് മാസം മുമ്പ് വീണ്ടും മറയൂരിലെത്തിയ സംഘം, ചന്ദനവിത്തുകൾ ശേഖരിച്ച് മൗറിഷ്യസിലേക്ക് കൊണ്ടുപോയി. മറയൂർ പള്ളനാട് സ്വദേശിയും വനംവകുപ്പിലെ താത്കാലിക ജീവനക്കാരനുമായ എൽ. പ്രഭാകരന്റെ വൈദഗ്ധ്യം തിരിച്ചറിഞ്ഞ സംഘം, അദ്ദേഹത്തെ ചന്ദനവിത്തുകൾ മുളപ്പിക്കുന്നതിനായി മൗറിഷ്യസിലേക്ക് കൂട്ടി. അവിടെയെത്തി, കാടുപിടിച്ച് കിടന്ന സ്ഥലം ഒരുക്കിയ പ്രഭാകരൻ, 1000 കിലോ ചന്ദനവിത്തുകൾ മണ്ണ് നിറച്ച പാക്കറ്റുകളിൽ നട്ടു. രണ്ട് മാസത്തിനുള്ളിൽ തൈകൾ മുളച്ച് എട്ട് ഇലകൾ വരെ വളർന്നു തുടങ്ങി. ഏഴ്-എട്ട് മാസത്തിന് ശേഷം ഈ തൈകൾ പറിച്ച് നടാൻ പദ്ധതിയിട്ടിരിക്കുകയാണ്.
മറയൂർ ചന്ദനത്തിന്റെ സുഗന്ധവും ഗുണമേന്മയും ലോകത്തിന്റെ മറ്റൊരു കോണിലേക്ക് എത്തിക്കുന്ന ഈ സംരംഭം, കേരളത്തിന്റെ വനസമ്പത്തിന്റെ മഹത്വം വിളിച്ചോതുന്നു. പ്രഭാകരന്റെ വൈദഗ്ധ്യവും മറയൂരിന്റെ ചന്ദന പാരമ്പര്യവും മൗറിഷ്യസിൽ പുതിയൊരു ചന്ദനവനത്തിന് തുടക്കമിടുകയാണ്.









0 comments