വൃക്ഷവേദം ഉദ്ഘാടനം ചെയ്തു
ഓരോ മരവും ഓരോ ലൈബ്രറി

മറയൂർ
ചന്ദനക്കാറ്റ് വീശുന്ന കാന്തല്ലൂർ ഐഎച്ച്ആർഡി കോളേജ് ക്യാമ്പസിലെ മരങ്ങൾ ഇനി നിശബ്‍ദരല്ല. ചന്ദനം മുതൽ നീർമരുത് വരെ ഓരോ വൃക്ഷവും ജീവിക്കുന്ന ലൈബ്രറിയാകുന്നു. കംപ്യൂട്ടർ, ഡാറ്റാ സയൻസ് വിദ്യാർഥികൾ നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ ഒരുക്കിയ ക്യൂആർ കോഡിലൂടെ മരങ്ങൾ സ്വയം കഥകള്‍ പറയും, കവിതകള്‍ ചൊല്ലും. ബയോഡൈവേഴ്സിറ്റി ക്ലബും എൻഎസ്എസ് യൂണിറ്റും ചേർന്ന് ക്യാമ്പസിലെ മരങ്ങളിൽ ക്യൂആർ കോഡുകൾ സ്ഥാപിച്ചു. മൂന്നാർ വൈൽഡ് ലൈഫ് ഡിവിഷന്റെ പിന്തുണയോടെ ‘വൃക്ഷവേദം' പദ്ധതിയാണ് യാഥാർഥ്യമാകുന്നത്. അഡ്വ. എ രാജ എംഎല്‍എ ഉദ്ഘാടനംചെയ്‍തു. പ്രിൻസിപ്പൽ ഡോ. ജി ശ്രീകുമാർ അധ്യക്ഷനായി.
ഒരു സ്‍കാൻ
ക്യൂആർ കോഡ് സ്കാൻ ചെയ്താൽ മരങ്ങളുടെ അത്ഭുത ലോകം, ശാസ്ത്രീയ നാമം, സസ്യകുടുംബം, പ്രത്യേകതകൾ എന്നിവയറിയാം. ആ മരം ഉൾപ്പെട്ട മലയാള, -തമിഴ് നോവലുകളും കഥകളും കവിതകളും വായിക്കാം. വള്ളത്തോളിന്റെ കവിത മുതൽ തമിഴ് ഗാഥകൾ വരെ കണ്‍മുന്നിലെത്തും. ചന്ദനത്തെക്കുറിച്ച് എംഎസ്‍സി കംപ്യൂട്ടർ സയൻസ് വിദ്യാർഥി ടി ആര്‍ റോജിമോൻ തയ്യാറാക്കിയ മറയൂർ ചന്ദന ഗാനവും ആസ്വാദിക്കാം. ഓരൊ മരത്തെയും ഓരോ ലൈബ്രറിയാക്കിയ വൃക്ഷവേദ പദ്ധതിയുടെ പേറ്റന്റ് സാധ്യതകളും തേടുന്നുണ്ട്. കാന്തല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് പി ടി തങ്കച്ചൻ, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഡയറക്ടർ ബോർഡംഗം വി സിജിമോൻ, പി മുരുകേശൻ, എസ് പത്മാവതി, ജോയ് അഭിഷ, കോളേജ് യൂണിയൻ ചെയർപേഴ്സൺ എസ് ദിവ്യ, സി സുജിത്ത്, ആഷാ കുറുപ്പ് എന്നിവർ സംസാരിച്ചു.









0 comments