ad
Deshabhimani

ദേശീയപാതയിലെ നിര്‍മാണ നിരോധനം

സര്‍വകക്ഷി സംഘം 11ന് 
മുഖ്യമന്ത്രിയെ കാണും

c v

അടിമാലിയില്‍ നടന്ന സര്‍വകക്ഷി യോഗത്തില്‍ സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Feb 08, 2026, 12:15 AM | 2 min read

അടിമാലി

​ദേശീയപാത 85ല്‍ നേര്യമംഗലം മുതല്‍ വാളറ വരെയുള്ള 14.5 കിലോമീറ്ററിലെ നിര്‍മാണ നിരോധനം നീക്കാന്‍ 11ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‍ച നടത്താന്‍ സര്‍വകക്ഷിയോഗ തീരുമാനം. അടിമാലിയില്‍ അഡ്വ. എ രാജ എംഎല്‍എയുടെ നേതൃത്വത്തിലായിരുന്നു യോഗം. കോണ്‍ഗ്രസ് യോഗത്തില്‍ വിട്ടുനിന്നു. ചീഫ് സെക്രട്ടറി നല്‍കിയ സത്യവാങ്ങ്മൂലവും തുടര്‍ന്നുണ്ടായ കോടതിവിധിയും അതിലെ അവ്യക്തതയും നീക്കി നിര്‍മാണം വേഗത്തിലാക്കാന്‍ യോഗം തീരുമാനിച്ചു. ബിജെപി പരിസ്ഥിതി സെല്‍ കണ്‍വീനര്‍ എം എന്‍ ജയചന്ദ്രന്‍ നല്‍കിയ പരാതിയാണ് തുടക്കം. ജനകീയ പ്രക്ഷോഭങ്ങളും എല്‍ഡിഎഫും നടത്തിയ ഇടപെടലുകള്‍ക്ക് ശേഷമാണ് ഒക്‍ടോബര്‍ 13ന് ചീഫ് സെക്രട്ടറി വിശദമായ സത്യവാങ്ങ്മൂലം നല്‍കിയത്. ഒക്‍ടോബര്‍ 24ന് നിര്‍ദേശങ്ങളടങ്ങിയ ഹൈക്കോടതി ഇടക്കാല ഉത്തരവായി. റോഡ് വീതി കൂട്ടാനാവശ്യമായ പ്രദേശത്തിന്റെ വിശദാംശങ്ങളും രേഖകളും എൻഎച്ച്എഐ ചീഫ് സെക്രട്ടറിക്ക് സമർപ്പിക്കണം. ചീഫ് സെക്രട്ടറി സംസ്ഥാന സർക്കാരിന് വേണ്ടി പരാതിക്കാരനും വനംവകുപ്പും ഹാജരാക്കുന്ന മാപ്പിന്റെയും മറ്റ് രേഖകളുടെയും അടിസ്ഥാനത്തിൽ ഭൂമിയുടെ സ്റ്റാറ്റസ് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കണം. ഇത് ഹൈക്കോടതിയുടെ അന്തിമ വിധിക്ക് വിധേയമായിരിക്കും. റോഡ് നിർമിക്കാനാവശ്യമായ ഭൂമി വനമല്ലെന്ന് പ്രഖ്യാപിക്കുന്നപക്ഷം വനം, റവന്യൂ വകുപ്പുകള്‍ സംയുക്തമായി പരിശോധിച്ച് ഭൂമിയളന്ന് തിരിക്കുകയും മുറിച്ചുമാറ്റേണ്ട മരങ്ങൾ കണ്ടെത്തുകയും വേണം. ഈ ഭൂമിയല്ലാതെ മറ്റൊന്നും റോഡ് നിർമാണത്തിന് ഉപയോഗിക്കാൻ പാടില്ല. വനമല്ലെന്ന് ഉത്തരവിട്ട ഭൂമി ഏതെങ്കിലും ഘട്ടത്തില്‍ വനമാണെന്ന് കണ്ടെത്തിയാല്‍ ചീഫ് സെക്രട്ടറി ശിക്ഷാ നടപടികൾക്ക് വിധേയനാനാകണമെന്നും ഹൈക്കോടതി ഉത്തരവിലുണ്ട്. ഈ സാഹചര്യത്തിലാണ് വ്യക്തത വരുത്താൻ സര്‍ക്കാര്‍ റവന്യൂ, വനം, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസും അഡ്വ. എ രാജ എംഎല്‍എയും ഡിഎഫ്ഒയുമായി ചര്‍ച്ച നടത്തി. നിലവിലുള്ള നിര്‍മാണ പ്രവൃത്തികള്‍ നടത്തുന്നതിന് വനംവകുപ്പ് തടസമല്ലെന്ന് ഉറപ്പുനല്‍കി. തിങ്കള്‍ മുതല്‍ ഈ ഭാഗത്തെ നിലവിലുള്ള നിര്‍മാണങ്ങള്‍ ആരംഭിക്കും. സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്, കേരള കോണ്‍ഗസ് എം ചെയര്‍മാന്‍ ജോസ് പാലത്തിനാല്‍, സിപിഐ സംസ്ഥാന കൗണ്‍സിലംഗം ജയ മധു, ആര്‍ജെഡി ജില്ലാ പ്രസിഡന്റ് കോയ അമ്പാട്ട്, മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് പി എം ബേബി, സമിതി ജില്ലാ പ്രസിഡന്റ് റോജി പോള്‍, ഷൈലജ സുരേന്ദ്രന്‍, അഡ്വ. എം എം മാത്യു, ചാണ്ടി പി അലക്സാണ്ടര്‍ തുടങ്ങിയവര്‍ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home