ad
Deshabhimani

തുടരും ഹൃദയപൂർവം

dyfi

തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ഡിവൈഎഫ്ഐ പൊതിച്ചോര്‍ വിതരണംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 21, 2026, 12:15 AM | 1 min read

തൊടുപുഴ

"അമ്മയ്‍ക്ക് ഒരു മാസം പലതവണ ആശുപത്രിയില്‍ കിടത്തി ചികിത്സ ആവശ്യമായി വരാറുണ്ട്. അപ്പോഴൊക്കെ ഒരു നേരത്തെ വിശപ്പ് മാറ്റാൻ സഹായിക്കുന്നത് ഈ പൊതിച്ചോറാണ്. എന്നും മുടങ്ങാതെ ഇതെത്തുമെന്ന പ്രതീക്ഷയാണ് ഇവിടെ ഓരോരുത്തര്‍ക്കും. എത്രയോ പേരാണ് ഈ സ്‍നേഹപ്പൊതിക്കായി കാത്തിരിക്കുന്നത്. ഈ പദ്ധതി നിര്‍ത്താനൊരുങ്ങുന്നത് ഞങ്ങളപ്പോലുള്ളവര്‍ക്ക് സഹിക്കാനാകുന്നതല്ല'. തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ഡിവൈഎഫ്ഐ എത്തിക്കുന്ന പൊതിച്ചോറുകള്‍ അകറ്റിയ വിശപ്പിന്റെ വിലയറിഞ്ഞ് പെരുമ്പിള്ളിച്ചിറ സ്വദേശി കെ വി സിജി പറയുന്നു. സിജി ഒരു വലിയ വിഭാഗത്തിന്റെ പ്രതിനിധിയാണ്. സ്‍നേഹം നിറഞ്ഞ ഭക്ഷണപ്പൊതികള്‍ക്കായി കാത്തിരിക്കുന്നവരുടെ പ്രതിനിധി. ഒരുദിവസം പോലും മുടങ്ങാതെ ഞങ്ങള്‍ക്കായി ഇവരെത്തും. ചിരിയോടെ പൊതി നീട്ടും. ഇത് ഇങ്ങനെ തന്നെ തുടരണം. ആശുപത്രിയില്‍ പൊതിച്ചോര്‍ വാങ്ങാനെത്തിയവര്‍ മനം നിറഞ്ഞ് പറഞ്ഞു. അക്ഷരാര്‍ഥത്തില്‍ വയറെരിയുന്നവരുടെ മിഴി നിറയാതെ നോക്കുകയാണ് യുവത. തങ്ങളെ കാത്തിരിക്കുന്നവരെ ഒരിക്കല്‍ പോലും നിരാശപ്പെടുത്താതെ അവരത് തുടരുന്നു, ഓരോ വീടുകളില്‍നിന്നും ശേഖരിക്കുന്ന പൊതിച്ചോറുകളുമായി കഴിക്കാൻ നേരമാകുമ്പോഴേയ്‌ക്കും അവരോടിയെത്തും. ഹൃദയപൂർവം പദ്ധതിയുടെ ഭാഗമായി തൊടുപുഴയിലെ ജില്ലാ ആശുപത്രിയില്‍ 1631ാം ദിവസത്തെ വിതരണമായിരുന്നു തിങ്കളാഴ്‍ച. 2020 ജനുവരി ഒന്നിന് പീരുമേട് താലൂക്ക് ആശുപത്രിയിലാണ് ജില്ലയില്‍ ആദ്യമായി പദ്ധതി തുടങ്ങിയത്. കൃത്യം ഒരുവര്‍ഷം പിന്നിട്ടപ്പോള്‍ തൊടുപുഴ ജില്ലാ ആശുപത്രിയിലും ആരംഭിച്ചു. രണ്ടിടത്തുമായി 10,25,000 പൊതിച്ചോറുകളാണ് വിതരണംചെയ്‍തത്. തൊടുപുഴയില്‍ ശരാശരി 250 പൊതിച്ചോറുകള്‍ വരെയും പീരുമേട്ടില്‍ 150 എണ്ണവും ദിവസേന കരുതുന്നുണ്ട്. തൊടുപുഴ ഈസ്റ്റ്‌, വെസ്റ്റ്, മൂലമറ്റം, കരിമണ്ണൂർ ബ്ലോക്ക്‌ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് തൊടുപുഴയിലെ വിതരണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home