ad
Deshabhimani

ഇവിടെയുണ്ട് ആനയോളം കാഴ്ചകൾ

wild elephant

ആനക്കുളത്തെ കാട്ടാനകൂട്ടം

avatar
ടി കെ സുധേഷ്‌കുമാർ

Published on Dec 12, 2025, 12:30 AM | 2 min read

അടിമാലി

​തെരഞ്ഞെടുപ്പിന്റെ ചൂടാറിത്തുടങ്ങിയതോടെ വെയിലിന്റെ ചൂടില്‍ കുളിർമതേടി സഞ്ചാരികൾ എത്തിതുടങ്ങി. വീണ്ടും സജീവമായി ഹൈറേഞ്ചിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍. തെരഞ്ഞെടുപ്പ് ആരവം ഒഴിഞ്ഞതോടെ ക്രിസ്‌മസ് പുതുവത്സരാഘോഷങ്ങള്‍ക്കായി സഞ്ചാരികളെ കാത്ത് ഗ്രാമവീഥികളും ഒരുങ്ങിതുടങ്ങി. ജില്ലയിലേക്കെത്തുന്ന സഞ്ചാരികളെ സ്വീകരിക്കാനായി കവാടമായ നേര്യമംഗലം മുതല്‍ പാതയോരങ്ങളില്‍ കരിക്കും പഴവര്‍ഗങ്ങളും ശീതള പാനീയങ്ങളും കരകൗശല ഉല്‍പ്പന്നങ്ങളുമായി വഴിയോകച്ചവടക്കാരും സജീവമായി. ചെറുതും വലുതുമായ സുഗന്ധവിള തോട്ടങ്ങളും ചോക്ലേറ്റ് നിര്‍മാണ കേന്ദ്രങ്ങളും വിൽപ്പന ശാലകളും സഞ്ചാരികളുടെ പ്രധാനകേന്ദ്രങ്ങളാണ്. വിവിധ രൂപത്തിലുള്ള സിപ്ലൈന്‍ കേന്ദ്രങ്ങള്‍, ഹൈഡല്‍ പാര്‍ക്കുകള്‍, കായിക വിനോദ സാഹസിക യാത്രകള്‍ക്കെല്ലാം സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്‌. ചീയപ്പാറ, വാളറ, ആറ്റുകാട് വെള്ളചാട്ടങ്ങളും ആകര്‍ഷകം.

ഉദയാസ്തമയ കാഴ്ച്ചകൾ

​കാഴ്ച്ചയുടെ മനോഹാരിതയിൽ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളാാായി മാറിയ ഇടമാണ് അടിമാലിക്കടുത്തുള്ള പെട്ടിമുടിയും കോട്ടപ്പാറ മലനിരകളും. ആകാശത്ത് ചുവപ്പ് വാരിവിതറുന്ന ഉദയാസ്തമയ കാഴ്ച്ചകളും ഈ മലമുകളില്‍നിന്നും മതിവരുവോളും ആസ്വദിക്കാം. മാനം മുട്ടെ ഉയര്‍ന്ന് നില്‍ക്കുന്ന മലനിരകള്‍ ആകാശക്കാഴ്ചയുടെ ദൃശ്യവിരുന്നാണൊരുക്കുന്നത്. ദിവസേന നൂറുകണക്കിന് തദ്ദേശിയരും ഇതരസംസ്ഥാന സഞ്ചാരികളുമായവരാണ് കാഴ്ച്ചകള്‍ കണ്ട് മടങ്ങുന്നത്. ക്യാമറയുടെ അഭ്രപാളികളില്‍ പകര്‍ത്തിയാലും തീരാത്ത വിദൂരകാഴ്ചകളാണ് ഇവിടെയുള്ളത്‌. സുരക്ഷിതമായി കാഴ്ച്ചകള്‍ കണ്ട് ചിത്രങ്ങള്‍ പകര്‍ത്താന്‍ കോട്ടപ്പാറയില്‍ വാച്ച്ടവര്‍ ഒരുങ്ങുന്നുണ്ട്‌. കുതിരകുത്തി മലനിരയും ആദിവാസി ഉന്നതികളും വിനോദ സഞ്ചാരികളുടെ ഇടമായിമാറി.

ആനക്കുളത്തെ നീരാട്ട്‌

മൂന്നാറിലേക്കുള്ള യാത്രയില്‍ കൊരങ്ങാട്ടി മാങ്കുളത്തെത്തിയാല്‍ മാങ്കുളം ആനക്കുളത്ത് പുഴയില്‍ നീന്തിതുടിക്കുന്ന കാട്ടാനകൂട്ടത്തെ കണ്ടാസ്വദിക്കാം. കരിവീരന്മാരെ കൂട്ടത്തോടെ കാണാന്‍ സഞ്ചാരികളുടെ തിരക്കോട് തിരക്കാണ്‌. ആനകള്‍ രാത്രി നീരാട്ട് നടത്തുന്ന ആനക്കുളം. ഇതര വിനോദസഞ്ചാര കേന്ദ്രങ്ങള്‍ പകല്‍ സഞ്ചാരികളെ കൊണ്ട് നിറയുമ്പോള്‍ ആനക്കുളത്ത് സഞ്ചാരികള്‍ കൂടുതലായി എത്തുന്നത് രാത്രികാലത്താണ്. ആനകള്‍ നിറയുമ്പോഴാണ് ആനക്കുളത്തിന്റെ സൗന്ദര്യവും. വേനല്‍ കനക്കുന്നതോടെ ആനക്കുളത്തെ കാട്ടരുവിയില്‍ നിന്നും വെള്ളം കുടിക്കാന്‍ കാട്ടാനകൂട്ടങ്ങള്‍ എത്തിതുടങ്ങി. പുഴയിലിറങ്ങുന്ന ആനക്കൂട്ടം രാത്രികാലത്ത് മതിവരുവോളം ഇവിടെ ചിലവഴിക്കും. പുഴയില്‍ ഉപ്പ് രസമുള്ള ചുഴിയുണ്ട്. ഈ ചുഴിയില്‍ തുമ്പികൈകൊണ്ട് ഇളക്കി വെള്ളം കുടിച്ച് രസിക്കും. ഈ ആനക്കുളിക്കാണാനെത്തുന്നവരാണ് രാത്രികാലത്ത് ആനക്കുളത്ത് ആളനക്കമുണ്ടാക്കുന്നത്.ആനക്കാഴ്ച്ചയും രാത്രിയുടെ കുളിരും നിശബ്ദതയും കാടിന്റെ വന്യതയുമെല്ലാം ഇതര വിനോദസഞ്ചാരകേന്ദ്രങ്ങളില്‍നിന്നും വേറിട്ടതാണെന്ന്‌ സഞ്ചാരികള്‍ പറയുന്നു. നിശബ്ദമായി ഒഴുകുന്ന അരുവിയാണ് ആനക്കുളത്ത് കാടിനേയും നാടിനേയും തമ്മില്‍ വേര്‍തിരിക്കുന്നത്. അരുവിയുടെ തീരത്തുകൂടി പോകുന്ന നാട്ടുവഴിയില്‍ നിന്നാല്‍ ആനക്കുളത്തെ രാത്രികാല കാഴ്ച്ചകള്‍ ആസ്വദിക്കാം. അടുത്ത മഴക്കാലമാകും വരെ ആനകളിങ്ങനെ ആനക്കുളത്തെ രാത്രികാലത്ത് സജീവമാക്കി നിര്‍ത്തും. ഇത്തവണത്തെ ക്രിസ്‌മസ് പുതുവത്സരം ആഘോഷിക്കാന്‍ സഞ്ചാരികളുടെ തിരക്കേറുമെന്ന പ്രതീക്ഷയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home