പട്ടയം: അപേക്ഷ സ്വീകരിക്കുന്നത് തടഞ്ഞ കോൺഗ്രസ് നടപടി കർഷകദ്രോഹം– കർഷകസംഘം

ഇടുക്കി
കൊന്നത്തടി വില്ലേജിൽ പട്ടയത്തിന് അപേക്ഷ സ്വീകരിക്കുന്നത് തടഞ്ഞ കോൺഗ്രസ് നടപടി കർഷകദ്രോഹവും പ്രതിഷേധാർഹവുമാണെന്ന് കേരള കർഷകസംഘം ജില്ലാ കമ്മിറ്റി പ്രസ്‌താവനയിൽ അറിയിച്ചു. കല്ലാർകുട്ടി പത്ത്ചെയിനിൽ പട്ടയം നൽകാൻ സർക്കാർ തീരുമാനം നേരത്തെയുണ്ട്. എന്നാൽ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് യുഡിഎഫ് നടത്തുന്ന അതിക്രമങ്ങൾക്കെതിരെ ശക്തമായ ജനകീയ പ്രതിരോധമുയർത്തും. ആറുപതിറ്റാണ്ടായി പട്ടയത്തിനായി കാത്തിരിക്കുന്ന കുടിയേറ്റജനതയുടെ ജീവിതം കരുപിടിപ്പിക്കാനുള്ള സ്വപ്‌നങ്ങളാണ് കോൺഗ്രസ് പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെയുള്ള നേതാക്കൾ തകർക്കാൻ ശ്രമിച്ചത്. സ്വന്തം കഴിവുകേടുകൾ മറയ്‌ക്കാൻ സുപ്രീംകോടതി വിധികളുടെ മറവിൽ വ്യാജപ്രചാരണങ്ങൾ നടത്തിയിരുന്ന കോൺഗ്രസിനെ ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. കേരള കർഷക സംഘം നേതൃത്വത്തിൽ പട്ടയത്തിനുള്ള അപേക്ഷകൾ വെള്ളിയാഴ്‌ച കർഷകർ വില്ലേജ് ഓഫീസിൽ സമർപ്പിക്കും. കോൺഗ്രസ് നേതാക്കളും കപടപരിസ്ഥിതി വാദികളും എക്കാലവും ജില്ലയിലെ പട്ടയവിതരണത്തിന് തടസ്സമുണ്ടാക്കാൻ കോടതി വ്യവഹാരങ്ങളിൽ തളച്ചിടുകയാണ്. ദേവികുളം താലൂക്കിലെ എട്ടുവില്ലേജുകളിൽ നിർമാണനിരോധനത്തിന് ഇടയാക്കിയത് കോൺഗ്രസ് നേതാക്കളാണ്. ഹൈക്കോടതിയും സുപ്രീംകോടതിയിലും വക്കാലത്ത് എടുത്തത് കെപിസിസി ജനറൽ സെക്രട്ടറിയായിരുന്നു. കാലാകാലങ്ങളായി ഭൂപ്രശ്നങ്ങളിലും കള്ളക്കേസുകളിലും കുരുക്കി കോൺഗ്രസ് നേതാക്കൾ കുടിയേറ്റ കർഷകരെ ശ്വാസം മുട്ടിക്കുകയാണ്. ഭൂപതിവ് നിയമഭേദഗതി ചട്ടം പാസാക്കിയാണ് എൽഡിഎഫ് സർക്കാർ കോൺഗ്രസ് സർക്കാരുകൾ കൊണ്ടുവന്ന കരിനിയമങ്ങളെ മറികടന്നത്. മുൻ വൈദ്യുതിമന്ത്രി എം എം മണി എംഎൽഎ ഇടപെട്ടാണ് ഇരട്ടയാർ ഉൾപ്പെടെയുള്ള പദ്ധതി മേഖലകളിൽ പട്ടയം നൽകിയത്. കല്ലാർകുട്ടി പദ്ധതി പ്രദേശങ്ങളിൽ പട്ടയം നൽകുന്നതിന് കെഎസ്‌ഇബിയ്‌ക്ക് തടസ്സമില്ലെന്നും അറിയിച്ചതാണ്. മന്ത്രി റോഷി അഗസ്‌റ്റിൻ, സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ്, കേരള കർഷകസംഘം, എൽഡിഎഫ് ജില്ലാ നേതാക്കളും നടത്തിയ നിരന്തര ശ്രമഫലമാണ് പട്ടയം നൽകാൻ ഇപ്പോൾ നടപടിയായത്. കല്ലാർകുട്ടി, ചെങ്കുളം അണക്കെട്ടുകളുടെ പദ്ധതിമേഖലകളിലും വവിധ വകുപ്പുകളുടെ സംയുക്ത പരിശോധനയും സർവേയും പൂർത്തിയായിട്ടുണ്ട്. ആദ്യഘട്ടമായി വെള്ളത്തൂവല്‍ വില്ലേജില്‍ ഉള്‍പ്പെട്ട മൂന്ന് ചെയിന്‍ ഒഴിച്ചുള്ള പ്രദേശങ്ങളിലെയും കുഞ്ചിത്തണ്ണി വില്ലേജില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളിലെയും കൈവശക്കാര്‍ 1964 ലെ ഭൂമി പതിവ്ചട്ടങ്ങള്‍ പ്രകാരം ഭൂമി പതിവിനുള്ള അപേക്ഷ അനുബന്ധരേഖകള്‍ സഹിതം വില്ലേജ് ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കാനും റവന്യൂ വകുപ്പ് നടപടി സ്വീകരിച്ചത്. തുടർന്നാണ് കൊന്നത്തടി വില്ലേജിൽ പട്ടയനടപടി തുടങ്ങിയത്. വില്ലേജ് ഓഫീസിൽ കർഷകരും സാധാരണക്കാരും പട്ടയത്തിന് അപേക്ഷ നൽകാനെത്തുന്പോൾ തടയാൻ ശ്രമിച്ചാൽ കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും കർഷകർ ശക്തമായി പ്രതിരോധിക്കുമെന്ന് കർഷകസംഘം ജില്ലാ പ്രസിഡന്റ് എൻ വി ബേബി, സെക്രട്ടറി റോമിയോ സെബാസ്‌റ്റ്യൻ എന്നിവർ പ്രസ്‌താവനയിൽ അറിയിച്ചു.











0 comments