അന്വേഷണ റിപ്പോർട്ട് പീരുമേട് കോടതിയിൽ
സീതയുടെ മരണം കാട്ടാനയാക്രമണം തന്നെ

സ്വന്തം ലേഖകൻ
Published on Aug 14, 2025, 12:16 AM | 1 min read
പീരുമേട്
മീൻമുട്ടി വനമേഖലയിൽ വീട്ടമ്മ മരിച്ചസംഭവം കാട്ടായാക്രമണം തന്നെയെന്ന് പൊലീസ് പീരുമേട് കോടതിയിൽ റിപ്പോർട്ട് നൽകി. ജൂൺ 13 ന് ശബരിമല വനമേഖലയുടെ ഭാഗമായ മീൻമുട്ടിയിൽ വച്ചാണ് സീത(42)യെ കാട്ടാനയാക്രമിച്ചത്. പൊലീസ് കോടതിയിൽ റിപ്പോർട്ടു നൽകി. വനവിഭവങ്ങൾ ശേഖരിക്കാൻ ഭർത്താവ് വിനുവിനും മക്കളോടും ഒപ്പം വനത്തിലേക്ക് പോകുന്നതിനിടയിലാണ് കാടുകൾക്കിടയിൽ മറഞ്ഞിരുന്ന ആന സീതയെ ആക്രമിച്ചത്. ആനയുടെ ആക്രമണത്തിൽ ഭക്ഷണസാധനങ്ങൾ ഉൾപ്പെടെ സ്ഥലത്ത് ചിതറിക്കിടന്നു.
ഇൻക്വസ്‌റ്റ് തയ്യാറാക്കിയ പൊലീസും ആനയുടെ ആക്രമണമെന്ന് വ്യക്തമാക്കി. എന്നാൽ, പോസ്റ്റ്മോർട്ടം നടത്തിയ പീരുമേട് താലൂക്ക് ആശുപത്രിയിലെ ഫോറൻസിക് സർജൻ ആദർശ് രാധാകൃഷ്ണനും കോട്ടയം ഡിഎഫ്ഒ ആർ രാജേഷുമാണ് സീതയുടെ മരണം ആനയാക്രമണം മൂലമല്ലെന്ന് വെളിപ്പെടുത്തി പ്രശ്നം വിവാദമാക്കി.
ആനയുടെ ആക്രമണത്തിൽ സീതയുടെ 13 വാരിയെല്ലുകൾ ഒടിഞ്ഞു. മുഖത്ത് പരിക്കേറ്റു. വിവാദങ്ങൾ സൃഷ്ടിച്ചശേഷം ആഴ്ചകൾക്ക് ശേഷമാണ് ഡോക്ടർ സീതയുടെ മരണം കാട്ടാന ആക്രമണമെന്ന്കാട്ടി പോസ്റ്റ്മോർട്ടം റിപ്പോർട്ട് പൊലീസിന് നൽകിയത്.
സംഭവസമയത്ത് സീതയ്ക്കൊപ്പമുണ്ടായിരുന്ന ബിനുവിന്റെയും മക്കളുടെയും മൊഴികൾ രണ്ടു തവണ ശേഖരിച്ചപ്പോഴും കാട്ടാന തുമ്പികൈക്കൊണ്ടു എടുത്തെറിഞ്ഞ് പരിക്കേറ്റാണ് സീത മരിച്ചതെന്ന് പൊലീസിനെ അറിയിച്ചിരുന്നു. കോടതിയിൽനിന്ന് റിപ്പോർട്ടിന്റെ പകർപ്പ് ലഭിച്ചാൽ ഉടൻ നഷ്ടപരിഹാരത്തുകയ്‌ക്കായി സർക്കാരിനെ സമീപിക്കാനൊരുങ്ങുകയാണ് കുടുംബം.










0 comments