ആദ്യത്തെ ഗ്രാമവണ്ടി ഉടുമ്പന്നൂരില്‍ സര്‍വീസ് തുടങ്ങി
ഇതാ എത്തീ ഗ്രാമവണ്ടി

ഉടുമ്പന്നൂർ പഞ്ചായത്തിലെ കെഎസ്‍ആര്‍ടിസി ഗ്രാമവണ്ടിയുടെ ആദ്യ സർവീസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ ഫ്ലാഗ്‌ഓഫ് ചെയ്യുന്നു
ഇടുക്കി
ഗ്രാമപ്രദേശങ്ങളിലെ യാത്രാക്ലേശം പരിഹരിക്കാൻ തദേശഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് കെഎസ്ആര്‍ടിസി നടപ്പാക്കുന്ന ‘ഗ്രാമവണ്ടി' പദ്ധതിക്ക് ഉടുമ്പന്നൂര്‍ പഞ്ചായത്തില്‍ തുടക്കമായി. ജില്ലയില്‍ ആദ്യമായി പദ്ധതി നടപ്പാക്കുന്ന പഞ്ചായത്താണ് ഉടുമ്പന്നൂര്‍. പൊതുഗതാഗത സംവിധാനം കുറവുള്ള പ്രദേശങ്ങളെ ബന്ധിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. തട്ടക്കുഴ മേഖലയിലുള്ള കുടുംബാരോഗ്യ കേന്ദ്രത്തില്‍നിന്ന് പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, ബാങ്കുകള്‍ തുടങ്ങിയ പ്രധാന സ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്ന ഉടുമ്പന്നൂര്‍ ടൗണിലേക്കു നേരിട്ട് ബസ് സര്‍വീസ് ഇപ്പോള്‍ ലഭ്യമല്ല. ഈ സാഹചര്യത്തിലാണ് ഗ്രാമവണ്ടി സര്‍വീസ് ആരംഭിച്ചത്. പഞ്ചായത്തിന്റെ വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയ കുടുംബാരോഗ്യ കേന്ദ്രത്തില്‍ സായാഹ്ന ഒപി ആരംഭിച്ചതും ലാബോറട്ടറിയില്‍ വനിതകള്‍ക്കുള്ള സൗജന്യ പരിശോധനകള്‍ ഒരുക്കിയതെുകൊണ്ടും പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ പ്രതിദിനം ഇവിടെ എത്തുന്നുണ്ട്. ഇവര്‍ നേരിടുന്ന യാത്രാ ബുദ്ധിമുട്ടുകള്‍ക്കും ഗ്രാമവണ്ടി സര്‍വീസ് പരിഹാരമാകും. വണ്ടിയുടെ ഇന്ധന ചെലവ് പഞ്ചായത്ത് വഹിക്കും. ആവശ്യമായ പണം ഓണ്‍ഫണ്ടിലൂടെയും സ്‌പോണ്‍സര്‍ഷിപ്പിലൂടെയും കണ്ടെത്തും. മെയിന്റനന്‍സ് ജോലികളും ജീവനക്കാരുടെ ശമ്പളവും കെഎസ്ആര്‍ടിസിയാണ് വഹിക്കുന്നത്. ഗ്രാമവണ്ടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാംണാകുന്നേല്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് എം ലതീഷ് അധ്യക്ഷനായി. കെഎസ്ആര്‍ടിസി ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ഷാജി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ആതിര രാമചന്ദ്രന്‍, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍, പഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങള്‍, കെഎസ്ആര്‍ടിസി ജീവനക്കാര്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.









0 comments