ad
Deshabhimani

സംതിങ്‌ ഫ്രഷീ, ഇറ്റ്‌ ഇ‍ൗസ്‌ ഫിഷീ

?ewfgwrgv

വെള്ളാപ്പാറയിലെ മീൻ വിൽപ്പന കേന്ദ്രം

avatar
സ്വന്തം ലേഖകൻ

Published on Oct 05, 2025, 12:15 AM | 2 min read

ഇടുക്കി

മാസങ്ങളോളം രാസവസ്‌തുക്കളിലിട്ട്‌ വിഷസമാനമായ മത്സ്യത്തിനുപകരം ‘നല്ല ഫ്രഷ്‌’ മീൻ വേണോ? നേരെ മത്സ്യാരണ്യകത്തിലേക്ക് പോര്‌. ഇടുക്കി അണക്കെട്ടിലെ ശുദ്ധജലത്തിൽ വളരുന്ന മീനുകൾ നേരിട്ട് പൊതുജനങ്ങൾക്ക് എത്തിക്കുന്ന പദ്ധതിയാണ് ‘മത്സ്യാരണ്യകം’. കട്‌ല, റോഹു, സിലോപ്പിയ തുടങ്ങിയവയാണ് പ്രധാനമായി ലഭിക്കുന്ന മീനുകൾ. വനംവകുപ്പിന്റെ നേതൃത്വത്തിൽ 2019-ൽ ആരംഭിച്ച മത്സ്യാരണ്യകം പദ്ധതി അഞ്ചുവർഷം പിന്നിടുമ്പോഴേക്കും 80 ലക്ഷം രൂപയ്ക്ക്‌ മുകളിൽ വരുമാനം നേടിക്കഴിഞ്ഞു. വർഷംതോറും കുറഞ്ഞത് 15 ലക്ഷം രൂപ വരുമാനമാണ് അംഗങ്ങൾക്ക് ലഭിക്കുന്നത്. വനത്തെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന ആദിവാസി സമൂഹത്തിന്റെ സാമ്പത്തിക സുരക്ഷയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. 2025 ഏപ്രിൽ മുതൽ കഴിഞ്ഞമാസം വരെ ലഭിച്ചത് ഏഴ്‌ ലക്ഷം രൂപയാണ്. കച്ചവടക്കാർക്ക് നേരിട്ട് കൊടുക്കുമ്പോൾ തുച്ഛമായ തുക മാത്രമേ ലഭിക്കാറുള്ളൂ. അതിനാൽ സ്വന്തമായി സ്റ്റാൾ ആരംഭിച്ചു. ഇപ്പോൾ ജീവിതസാഹചര്യം മാറിയെന്ന്‌ രവി ആശാനും മീൻ പിടിക്കാൻ പോകുന്ന ഏക വനിതയും ആശാന്റെ ഭാര്യയുമായ തങ്കമ്മയും പറയുന്നു. ​ സംഘടിത പ്രവർത്തനം ‘കൊലുമ്പൻ ഉന്നതി ഫിഷർമെൻ സബ് ഗ്രൂപ്പ്’ എന്ന പേരിൽ 12 അംഗങ്ങളടങ്ങിയ സംഘമാണ് മീൻപിടിച്ച്‌ വിൽപ്പന നടത്തുന്നത്. ഇടുക്കി വന്യജീവി സങ്കേതത്തിന്റെ മേൽനോട്ടത്തിലാണ്‌ ഇവരുടെ പ്രവർത്തനം. പാറേമാവ് കൊലുമ്പൻ ഉന്നതി നിവാസികളായ സി രഘു ചെയർമാനായും രതീഷ് പി ജോയ് സെക്രട്ടറിയായും സംഘത്തെ നയിക്കുന്നു. വാട്സാപ്പ് ഓർഡറുകൾ അനുസരിച്ച് മീൻ വൃത്തിയാക്കി നൽകുന്നതിനായി തൊഴിലാളിയെയും നിയമിച്ചിട്ടുണ്ട്. വരുമാനത്തിൽനിന്ന്‌ തൊഴിലാളിക്കും സ്ഥിരമായി പ്രതിഫലം നൽകുന്നു. മീൻ പിടിക്കാൻ പോകുമ്പോൾ സുരക്ഷയ്‌ക്കായി ലൈഫ് ജാക്കറ്റുകൾ ഉൾപ്പെടെ വനം വകുപ്പ് നൽകിയിട്ടുണ്ട്‌. ​ വിൽപ്പനയിങ്ങനെ പൈനാവിന് സമീപം വെള്ളാപ്പാറയിലാണ് മീൻവിൽപ്പന കേന്ദ്രീകരിച്ചിരിക്കുന്നത്. രാവിലെ വെള്ളാപ്പാറ ഫോറസ്റ്റ് ഓഫീസിന് സമീപമുള്ള സ്റ്റാളിലേക്ക്‌ ആവശ്യക്കാരൊഴുകിയെത്തും. കിലോയ്ക്ക് 250 മുതൽ 300 രൂപ വരെയാണ് വില. മുന്‍കൂര്‍ ഓര്‍ഡര്‍ ചെയ്തതിന്റെ അടിസ്ഥാനത്തിൽ മുൻഗണന ക്രമത്തിലാണ് വിൽപ്പന. ഓർഡറുകൾ ഇതിനായി രൂപീകരിച്ച വാട്സാപ്പ് ഗ്രൂപ്പിൽ അറിയിക്കാം. ലഭ്യത അനുസരിച്ച് പിറ്റേ ദിവസം രാവിലെ തന്നെ മീൻ വാങ്ങാം. ഇതിനായി രൂപീകരിച്ചിരിക്കുന്ന പ്രത്യേക വാട്‌സാപ്പ് ഗ്രൂപ്പില്‍ തലേദിവസം രാത്രിമുതൽ ഓര്‍ഡറുകള്‍ സ്വീകരിക്കും. മത്സ്യത്തിന്റെ ലഭ്യത അനുസരിച്ച്‌ രാവിലെ മുതല്‍ മത്സ്യം വാങ്ങാം. 7907499331 എന്ന വാട്‌സാപ്പ്‌ നമ്പറിലും ഓർഡറുകൾ നൽകാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home