കമ്പം-–കമ്പംമെട്ട് റോഡ് ഒരുമാസത്തേക്ക് അടച്ചു

കമ്പത്തുനിന്നും കമ്പംമെട്ടിനുള്ള റോഡ്
കുമളി
അറ്റകുറ്റപ്പണികൾക്കായി കമ്പം–- കമ്പംമെട്ട് റോഡ് ഒരുമാസത്തേയ്‌ക്ക് അടച്ചു. തിങ്കൾ മുതലാണ് ഇതുവഴി ഗതാഗത നിരോധനം ഏർപ്പെടുത്തിയത്. കമ്പത്തുനിന്നും ഇടുക്കിലേക്ക് തുറക്കുന്ന കമ്പംമെട്ട് മലയോര പാതയിലെ അറ്റകുറ്റപ്പണികൾ മൂലം ഒരു മാസത്തേയ്‌ക്ക് ഗതാഗതം നിർത്തിവയ്ക്കുമെന്ന് ഹൈവേ വകുപ്പും ജില്ലാ ഭരണവും നേരത്തെ അറിയിച്ചിരുന്നു. കമ്പത്തുനിന്നും കമ്പംമെട്ട് ഭാഗത്തേയ്‌ക്ക് പോകുന്ന യാത്രക്കാർ മറ്റു വഴികൾ ഉപയോഗിക്കണമെന്നും നിർദ്ദേശിച്ചു. തേനി ജില്ലയെ അയൽ സംസ്ഥാനമായ കേരളവുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതകളാണ് കുമളി, കമ്പംമെട്ട്, ബോഡിമെട്ട് മലനിരകൾ. ഇതിൽ കമ്പത്തിൽ നിന്ന് കേരളത്തിലേക്കുള്ള പ്രധാന പാതയാണ് കമ്പംമെട്ട് മലനിരകളിലെ പാത. കേരളത്തിലെ ഏലം, തേയിലത്തോട്ടങ്ങളിൽനിന്നുള്ള തൊഴിലാളികളും പൊതുജനങ്ങളും ഉൾപ്പെടെ പ്രതിദിനം ആയിരത്തിലധികം വാഹനങ്ങൾ റോഡിലൂടെ സഞ്ചരിക്കുന്നു. 18 ഹെയർപിൻ വളവുകളുള്ള മലയോര പാത സമീപകാലത്ത് സാരമായി തകർന്നതിനാൽ വാഹനമോടിക്കുന്നവർക്ക് വലിയ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ഇത് നന്നാക്കാൻ ഹൈവേ വകുപ്പ് നടപടികൾ സ്വീകരിച്ചു. മൂന്നു മാസമായി ഡ്രെയിനേജ്, സംരക്ഷണ ഭിത്തി നിർമാണ പ്രവർത്തനങ്ങൾ നടത്തിവരികയാണ്. ഇതിന്റെ തുടർച്ചയായി സാരമായി തകർന്ന പതിനെട്ടാം ഹെയർപിൻ വളവിന് സമീപം പുതിയ പാലം പണിയാനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഇതേത്തുടർന്ന് തിങ്കൾ മുതൽ ജൂലൈ ഏഴുവരെ 30 ദിവസത്തേയ്‌ക്ക് കമ്പംമെട്ട് റോഡിലൂടെ വാഹനങ്ങൾ സഞ്ചരിക്കുന്നത് നിരോധിച്ചത്. വാഹനങ്ങൾ ബദൽ പാതയായ കുമളി മലമ്പാത ഉപയോഗിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. നിരോധനം മൂലം കമ്പംമെട്ട് റോഡ് വഴി നെടുങ്കണ്ടം, കട്ടപ്പന പരിസര പ്രദേശങ്ങളിലേക്ക് തേയിലത്തോട്ട ജോലികൾക്കായി പോകുന്ന തൊഴിലാളികൾക്ക് ഏകദേശം 40 കിലോമീറ്റർ വഴിമാറി സഞ്ചരിക്കേണ്ടി വരുന്നു. പൊതുജനങ്ങളുടെയും തൊഴിലാളികളുടെയും ക്ഷേമം കണക്കിലെടുത്ത്, റോഡ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തിയാക്കണമെന്ന് ഇരു സംസ്ഥാനങ്ങളിലെയും തോട്ടം തൊഴിലാളികളും പൊതുജനങ്ങളും അഭ്യർഥിച്ചു.









0 comments