ആയുര്‍വേദ ആശുപത്രിക്കുനേരെ കല്ലേറ്: യുവാവ് പിടിയില്‍

നെടുങ്കണ്ടം
ചാറൽമേട് ഗവ. ആയുർവേദ ആശുപത്രിക്കുനേരെ കല്ലേറ് നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രദേശവാസിയായ കല്ലേലുങ്കേൽ ബിജുമോനാണ് പിടിയിലായത്. വ്യാഴം രാവിലെ 10.30ഓടെയാണ് സംഭവം. ശരീരവേദനയ്ക്ക് കുഴമ്പ് ആവശ്യപ്പെട്ടാണ് ആശുപത്രിയിലെത്തിയത്. ഈസമയം ഡോക്ടർ ഇല്ലാതിരുന്നിട്ടും ജീവനക്കാർ കുഴമ്പ് നൽകി. എന്നാൽ, കൂടുതൽ അളവിൽ വേണമെന്ന് പറഞ്ഞ് ജീവനക്കാരെ അസഭ്യം പറഞ്ഞു. തുടർന്ന് റോഡിലെത്തി ആശുപത്രി കെട്ടിടത്തിനുനേരെ കല്ലെറിയുകയായിരുന്നു. രണ്ടാം നിലയിലെ ജനാലകളുടെ ചില്ലുകൾ എറിഞ്ഞുതകർത്തു. ആശുപത്രിയിൽ രോഗികൾ ഉള്ളപ്പോഴാണ് ആക്രമണം. ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടി. സ്ഥിരം മദ്യപാനിയും ലഹരിക്കടിമയുമായ ബിജുമോൻ മേഖലയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത് പതിവാണ്. സ്ത്രീകൾ മാത്രമുള്ള വീടുകളിലെത്തി നഗ്നതാപ്രദർശനം നടത്തുന്നതായും ശല്യംഭയന്ന് സ്വയരക്ഷയ്ക്കായി വീടുകളിൽ മുളക് കലക്കിയ വെള്ളം സൂക്ഷിക്കുമെന്നും നാട്ടുകാർ പറയുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.









0 comments