കൈതോല പായവിരിച്ച്...

കൈതപ്പനകൾ
ടി കെ സുധേഷ്‌കുമാർ
Published on Apr 23, 2026, 12:15 AM | 1 min read
അടിമാലി
കൈതോല പായവിരിച്ച്, പായേലൊരുപറ നെല്ല് പൊലിച്ച്... നാടൻ പാട്ടിന്റെ ഇൗരടികൾ. വീടിന്റെ ഇളം തിണ്ണയിൽ പായവിരിച്ച്കഥകൾ പറഞ്ഞിരുന്ന മുത്തശ്ശിമാരുമൊക്കെ ഓർമയായി. കൈതോല പായയിൽ ഉണ്ടും ഉറങ്ങിയും കഴിഞ്ഞ മലയാളികളുടെ ജീവിതത്തിന്റെ കുളിർമയും ആരോഗവുമായി. വിലകുറഞ്ഞ പ്ലാസ്‌റ്റിക് ഉൽപ്പന്നങ്ങൾ ജീവിതത്തിലേക്ക് കടന്നുകയറിയപ്പോൾ ഹൈറേഞ്ചിൽനിന്നും കൈതോല പനകൾ ഏതാണ്ട് പൂർണമായും വിടവാങ്ങി. അങ്ങിങ്ങായി പുഴയൊരത്ത് ചില കാട് പിടിച്ച ചതുപ്പ് നിലങ്ങളിലും മാത്രമായി ചില ചെടികൾ ഓലവിടർത്തി നിൽക്കുന്നത് കാണാം.വീടുകളിലെ ചടങ്ങുകളിലെ പരവതാനി. വിശേഷദിവസങ്ങളിൽ കുടുംബാംഗങ്ങളോടൊപ്പം ചമ്രംപടിഞ്ഞിരുന്നുണ്ണാൻ, നൂല് കെട്ടിന് കാത് കുത്തിന് എല്ലാത്തിനും നടുമുറിയിലും വരാന്തയിലും മുറ്റത്തെ പന്തലിലും പ്രധാന്യമുള്ള കൈതോല പായകൾ പുതുതലമുറയ്‌ക്ക് അന്യമായി കൈതപ്പനയുടെ ഇലകൾ(കൈതോല) ഉപയോഗിച്ച് നിർമിക്കുന്ന പായ, തഴ എന്നിവ വീണ്ടും ഗതകാല പ്രൗഢി വീണ്ടെടുക്കാൻ ഒരുങ്ങുകയാണ്. പരമ്പരാഗത കരകൗശല ഉൽപ്പന്നങ്ങൾ വീണ്ടും ജനപ്രീതിയാർജിക്കുകയാണ്. കൈതോല പായ, കുട്ടകൾ, മുറം, വട്ടി തുടങ്ങിയവ ഇന്നും ലഭ്യമാണ്. പാളത്തൊപ്പി, തൊപ്പികുട, ഒറ്റൽ, വല, കൈകോട്ട്, മൺപാത്രങ്ങൾ എന്നിവയ്‌ക്കൊപ്പം കൈതോല ഉൽപ്പന്നങ്ങളും ചന്തകളിൽ സജീവമാണ്. പരമ്പരാഗത തൊഴിൽ എന്ന നിലയിൽ കൂടുതൽ പ്രോത്സാഹനവും വിപണിയും കണ്ടെത്താൻ കഴിഞ്ഞാൽ വിനോദസഞ്ചാരമേഖലയ്ക്ക് ഏറെ മുതൽകൂട്ടാവും. ഇവരെ സഹായിക്കാൻ ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി ബോർഡും നിലവിലുണ്ട്. ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും വിൽക്കുന്നതിനുമായി പ്രത്യേക പ്രദർശനശാലകൾ തുറക്കാനും, ഓൺലൈൻ വെബ്‌സൈറ്റുകളിലൂടെ ഇവ വിപണനം ചെയ്യാനും പദ്ധതികൾ തയ്യാറാക്കണം.










0 comments