കട്ടപ്പനക്ക് ഏത് സ്റ്റാറ്

കെടിആർ
Published on Sep 22, 2025, 12:15 AM | 1 min read
വൃത്തിയുടെയും വെടിപ്പിന്റെയും കാര്യത്തിൽ കട്ടപ്പന നഗരസഭയ്ക്ക് കേന്ദ്രത്തിന്റെ വക ‘സ്റ്റാർ'. ആഹാ എന്തൊരന്തസ്സ്. ‘കുരങ്ങിനെ കള്ളുകുടിപ്പിച്ച' മനോനിലയിലാണ് ഭരണപക്ഷത്തെ ചില കൗൺസിലർമാർ. പ്രതിപക്ഷ സമരത്തിനിടെ വീണുകിട്ടിയ സൗഭാഗ്യം ഫ്ലക്‌സാക്കി നിരത്തി. ഇവിടാരും കണ്ടില്ലെങ്കിലെന്താ ‘അങ്ങ് ഡൽഹിയിലുണ്ടടോ ഞങ്ങൾക്കും പിടി'.
കുളിക്കാതെ ഈറൻ ചുമക്കാനുള്ള അവസരം, മുക്കിലും മൂലയിലും എംപിയുടേതടക്കം ചിത്രം അങ്ങ് നിരത്തി. അവാർഡിത കാരണഭൂതന്മാരെ കണ്ട പൊതുജനങ്ങൾക്കും ആശ്ചര്യം. യഥാർഥ കഥ കട്ടപ്പന നഗരസഭ പരിസരത്ത് ജീവിക്കുന്നവർക്കുമാത്രമല്ല, ഒന്ന് അരികിലൂടെ വന്നുപോകുന്നയാർക്കും ബോധ്യമാകും. വാർഡുകളിലെ മുക്കിലും മൂലയിലും കുന്നുകൂടിയ മാലിന്യം, മഴപെയ്താൽ ഒരുതുള്ളി വെള്ളംപോലും പുറത്തേക്കുപോകാതെ യാത്രികരെ കുളിപ്പിക്കുന്ന സ്റ്റാൻഡ് കുളം, പൊട്ടിപ്പൊളിഞ്ഞ റോഡുകൾ, മൃഗങ്ങളെ തല്ലിക്കൊല നടത്തുന്ന ആധുനിക അറവുശാല, വർഷംതോറും ടെൻഡറിട്ട് ഗ്രൂപ്പ് കളിയിൽ തട്ടിക്കളയുന്ന മാലിന്യ പ്ലാന്റ്, മാസംതോറും പൊളിച്ച് വീണ്ടും വീണ്ടും മുനിസിപ്പൽ ഓഫീസ് മുറ്റത്ത് ടൈലിടൽ, പണിതിട്ടും പണിതിട്ടും തീരാത്ത ടൗൺഹാൾ അറ്റകുറ്റപ്പണി അങ്ങനെ പോകുന്നു എണ്ണിയാൽ തീരാത്ത അലകും പിടിയും മാറ്റിയുള്ള ഭരണമികവ്. ആപാദചൂഡമുള്ള അഴിമതിക്ക് നേതൃത്വം രണ്ട് ഗ്രൂപ്പുകളിലായി പിടിപാടുള്ള രണ്ട് കൗൺസിലർമാരാണെന്നാണ്
സഹകാരികളുടെ അടക്കംപറച്ചിൽ. പിരിവിലും കമീഷനിലും ചുറ്റിപ്പറ്റിയത്രെ കലഹം. ഇടിച്ചുതാഴ്‌ത്തലും കമ്മിറ്റിയിലെ ന്യായവാദങ്ങളും റീ ടെൻഡറുകളിലുമെല്ലാമുള്ള കലാപരിപാടികൾ ഉദരപൂരണം അഥവാ വയറ്റിപ്പിഴപ്പ് മാത്രം. ഇടവും വലവും നോക്കാതെ ഇരയിട്ട് മീൻപിടിത്തം. ഇവിടെ ഗ്രൂപ്പ് കളി പിരിവിനും കമീഷനും മാത്രം. കള്ളനെ പെരുംകള്ളൻ വെള്ളപൂശുന്ന ഭരണം. കമീഷൻ ഏജന്റുമാർ നഗരസഭാ ഓഫീസ് പരിസരങ്ങളിൽ നിലയുറപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പടിവാതിലിലെത്തിയപ്പോൾ പണികളുടെ പൂരമാണ്. തെരഞ്ഞടുപ്പ് ചെലവുകൾക്കാവശ്യമായ വിളവെടുപ്പും സ്വരുക്കൂട്ടും പൊടിപൊടിക്കുന്നതായാണ് ഒപ്പമുള്ളവരുടേയും വെളിപ്പെടുത്തൽ. അന്തിക്കടയിൽ പിച്ചയെടുക്കും പോലെ, ചിരട്ടയിലെ വെള്ളം ഉറുമ്പിന് സമുദ്രമാകുമ്പോൾ അവാർഡും ആഘോഷിക്കാം.









0 comments