ad
Deshabhimani

വി എസ്: അഞ്ചുരുളിയുടെ തൊട്ടപ്പന്‍

അഞ്ചുരുളി ഫെസ്റ്റിൽ വി എസ് അച്യൂതാനന്ദനെ സ്വകരിക്കുന്നു

2008 ൽ അഞ്ചുരുളി ഫെസ്റ്റ് ഉദ്‌ഘാടന വേദിയിൽ വിഎസ്സിനെ സ്വീകരിക്കുന്നു

avatar
അജിന്‍ അപ്പുക്കുട്ടന്‍

Published on Jul 23, 2025, 12:15 AM | 1 min read

കട്ടപ്പന

വിനോദസഞ്ചാര കേന്ദ്രമായി അഞ്ചുരുളി വളർന്നപ്പോൾ, തലതൊട്ടപ്പനായത് സാക്ഷാൽ വി എസ് അച്യുതാനന്ദൻ. ടൂറിസം കേന്ദ്രത്തിന്റെ വികസനത്തിന് തുടക്കംകുറിച്ച അഞ്ചുരുളി സൗന്ദര്യോത്സവം(അഞ്ചുരുളി ഫെസ്റ്റ്) ഉദ്ഘാടനം ചെയ്തത് അന്നത്തെ മുഖ്യമന്ത്രിയായ വി എസ് ആയിരുന്നു. 2008 മെയിൽ കോരിച്ചൊരിഞ്ഞ പേമാരിയെപ്പോലും വകവയ്ക്കാതെ അദ്ദേഹം മലകയറിയെത്തി. അത് ടൂറിസം ഭൂപടത്തിൽ അഞ്ചുരുളിയെ അടയാളപ്പെടുത്തിയ ചരിത്രനിയോഗമായി. അന്നത്തെ കാഞ്ചിയാർ പഞ്ചായത്ത് എൽഡിഎഫ് ഭരണസമിതിയാണ് നാട്ടുകാരുടെ വൻ പങ്കാളിത്തത്തോടെ അഞ്ചുരുളി സൗന്ദര്യോത്സവം സംഘടിപ്പിച്ചത്. സിപിഐ എം കട്ടപ്പന ഏരിയ സെക്രട്ടറി മാത്യു ജോർജായിരുന്നു അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ്. പരിപാടിയുടെ ഉദ്ഘാടനത്തിന് ഭരണസമിതിയും നാട്ടുകാരും തിരുവനന്തപുരത്ത് നേരിട്ടെത്തി ക്ഷണിച്ചപ്പോൾ തന്നെ വരാമെന്ന് ഉറപ്പുനൽകി. കനത്തമഴയിൽ ജില്ലയിൽ വ്യാപകമായി മണ്ണിടിച്ചിലുണ്ടായതോടെ ചടങ്ങ് ഒഴിവാക്കണമെന്ന് പൊലീസ് റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും കാത്തിരുന്ന ജനസഞ്ചയത്തിലേക്ക് വി എസ് പാഞ്ഞെത്തി. അഞ്ചുരുളി ടണൽ ജങ്ഷനിലാണ് പരിപാടി നടത്താൻ തീരുമാനിച്ചിരുന്നതെങ്കിലും ഇവിടേയ്ക്കുള്ള റോഡിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടതോടെ ചടങ്ങ് കക്കാട്ടുകടയിലേക്ക് മാറ്റി. ഈവേദിയിലാണ് അഞ്ചുരുളിയിലെ ടൂറിസം വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തത്. 
 ഇടുക്കി ജലാശയത്തിൽ ബോട്ട് സവാരിക്കും അദ്ദേഹം തുടക്കംകുറിച്ചു. ബോട്ട് നീറ്റിലിറക്കാൻ അന്നത്തെ കലക്ടറെ ചുമതലപ്പെടുത്തിയശേഷമാണ് വി എസ് അഞ്ചുരുളി വിട്ടത്. തൊട്ടടുത്തദിവസം കലക്ടറും പഞ്ചായത്ത് ഭരണസമിതിയും ചേർന്ന് ബോട്ടിറക്കി. ഇതോടെ അഞ്ചുരുളിയുടെ പേരും പെരുമയും ജില്ല കടന്നു. വിനോദസഞ്ചാരികൾ ഇവിടേയ്ക്ക് എത്തിത്തുടങ്ങി. പിന്നീട് വനംവകുപ്പുമായുള്ള തർക്കത്തെ തുടർന്ന് ബോട്ട് സവാരി അവസാനിപ്പിക്കേണ്ടിവന്നെങ്കിലും ഇവിടം ടൂറിസം ഭൂപടത്തിൽ അടയാളപ്പെട്ടുകഴിഞ്ഞിരുന്നു. ആ ചരിത്രമുന്നേറ്റത്തിന് കാരണക്കാരനായ വി എസിന്റെ അന്നത്തെ സന്ദർശനവും തുടർന്നുണ്ടായ ആവേശവുമെല്ലാം മാത്യു ജോർജും നാട്ടുകാരും പങ്കുവയ്ക്കുന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home