മംഗളാദേവി ചിത്രാ പൗർണമി ഉത്സവം ഇന്ന്

കുമളി
പെരിയാർ കടുവാ സങ്കേതത്തിലെ ഉൾവനപ്രദേശത്ത് സ്ഥിതിചെയ്യുന്ന മംഗളാദേവി ക്ഷേത്രത്തിലെ ചിത്രാ പൗർണമി ഉത്സവം വെള്ളിയാഴ്‍ച നടക്കും. ചിത്രാപൗർണമി ദിവസം മാത്രമാണ് ഇവിടേക്ക് ആളുകൾക്ക് പ്രവേശനം. കഴിഞ്ഞവർഷം മെയ് 12നായിരുന്നു ഉത്സവം. 1800ലേറെ വർഷം പഴക്കമുള്ള ക്ഷേത്രമാണിത്. ചിത്രാ പൗര്‍ണമി ഉത്സവത്തിനെത്തുന്നവര്‍ക്ക് രാവിലെ ആറുമുതല്‍ പ്രവേശനം അനുവദിക്കും. പകല്‍ 2.30ന് ശേഷം വനത്തിനുള്ളിലേക്ക് കടത്തിവിടില്ല. വൈകിട്ട് അഞ്ചോടെ എല്ലാവരും വനമേഖലയില്‍നിന്ന് തിരിച്ചിറങ്ങണം. രാത്രി വനത്തിനുള്ളില്‍ തങ്ങാന്‍ അനുവദിക്കില്ല. കുമളി ബസ് സ്റ്റാൻഡിൽനിന്ന് ട്രിപ്പ് ജീപ്പുകൾക്ക് രാവിലെ 5.30 മുതൽ പകല്‍ 1.45 വരെ പ്രവേശിക്കാം. ഇരുചക്ര വാഹനങ്ങളും ട്രാക്ടറുകളും നിരോധിച്ചു. ട്രിപ്പ് ജീപ്പുകൾക്ക് പാസ് അനുവദിക്കുന്നതും ഫിറ്റ്നസ് പരിശോധനയും ബുധനും വ്യാഴവുമായി നടന്നു. ട്രിപ്പ് ജീപ്പില്‍ ഒരു വശത്തേക്കുള്ള യാത്രയ്ക്ക് 200 രൂപയാണ് നിരക്ക്.
പ്രവേശിക്കുന്നതും തിരിച്ചിറങ്ങുന്നതുമായ പാതകളില്‍ ഇത്തവണ മാറ്റമുണ്ട്. കഴിഞ്ഞവര്‍ഷത്തെ എക്‌സിറ്റ് പോയിന്റിലൂടെയാണ് ഇത്തവണ പ്രവേശനം. തിരക്ക് ഒഴിവാക്കാൻ ക്യൂ സംവിധാനമുണ്ടാകും. പാദരക്ഷകൾ സൂക്ഷിക്കാൻ ക്ഷേത്രത്തിന് പുറത്ത് സൗകര്യമൊരുക്കും. ഭക്ഷണത്തിനും കുടിവെള്ള വിതരണത്തിനും ക്രമീകരണങ്ങളുണ്ടാകും. വൈദ്യസഹായത്തിന് ഇരു സംസ്ഥാനത്തുനിന്നും മെഡിക്കൽ സംഘം ക്ഷേത്ര പരിസരത്തുണ്ടാകും. ആവശ്യത്തിന് ശുചിമുറികളും സജ്ജമാക്കും. വനത്തിലും ക്ഷേത്രപരിസരത്തും നൃത്തരൂപങ്ങളോ തമിഴ്, മലയാളം, ഇംഗീഷ് ഭാഷകളിലുള്ള പ്രചാരണ സാമഗ്രികളുടെ വിതരണമോ പ്രദർശനമോ പാടില്ല.
നിയന്ത്രണങ്ങള്‍
അഞ്ച് ലിറ്ററില്‍ താഴെയുള്ള പ്ലാസ്റ്റിക് കുപ്പികള്‍, കവറുകള്‍, അലുമിനിയം ഫോയില്‍ എന്നിവ വനത്തിനുള്ളില്‍ കൊണ്ടുപോകരുത്
ഭക്ഷണം വാഴയിലകളില്‍ പൊതിഞ്ഞ് കൊണ്ടുവരണം
സസ്യാഹാരമേ അനുവദിക്കൂ
മദ്യം, മയക്കുമരുന്ന് എന്നിവ നിരോധിച്ചു
വനത്തിനുള്ളില്‍ പാചകം ചെയ്യാനോ പടക്കം പൊട്ടിക്കാനോ പാടില്ല
വനമേഖലയില്‍ ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും അനുവദിക്കില്ല
ഡ്രോണുകള്‍ ഉപയോഗിക്കുന്നത് ശിക്ഷാര്‍ഹമാണ്.
ലൗഡ്‌സ്‍പീക്കർ, ആംപ്ലിഫയർ തുടങ്ങി ശബ്ദമുണ്ടാക്കുന്ന ഉപകരണങ്ങൾ അനുവദിക്കില്ല
വൈക്കോൽ പോലെ എളുപ്പത്തിൽ തീ പിടിക്കാൻ സാധ്യതയുള്ള വസ്‌തുക്കൾ കൊണ്ടുവരരുത്
വളർത്തുമൃഗങ്ങളെ ഒപ്പം കൊണ്ടുവരരുത്










0 comments