ad
Deshabhimani

"ഞമ്മള് പറയും നിയമങ്ങള്‍'

azchavattam
വെബ് ഡെസ്ക്

Published on Jun 08, 2026, 12:15 AM | 1 min read

നഷ്ടപ്പെട്ട 10 വർഷം പിടിച്ചെടുക്കുമെന്ന് നേതാവ് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല ഇടുക്കിക്കാർ. കാഷ്ടിക്കാത്തവൻ കാഷ്ടിച്ചാൽ ....... എന്നൊരു ചൊല്ല് ഉണ്ടായത് ഇക്കൂട്ടർക്ക് വേണ്ടിയാണെന്ന് കരുതുന്നവർ കുറവല്ല. പറയുന്നത് മതേതരത്വമാണ്. മതത്തെ തരംതിരിച്ചുള്ള തത്വം പഠിപ്പിക്കലാണെന്ന് അർഥം നൽകി ലീഗുകാർ. ഭരണം കിട്ടിയപ്പോൾ തിണ്ണമിടുക്ക് കാണിക്കണമല്ലോ. അപ്പോൾ വിദ്യാഭ്യാസം ഭരോ ഭരോ. മായാവിയുടെ മാന്ത്രികവടി പുട്ടാലുവിന്റെ കൈയില്‍ കിട്ടിയപോലെയാണ് ഇവര്‍ക്ക് ഭരണം. എന്ത് കേട്ടാലും ഞമ്മള് ഇടപെട്ടുകളയും, അല്ലാതെന്ത് ഗുമ്മ്. അല്‍പ്പന് അര്‍ഥം കിട്ടിയാല്‍ അര്‍ധരാത്രിയല്ല, പുലർച്ചയായാലും തൊടുപുഴയിൽ കുടപിടിക്കും.10 വര്‍ഷം അട്ടത്തിരുന്ന് തഴമ്പിച്ചവര്‍ക്ക് അധികാരം കിട്ടിയപ്പോ ഗ്രഹണി പിടിച്ചവരുടെ അവസ്ഥ. മുണ്ടുമടക്കിക്കുത്തി ഒറ്റച്ചാട്ടം. ഉത്സാഹമുണ്ടെങ്കിൽ അത്താഴമുണ്ണാം. കുറച്ചുദിവസമേ ആയുള്ളു ലീഗ് ഭരിക്കും കേരളത്തിൽ ലീഗ് പറയും നിയമങ്ങളെന്ന് മുദ്രാവാക്യം മുഴക്കിയിട്ട്. പണ്ടത്തെ മുദ്രാവാക്യം മാലോകർ മറന്നിട്ടില്ല. ശരിയത്ത് വിഷയത്തിൽ ഇഎംഎസിനോട് ഏറ്റുമുട്ടി, ഒന്നും കെട്ടും പത്തും കെട്ടും വേണോങ്കി ഓന്റെ മോളേം കെട്ടും, എല്ലാരും സുല്ലിട്ടു. ഇതെല്ലാം കൊണ്ടാവും നവമാധ്യമക്കാർ ഒരു പ്രത്യേക പേരും നൽകിയിട്ടുണ്ട്. നമ്മുടെ വിഷയമതല്ലല്ലോ, ജനാധിപത്യ രീതിയില്‍ പ്രതിഷേധിച്ചവരെ ആട്ടിപ്പായിക്കാൻ ലീഗുകാര്‍ ഹാജര്‍. ഭരണം കിട്ടിയപാടെ നമ്മൾ പറയുന്ന നിയമപ്രകാരം ജീവനക്കാരെ തലങ്ങുംവിലങ്ങും പായിക്കുന്ന കളി മുറുകുകയാണ് ജില്ലയില്‍. നൂറും നൂറ്റമ്പതും കിലോമീറ്റര്‍ അകലേക്കൊക്കെ ഒരു കാരണോമില്ലാതെ, മാനദണ്ഡങ്ങളെല്ലാം ആവശ്യമില്ലാത്തിടത്ത് തിരുകിയശേഷമാണിത്. ചോദിക്കാൻ അധികാരിയുടെ ഓഫീസില്‍ ചെന്നതേയുള്ളു. അപ്പോഴേക്കും വന്നു പച്ചപ്പട. പൊലീസുകാരുമായി ഉന്തായി തള്ളായി ആകെ ബഹളം. തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റിനായി വാശിപിടിച്ചവരൊക്കെ ഉഷാർ. ജില്ലാ പ്രസിഡന്റിന്റെ നേതത്വത്തിലാണ് എത്തിയതെന്നും ഓര്‍ക്കണം. പൊലീസുകാരുണ്ടായതുകൊണ്ട് കൈയ്യാങ്കളിയിലേക്ക് വഴിമാറിയില്ല. അല്ലെങ്കില്‍ പണ്ടോരു സിനിമാ ഡയലോഗില്ലേ?, മുഖത്തൊരെണ്ണം കൊടുത്തിട്ട് കണ്ണാടി നോക്കാൻ പറ, അപ്പോ കാണാം മാര്‍ക്കെന്ന്. ഏതാണ്ട് അതുപോലെ മാര്‍ക്ക് കുറേ വീണേനെ. എന്തിനും ഏതിനും ഇനി ഞങ്ങളറിഞ്ഞ് പോയാമതിയെന്ന് വാശിയുള്ളവര്‍ പിടി വിട്ടിട്ടില്ല. തങ്ങളിവിടെയുണ്ടെന്ന് അവര്‍ക്ക് പോലും അറിയില്ലാതിരുന്ന 10വര്‍ഷത്തെ ഫ്രസ്‌ട്രേഷൻ ഇങ്ങനെ തീരട്ടേയെന്ന് വിചാരിക്കുന്നവരുമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home