ad
Deshabhimani

‘റാഗി’ ഗോത്രകൃഷിയുടെ നല്ലപാഠം

കുഞ്ചിപ്പെട്ടി തിന

കുഞ്ചിപ്പെട്ടി പാടശേഖരത്തില്‍ വിളഞ്ഞ റാഗി

avatar
ടി കെ സുധേഷ്‌കുമാർ

Published on Dec 22, 2025, 11:12 PM | 2 min read

അടിമാലി ​പരമ്പരാഗത ഗോത്ര കൃഷിയിലേക്ക് ഒരിക്കകൂടി ചുവട് വയ്ക്കുകയാണ് കുഞ്ചിപ്പെട്ടിയും കട്ടമുടിയും. നഷ്ടമായ ഗതകാല സ്മൃതികള്‍ ഇവിടെ വീണ്ടെടുക്കുകയാണ്. അന്യം നിന്ന്പോയ റാഗി കൃഷിയാണ് വീണ്ടും വിളവെടുപ്പിന് പാകമാകുന്നത്. കുഞ്ചിപ്പെട്ടിയിലെ വയലേലകളില്‍ ഇത്തവണ നെല്ലിനൊപ്പം ഇടവിളയായി റാഗി വിതച്ച് നാമ്പെടുത്ത്. നെല്‍പ്പാടത്തിന്റെ വരമ്പിലും മറ്റുമാണ് വിത്ത് വിതച്ചത്. ആദിവാസികളുടെ പരമ്പരാഗത കൃഷികളായ കുറുമ്പുല്ല്, തെന, ചാമ ഉള്‍പ്പെടെയുള്ള കൃഷികള്‍ ഉന്നതികളില്‍ തിരിച്ച് വരുന്നതിന്റെ തുടക്കമാണ് ഈ കര്‍ഷകരുടെ ഇടപെടല്‍. മണ്ണിനെയും പരിസ്ഥിതിയെയും സംരക്ഷിച്ചുകൊണ്ടുള്ള പ്രാചീന കൃഷിരീതികള്‍ക്കിണങ്ങുന്ന ചുറ്റുപാടുകള്‍ നഷ്ടമായതോടെ ഇതില്‍നിന്നും ഇവര്‍ പിന്‍മാറിയിരു ന്നു.പുനംകൃഷി അഥവാ മാറ്റകൃഷിയാണ് ആദിവാസികള്‍ നടത്തിയിരുന്നത്. കാടിനുള്ളിലെ തുറസ്സായ സ്ഥലം കണ്ടെത്തി മണ്ണിളക്കാതെ നെല്ല്, കുറുമ്പുല്ല്, തിന, ചാമ, ചോളം, റാഗി എന്നീ ധാന്യങ്ങളാണ് ആദിവാസികള്‍ കൃഷിചെയ്തിരുന്നത് വലിയ കോറാന്‍, ചെറുകോറാന്‍, മീന്‍കണ്ണി, ചങ്കിലിക്കോറാന്‍, മട്ടിക്കാവ എന്നിവയണ് കുറുമ്പുല്ലിനങ്ങള്‍. മൂന്ന് മുതല്‍ നാല് മാസം വരെയാണ് വിളകള്‍ മൂപ്പെത്താന്‍ വേണ്ടത്. മൂന്നുമാസംകൊണ്ട് വിളയുന്ന ഇളംചാമയും ആറുമാസംകൊണ്ട് വിളയുന്ന വിലയചാമയും ഇവര്‍ കൃഷിചെയ്തിരുന്നു. കരയിലും വയലിലും കൃഷിചെയ്തിരുന്ന നെല്ലിനങ്ങളായ തലവരശാന്‍, പൊക്കാളി, പെരുനെല്ല്, വെള്ളപ്പെരുവാഴ, മഞ്ഞപ്പെരുവാഴ എന്നീ ഇനങ്ങളും ചുരുങ്ങി. പുനംകൃഷി നിരോധിക്കുകയും വനത്തില്‍ മണ്ണിന്റെ ഫലപുഷ്ടി കുറയുകയും ആവര്‍ത്തനകൃഷിമൂലം വിളവില്ലാതാവുകയും ചെയ്തതോടെയാണ് പാരമ്പര്യ കൃഷിയില്‍നിന്ന് കര്‍ഷകര്‍ പിന്‍വാങ്ങിയത്. തലമുറകളായി ഇവര്‍ കൃഷി ചെയ്തിരുന്ന മക്കച്ചോളം, റാഗി, വരഗ്, ചാമ, തെന തുടങ്ങിയ വിളകള്‍ അപ്രത്യക്ഷമായി. ഈ ധാന്യങ്ങള്‍ ദീര്‍ഘകാലം കേടുകൂടാതെ സൂക്ഷിച്ച് വയ്ക്കാന്‍ കഴിയും. പഴയകാലത്തെ പഞ്ഞമാസങ്ങളില്‍ ഇങ്ങനെ സൂക്ഷിച്ച് വയ്ക്കുന്ന ധാന്യങ്ങളും കിഴങ്ങ് വര്‍ഗങ്ങളുമായിരുന്നു ഇവര്‍ ഭക്ഷിച്ചിരുന്നത്. കുറുമ്പുല്ലുകൊണ്ടുള്ള കട്ടി ആദിവാസികള്‍ക്ക് ഇഷ്ട ഭക്ഷണമായിരുന്നു. അതോടൊപ്പം നെല്ല് വിളയുന്നതിന് മുമ്പ് കൊയ്തെടുത്ത് ഇത് ആവിയില്‍ വേവിച്ച് സത്ത് പിഴിഞ്ഞെടുത്ത് തേന്‍ ചേര്‍ത്ത് ഉണ്ടാക്കുന്ന പ്രത്യേക തരം ആഹാരമാണ് വെള്ളക്കട്ടി. ഇതില്‍ പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നാണ് പറയുന്നത്‌. കുറുമ്പുല്ല് കുറുക്കിയെടുത്ത് കട്ടിഞണ്ട് ചാറ് കൂട്ടിയാണ് ഇവര്‍ ഉപയോഗിക്കുന്നത്. ഇന്ന് മലയാളി മറക്കുന്ന ധാന്യങ്ങള്‍ ഒരുകാലത്ത് നമ്മുടെ പാടങ്ങളിലും വിളഞ്ഞിരുന്നു. ഇതുകൊണ്ടുണ്ടാക്കുന്ന നാടന്‍ ആഹാരക്രമങ്ങള്‍ നമ്മുടെ തീന്‍മേശയില്‍നിന്നും മാഞ്ഞുപോയി. ഇടമലക്കുടി, ചെമ്പകത്തൊഴുകുടി തുടങ്ങിയ ആദിവാസിമേഖലകളില്‍ മാത്രമാണ് ഇന്ന് കുറുമ്പുല്ല്, റാഗി കൃഷികള്‍ അവശേഷിക്കുന്നത്. ഇപ്പോള്‍ കുഞ്ചിപ്പെട്ടിയും കട്ടമുടിയും വീണ്ടെടുക്കുന്നു തനത് കൃഷിരീതികള്‍. മണ്ണിനൊപ്പം ആരോഗ്യവും സംരക്ഷിക്കാന്‍. ഇവര്‍ക്ക് താങ്ങും തണലുമായി ഹരിത കേരളം മിഷനും ഒപ്പമുണ്ട്. ​ ​



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home