പടുകയുടെ ദൃശ്യം

ഇടുക്കിയുടെ മിനി സിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന പടുക സന്ദർശിക്കുന്ന സഞ്ചാരികൾ. വെള്ളിലാങ്കണ്ടത്തിന് സമീപം ഇടുക്കി ജലാശയത്തിന്റെ വൃഷ്ടിപ്രദേശമാണിവിടം. വേനൽമഴ ലഭിച്ചതോടെ ധാരാളം പച്ചപുല്ലുകൾ വളർന്നതിനാൽ കാലികൾ മേയുന്നതും കാണാം. ഫോട്ടോ: ഷിബിൻ ചെറുകര
അജിന്‍ അപ്പുക്കുട്ടന്‍
Published on Jun 04, 2026, 12:15 AM | 1 min read
കട്ടപ്പന
പടുകയിലെ പച്ചവിരിച്ച പുല്‍മേടും വളഞ്ഞുപുളഞ്ഞു ഒഴുകുന്ന കൈത്തോടുകളും സൃഷ്ടിക്കുന്ന മനോഹാരിത കണ്ട് സഞ്ചാരികള്‍ നല്‍കിയ വിളിപ്പേരാണ് ‘മിനി സ്വിറ്റ്‌സര്‍ലന്‍ഡ്'. നാടുകാണാനിറങ്ങുന്നവര്‍ക്ക് ആവശ്യത്തിന് പച്ചപ്പും ഹരിതാഭയും ഇവിടെയുണ്ട്. പാടത്തിനൊത്ത നടുവില്‍ കൂറ്റന്‍ ശിഖരങ്ങളും വേരുമൊക്കൊയായി കടപുഴകി കിടക്കുന്ന ഉണക്കമരവും 'ഒരുസംഭവം' തന്നെ. കഴിഞ്ഞദിവസങ്ങളിലെ മഴയില്‍ കൈത്തോടുകള്‍ നീരണിഞ്ഞുതുടങ്ങി. മഴക്കാലത്ത് ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പുയരുമ്പോള്‍ വൃഷ്ടിപ്രദേശങ്ങളില്‍ വെള്ളം കയറുന്ന സമയങ്ങളില്‍ കണ്ണെത്താ ദൂരത്തോളം നീലജലാശയം രൂപപ്പെടും. എന്നാല്‍, പടുകയുടെ യഥാര്‍ഥ മനോഹാരിത ദൃശ്യമാകുന്നത് ജലനിരപ്പ് താഴുമ്പോഴാണ്. പച്ചപ്പ് നിറഞ്ഞ പുല്‍മേടുകള്‍ക്ക് നടുവിലൂടെ വളത്തും പുളഞ്ഞും ഒഴുകുന്ന കൈത്തോടുകള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങും. വള്ളത്തിലും മുളംചങ്ങാടത്തിലും അക്കരെയിക്കരെ കടക്കുന്നവരും ചൂണ്ടയിടുന്ന നാട്ടുകാരും പുല്‍മേട്ടില്‍ മേഞ്ഞുനടക്കുന്ന പശുക്കളുമെല്ലാം സ്വിറ്റ്‌സര്‍ലന്‍ഡിന്റെ 'ഫീല്‍' തരുമെന്നാണ് സഞ്ചാരികള്‍ പറയുന്നത്. ശനി, ഞായര്‍ ദിവസങ്ങളിലും മറ്റ് അവധിദിനങ്ങളിലും ഇവിടെ വലിയ തിരക്കാണ്. കാഞ്ചിയാര്‍, അയ്യപ്പന്‍കോവില്‍ പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായ ഇവിടെ കൂടുതല്‍ അടിസ്ഥാന സൗകര്യമൊരുക്കിയാല്‍ സന്ദര്‍ശകര്‍ കൂടുതലായി എത്തിത്തുടങ്ങും. ചലച്ചിത്ര പ്രവര്‍ത്തകരുടെയും വ്‌ളോഗര്‍മാരുടെയും ഇഷ്ടകേന്ദ്രമായും പടുക മാറിക്കഴിഞ്ഞു. സമൂഹമാധ്യമങ്ങളിലെമ്പാടും പടുകയുടെ ആകാശദൃശ്യങ്ങളും റീലുകളുമാണ്. കട്ടപ്പന- കുട്ടിക്കാനം മലയോര ഹൈവേയില്‍ വെള്ളിലാംകണ്ടത്തുനിന്ന് രണ്ടുകിലോമീറ്റര്‍ അകലെ കിഴക്കേമാട്ടുക്കട്ടയിലാണ് പടുക സ്ഥിതിചെയ്യുന്നത്.










0 comments