ഇടിച്ചക്കയില്‍നിന്ന് ഇരട്ടിമധുരം

അനിലിന്റെ വീട്ടുമുറ്റത്ത് ചക്ക അരിയുന്ന വീട്ടമ്മമാര്‍
കെ പി മധുസൂദനൻ
Published on Apr 25, 2026, 12:15 AM | 1 min read
കരിമണ്ണൂർ
ഇടിച്ചക്ക ഇടുന്നതിനിടെ വീണുകിട്ടിയ മൂത്ത ചക്കകള്‍ അനിലിന് ജീവിത മധുരമാകുന്നു. ചക്കയിലൂടെ വ്യത്യസ്‍തമായൊരു വരുമാന മാര്‍ഗം കണ്ടെത്തുകയാണ് അനില്‍. ഉടുമ്പന്നൂര്‍ മങ്കുഴി കൈതമറ്റം ഭാഗത്ത് ഇടശേരിൽ അനിലിന് ഇടിച്ചക്ക വിൽപ്പനയായിരുന്നു തൊഴിൽ. ചക്ക സീസണായാൽ പറന്പുടമയ്‌ക്ക് നിശ്ചിത തുകനൽകി പ്ലാവ് അടങ്കലെടുത്ത് ഇടിച്ചക്ക പറിച്ച് പെരുന്പാവൂരിലെത്തിച്ചായിരുന്നു വിൽപ്പന. അഞ്ചുവർഷം മുന്പ് ഒരു പുരയിടത്തിൽനിന്ന് ഇടിച്ചക്ക പറിച്ചപ്പോള്‍ തൊഴിലാളികള്‍ക്ക് രണ്ടുമൂന്ന് മൂത്ത ചക്കകളും വീണുകിട്ടി. ഇടിച്ചക്ക വ്യാപാരികൾക്ക് മൂത്തത് ആവശ്യമില്ലാത്തതിനാല്‍ അനിലവ വീട്ടിലെത്തിച്ചു. ഭാര്യ സിന്ധു ചക്ക വെട്ടിയരിഞ്ഞ് വറുത്തു. ഇതിന്റെ രുചിയറിഞ്ഞ അയൽവാസികളും ബന്ധുക്കളും പ്രശംസിച്ചതോടെ ഇത് ബിസിനസ് ആക്കിയാലോയെന്ന ചിന്തയെത്തി. പിന്നീട് നാലഞ്ച് ചക്കകൾ വറുത്ത് കടകളിലെത്തിച്ചപ്പോൾ നല്ല ഡിമാൻഡായി. അയൽവാസികളായ ചില വീട്ടമ്മമാരും ചക്കവെട്ടാനും ഒരുക്കാനും അരിയാനും സഹായത്തിനെത്തി. നാളുകൾ കഴിയുന്തോറും ചക്കവറുത്തതിന് ആവശ്യക്കാരേറി. ചക്കവറുത്തതിന് മൊത്തക്കച്ചവടക്കാരുമെത്തി. വീട്ടുമുറ്റത്തെ പന്തലിൽ സഹായികളുടെ എണ്ണവും വർധിച്ചു. ഇപ്പോൾ 30ഓളം വീട്ടമ്മമാരുണ്ട്. കച്ചവടം പച്ചപിടിച്ചതോട സഹായികളെയും അനില്‍ ചേര്‍ത്തുപിടിച്ചു. ഒരു കിലോ ചക്കച്ചുള അരിയാൻ 30 രൂപ വീതം നൽകുന്നുണ്ട്. ഒരാൾക്ക് ഇപ്പോൾ ശരാശരി 500 മുതൽ 1000രൂപവരെ ലഭിക്കുന്നുണ്ട്. തൊടുപുഴയിലും പാലായിലുമാണ് പ്രധാനമായും ചക്കവറുത്തത് എത്തിക്കുന്നത്. ഇപ്പോള്‍ വർഷത്തിൽ 10 മാസവും നല്ലയിനം ചക്ക ലഭിക്കും. അടിമാലി, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിൽനിന്നാണ് അധികവും. ഇതോടൊപ്പം നല്ലയിനം വരിക്കച്ചക്കപ്പഴം ചുളയാക്കി പായ്‌ക്ക് ചെയ്‌തും വിൽക്കുന്നു. മകൻ അനന്ദുവും സഹായത്തിനുണ്ട്. ചക്കമടലിനും ആവശ്യക്കാരുണ്ട്. പശുഫാം നടത്തുന്നവർ മടൽ എടുത്തോളും. സംരംഭം വിപുലപ്പെചുത്താനുള്ള ചുവടുവയ്‍പ്പിലാണ് അനിലും കുടുംബവും. അതിനാവശ്യമായ കെട്ടിട പണികൾ പുരോഗമിക്കുകയാണ്.










0 comments