വികസന നായകന് മലനാടിന്റെ സ്നേഹാഭിവാദ്യം
നന്മയുള്ള കാലമേ തുടരൂ

എൽഡിഎഫ് ഇടുക്കി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ എൽഡിഎഫ്‌സ്ഥാനാർഥി റോഷി അഗസ്‌റ്റിൻ എം എം മണി എംഎൽഎ, സി വി വർഗീസ് എന്നിവർ ചേർന്ന് ഏലക്കാമാലയണിയിച്ച് സ്വീകരിക്കുന്നു. ഫോട്ടോ ഷിബിൻ ചെറുകര
കെ ടി രാജീവ്
Published on Mar 25, 2026, 12:00 AM | 2 min read
ഇടുക്കി
പൊരുതി നേടിയ കുടിയേറ്റ മണ്ണിന്നവകാശം നൽകി, നാടിന്നാകെ നന്മ വിതറിയ വികസന നായകനെ ഹൃദയത്തോട് ചേർത്ത് മലയോര ജനത. നവ കേരളത്തിനൊപ്പം കുതിക്കാൻ നവ ഇടുക്കിയും സജ്ജമാണെന്ന വിളംബരമായി കരുതലിന്റെ കാവലാളായ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടുക്കിയിലെ തെരഞ്ഞെടുപ്പ് പര്യടനം. നാടിനെ മാറ്റിമറിച്ച വികസന വഴികളിലൂടെ വീണ്ടും വേഗം കൂട്ടണമെന്ന പൊതു ആശയ പ്രകടനം എല്ലായിടങ്ങളിലും. വെറുമൊരു ജനക്കൂട്ടമായിരുന്നില്ല, വികസനത്തിന്റെ അർഥമറിഞ്ഞ ജനതയുടെ നാടിനെ പിന്നോട്ടടിക്കാൻ അനുവദിക്കില്ലെന്ന ദൃഢനിശ്ചയമാണ് നാല് കേന്ദ്രങ്ങളിലും മുഴങ്ങിയത്. ഒപ്പം തുടർവികസനത്തിന്റേയും ക്ഷേമത്തിന്റേയും അതിരുകളില്ലാ ആകാശത്തേയ്‌ക്ക് പറക്കാനുള്ള പൊതു സമൂഹത്തിന്റെയാകെ പൊതുസമ്മതവും പിന്തുണയും. ചൊവ്വ രാവിലെ കൃത്യം 10ന് കട്ടപ്പനയിൽ വാർത്താസമ്മേളനത്തിൽ ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കാൻ സ്വീകരിച്ച എണ്ണമറ്റ പട്ടിക സംശയലേശമന്യേ നിരത്തി. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി. പകൽ 11ന് ഇടുക്കി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി റോഷി അഗസ്റ്റിന്റെ തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം.
പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷം ഭൂ സ്വാതന്ത്ര്യം നൽകിയ ഇടുക്കിയുടെ സംരക്ഷകൻകൂടിയായ മുഖ്യമന്ത്രിയെ ആയിരക്കണക്കായ കുടിയേറ്റ കർഷകരാണ് സ്നേഹോഷ്മള വരവേൽപ്പ് നൽകിയത്. സ്ഥാനാർഥി റോഷി അഗസ്റ്റിനും സി വി വർഗീസും എം എം മണിയും ഏലക്കാ മാലയിട്ട് മുഖ്യമന്ത്രിയെ വരവേറ്റു. അതിജീവനവും പ്രതിരോധവുമുയർത്തി മലമടക്കുകളിൽ ജീവിതം വിരിവച്ച അധ്വാന ജനതക്ക് കൈത്താങ്ങായ സർക്കാർ തുടരണമെന്ന സന്ദേശം നൽകി. വെയിലിന്റെ കാഠിന്യംകുറഞ്ഞ മൂന്നോടെ ദേവികുളം മണ്ഡലത്തിലേക്ക്. അടിമാലി പഞ്ചായത്ത് മൈതാനിയിൽ ആദിവാസി ഉന്നതികളിൽ നിന്നുൾപ്പെടെ ആയിരങ്ങളാണ് സ്വീകരിക്കാനെത്തിയത്. തുടർന്ന് അഞ്ചോടെ ഉടുമ്പൻചോലയിലേക്ക്. ആസ്ഥാനമായ നെടുങ്കണ്ടത്ത് എം എം മണി എംഎൽഎയും സ്ഥാനാർഥി കെ കെ ജയചന്ദ്രനും മറ്റ് നേതാക്കളും അടങ്ങുന്ന വൻ സഞ്ചയം മണിക്കൂറുകളോളം കാത്തുനിന്ന് സ്വീകരിച്ചു. ഒരുമണിക്കൂർ പ്രസംഗത്തിനുശേഷം നേരെ പീരുമേട്ടിലേക്ക്. ഒരു മണിക്കൂറിലേറെ യാത്ര. വൈകിട്ടും തോട്ടംതൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ വൻ ജനാവലി.
തെരഞ്ഞെടുപ്പ് ആവേശവും ഉത്സാഹവും ഓരോ പ്രവർത്തകരിലും നിഴലിച്ചു. കരുതലും കൈത്താങ്ങും നൽകിയ സർക്കാരിന് തുടർ കരുത്താക്കണമെന്ന ആഹ്വാനവുമായെത്തിയ മുഖ്യമന്ത്രിയെ സ്വീകരിക്കാനെത്തിയത് നാടിന്റെ പരിഛേദം. പിന്നോക്ക പട്ടികയിൽപ്പെടുത്തിയ മലയോര നാട്ടിൽ വികസന വിപ്ലവം കൊണ്ടുവന്ന ജനകീയ സർക്കാരിന് അകൈതവ പിന്തുണയായി എത്തിയത് വികസന നേർ സാക്ഷ്യം അറിഞ്ഞ ജനത'എം എം മണി എംഎല്‍എ, സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്, സിപിഐ ജില്ലാ സെക്രട്ടറി ഇന്‍ ചാര്‍ജ് ജോസ് ഫിലിപ്പ്, കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാല്‍, മുൻ എംപി അഡ്വ. ജോയ്സ് ജോർജ്, നേതാക്കളായ അനില്‍ കൂവപ്ലാക്കല്‍, സി എസ് രാജേന്ദ്രന്‍, ജോണി ചെരിവുപറമ്പില്‍, എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.










0 comments