പുറപ്പാട് മുതല്‍ പള്ളിച്ചട്ടമ്പി വരെ
ഗ്രാമങ്ങള്‍ പറയുന്നു, "സ്റ്റാര്‍ട്ട് ആക്ഷൻ, കട്ട്'

കുടയത്തൂർ പാലത്തിന്റെ ആകാശദൃശ്യം
എ ആര്‍ അനീഷ്
Published on Oct 09, 2025, 12:15 AM | 1 min read
മൂലമറ്റം
ജേസി "പുറപ്പാടിന്റെ' അവസാന ഷോട്ടെടുത്ത് പാക്ക്‍അപ് പറഞ്ഞു. ഒരു പ്രദേശം സിനിമയ്‍ക്കായി അണിഞ്ഞൊരുങ്ങി, മമ്മൂട്ടിക്കും പാര്‍വതിക്കുമൊപ്പം മറ്റൊരു കഥാപാത്രമായി. പിന്നീടിവിടം സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷനാകുമെന്നോ ബോളിവുഡ് താരങ്ങള്‍ വരെ ഇവിടെയെത്തുമെന്നോ ആരും കരുതിക്കാണില്ല. ഇന്ന് നൂറിലേറെ ചിത്രങ്ങള്‍ക്ക് ലൊക്കേഷനാകുകയാണിവിടം, മൂലമറ്റം കുടയത്തൂർ, മുട്ടം ഗ്രാമങ്ങള്‍.
കേരളത്തിന്റെ കൊടൈക്കനാല്‍
പ്രദേശമാകെ പരന്നുകിടക്കുന്ന മലങ്കര ജലാശയവും പരിസരവുമാണ് ഏറെ ആകര്‍ഷകം. സിനിമാക്കാര്‍ക്കിടയിലെ കേരളത്തിന്റെ കൊടൈക്കനാല്‍. പ്രകൃതിഭംഗി തന്നെയാണ് ഈ പേരുകിട്ടാൻ കാരണമായതും. ഗ്രാമീണതയ്‍ക്ക് മറ്റൊരു ലൊക്കേഷന്‍ തേടേണ്ടതില്ല. നല്ല വേനലിലും പ്രദേശം പച്ചപ്പ് സമ്മാനിക്കും. മോഹൻലാലിന്റെ "ദൃശ്യ'ത്തിന് ഗ്രാമഭംഗി പകര്‍ന്നത് മൂലമറ്റം തേക്കുംകൂപ്പും കുടയത്തൂർ കൈപ്പക്കവലയുമാണ്. പുറപ്പാട് മൂലമറ്റം എകെജി നഗറും തൂക്കുപാലവും ഇലപ്പള്ളി വെള്ളച്ചാട്ടവും തുടങ്ങി പ്രദേശത്തെ മുഴുവൻ സൗന്ദര്യവും ഒപ്പിയെടുത്തു. നിരവധി നാട്ടുകാരും സിനിമയില്‍ മുഖം കാണിച്ചു. രസതന്ത്രത്തിലെ "ആറ്റിൻകരയോരത്തെ ചാറ്റൽ മഴ' ഗാനത്തിന് പശ്ചാത്തലമായത് മലങ്കര ജലാശയമാണ്. കുടയത്തൂരിലെ മുക്കവലയും പാലവും എല്ലാ സിനിമകളിലും കാണാം. പ്രദേശത്ത് ഷൂട്ട് ചെയ്യാൻ വലിയ സാമ്പത്തിക ചെലവുമില്ല. മലയാള സിനിമയെ ഇവിടെയെത്തിച്ചത് ദാസ് തൊടുപുഴ എന്ന ലൊക്കേഷൻ മാനേജരാണ്.
ഹിറ്റ് ചാര്‍ട്ട്
മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നിരവധി സിനിമകൾക്ക് പ്രദേശം ഇതിനകം ലൊക്കേഷനായി. വാസതിയും ലക്ഷ്മിയും പിന്നെ ഞാനും, മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്‍നവും, വജ്രം, കുഞ്ഞിക്കൂനൻ, വെള്ളിമൂങ്ങ, ഓം ശാന്തി ഓശാന, രസതന്ത്രം, കഥ പറയുമ്പോള്‍, കട്ടപ്പനയിലെ ഋത്വിക് റോഷൻ, വിസ്‍മയത്തുന്പത്ത്, സ്വപ്‍നംകൊണ്ട് തുലാഭാരം, നാടൻപെണ്ണും നാട്ടുപ്രമാണിയും തുടങ്ങി നിരവധി ഹിറ്റുകള്‍ ഇവിടെയൊരുങ്ങി. ദൃശ്യത്തിനായി കമല്‍ഹാസനും അജയ്‍ദേവ്‍ഗണും മോഹൻലാലിന് പുറമേയെത്തി. നിലവില്‍ ദൃശ്യം മൂന്ന്, ടോവിനോയുടെ "പള്ളിച്ചട്ടമ്പി' എന്നിവയാണ് ഇവിടെ ചിത്രീകരിക്കുന്നത്.










0 comments