ad
Deshabhimani

അഞ്ചുനാടിന്റെ സ്വപ്‌ന സാക്ഷാത്കാരം

ജലക്കോട്ടയാകാൻ പട്ടിശേരി ഡാം

roshy

മന്ത്രി റോഷി അഗസ്റ്റിനും അഡ്വ. എ രാജ എംഎൽഎയും പട്ടിശേരി അണക്കെട്ട് സന്ദർശിച്ചപ്പോൾ

avatar
സ്വന്തം ലേഖകൻ

Published on Mar 02, 2026, 12:30 AM | 2 min read

മറയൂർ

സംസ്ഥാനത്തെ ജലസേചന പദ്ധതികളിൽ മറ്റൊരു നാഴികക്കല്ലായി മാറുകയാണ് കാന്തല്ലൂർ പട്ടിശേരി ഡാം. പദ്ധതിയുടെ പ്രധാന ഘട്ടത്തിന്റെ പൂർത്തീകരണം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തതോടെ ഒരു നാടിന്റെ ചിരകാല സ്വപ്നമാണ് യാഥാർഥ്യമായത്. 60.345 കോടി രൂപ ആകെ മുതൽമുടക്കുള്ള പദ്ധതിയിൽ 55.58 കോടിയുടെ നിർമാണം പൂർത്തിയായി. 3.1 കോടി മെക്കാനിക്കൽ ജോലികൾക്കും 84 ലക്ഷം രൂപ ഇൻസ്ട്രുമെന്റേഷനും 80 ലക്ഷം രൂപ ഇലക്ട്രിക്കൽ ജോലികൾക്കുമായി വകയിരുത്തി. കീഴാന്തൂർ, കാരയൂർ, മാച്ചിവയൽ തുടങ്ങി അഞ്ചുനാട്ടിലെ കാർഷിക മേഖലയ്ക്ക് പദ്ധതി മുതൽക്കൂട്ടാകും. ഒന്നാംഘട്ടത്തിൽ 98 മീറ്റർ നീളമുള്ള മെയിൻ കോൺക്രീറ്റ് ഡാമും 160 മീറ്റർ നീളമുള്ള സാഡിൽ ഡാമും പൂർത്തിയായി. 47 മീറ്റർ റോക്ക് ഫീൽഡ് അണക്കെട്ടിന്റെ സർഫസ് ലയർ ഒഴികെ ഭൂരിഭാഗവും പൂർത്തിയായി. മെക്കാനിക്കൽ വിഭാഗത്തിൽ സ്പിൽവേ ഷട്ടറുകൾ, റിവർ സ്ലോയിസ്, എമർജൻസി ഗേറ്റുകൾ എന്നിവ പൂർത്തീകരിച്ചു. കനാൽ സ്ലോയിസ് വാൽവ് ഫിറ്റിങ് മാത്രമാണ് ഇനി അവശേഷിക്കുന്നത്. ഇൻസ്ട്രുമെന്റേഷൻ വിഭാഗത്തിൽ 70 ശതമാനം ജോലികളും പൂർത്തിയായി. ഡാം സേഫ്റ്റി ആക്ട് 2021 ലെ പുതിയ നിയമപ്രകാരം ആവശ്യമായ അധിക ഇൻസ്ട്രുമെന്റുകൾ സ്ഥാപിക്കാനുള്ള നടപടി തുടങ്ങിക്കഴിഞ്ഞു. ഇലക്ട്രിക്കൽ ജോലികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ജലം സംഭരിക്കുന്നതിന് മുന്നോടിയായി സ്റ്റേറ്റ് ഡാം സേഫ്റ്റി ഓർഗനൈസേഷൻ, കേന്ദ്ര ജല കമീഷൻ എന്നിവയുടെ അനുമതിക്കായുള്ള നടപടിയും സ്വീകരിച്ചു. ടൂറിസത്തെക്കൂടി ബന്ധിപ്പിച്ച് ഡാം വികസനത്തിന്റെ അടുത്ത ഘട്ടത്തിനുള്ള പദ്ധതി രേഖയും സമർപ്പിച്ചു. മറ്റ് വികസന പ്രവർത്തനങ്ങൾക്കായി 7.2 കോടിയുടെ പുതിയ എസ്റ്റിമേറ്റ് ഭരണാനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്. ഇതിൽ കനാൽ നിർമാണം, അപ്രോച്ച് റോഡുകളുടെയും ഗാലറി റോഡുകളുടെയും ടാറിങ്, ഡാം ടൂറിസം പദ്ധതികൾ തുടങ്ങിയവ ഉൾപ്പെടുന്നു. ഉദ്‌ഘാടനപരിപാടിയിൽ അഡ്വ. എ രാജ എംഎൽഎ അധ്യക്ഷനായി. കാന്തല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ശിവൻ രാജ്, കാന്തല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സത്യരാജൻ, കാന്തല്ലൂർ പഞ്ചായത്ത് അംഗം ബാലമുരുകൻ, തിരുവനന്തപുരം ചീഫ് എൻജിനിയർ സുജ ഗ്രെയ്‌സൻ, ജലസേചന- ഭരണ ചീഫ് എൻജിനിയർ ബിനോയ്‌ ടോമി ജോർജ്, മെക്കാനിക്കൽ ചീഫ് എൻജിനിയർ ബിജോയ് കെ, വകുപ്പ് ജീവനക്കാർ, രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home