ഡ്രൈവറെ മർദിച്ച് കാറുമായി കടന്നവർ അറസ്റ്റിൽ

അനീഷ്, ശരത്, ഗോകുൽ, ചന്തു
കോവളം
ഓട്ടംവിളിച്ച കാറിൽനിന്ന് ഡ്രൈവറെ പുറത്തേക്ക് വലിച്ചിട്ടശേഷം വാഹനവുമായി കടന്ന നാലുപേർ അറസ്റ്റിൽ. പൂങ്കുളം ചരുവിള പുത്തൻവീട്ടിൽ ശരത് (ചമ്മന്തി ശരത്, 33), പാച്ചല്ലൂർ ഐരയിൽ പുത്തൻവീട്ടിൽ ചന്തു (30), കോളിയൂർ വെള്ളിക്കണ്ടംവീട്ടിൽ അനീഷ് (31), വെട്ടരുത്തി ഇലങ്കത്തറവീട്ടിൽ ഗോകുൽ (27) എന്നിവരാണ് അറസ്റ്റിലായത്. മൂന്നുപേരെ കോവളം പൊലീസും ഒരാളെ വിഴിഞ്ഞം പൊലീസുമാണ് പിടികൂടിയത്. പാച്ചല്ലൂർ സ്വദേശി രതീഷ് (36) ആണ് ആക്രമണത്തിനിരയായത്. ഇയാളുടെ മൊബൈൽഫോണും പ്രതികൾ തട്ടിയെടുത്തു. ഞായർ വൈകിട്ട് കോവളം പൂങ്കുളത്തിനടുത്തുനിന്ന് കാറിൽ കയറിയ സംഘം വെങ്ങാനൂർ അംബേദ്കർ ഗ്രാമത്തിനുസമീപത്തുവച്ചാണ് ഡ്രൈവറെ മർദിച്ച് പുറത്തിട്ട് കാറുമായി കടന്നത്. രതീഷ് വാടകയ്ക്കെടുത്ത് ഓടിക്കുന്ന കാറാണ്. പൂങ്കുളം ഭാഗത്തെ സിസിടിവിയിൽനിന്ന് പ്രതികളുടെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. വാഹനത്തിലെ ജിപിഎസ് പരിശോധിച്ചപ്പോൾ തമിഴ്‌നാട്ടിലാണെന്ന് കണ്ടെത്തി. തുടർന്ന് തമിഴ്നാട് പൊലീസിന്റെ സഹായം തേടി. ഇരണിയലിൽ ഭാഗത്തുനിന്ന് തമിഴ്‌നാട് പൊലീസ് വാഹനം കണ്ടെത്തിയപ്പോൾ കാറിൽ ആളില്ലായിരുന്നു. സമീപത്തെ ഹോട്ടലിൽനിന്ന് വാഹനത്തിനരികിലേക്കെത്തിയ പ്രതികൾ പൊലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെട്ടു. ശരത് മധുര ഭാഗത്ത് ഉണ്ടെന്നറിഞ്ഞ് വിഴിഞ്ഞം പൊലീസെത്തി പിടികൂടുകയായിരുന്നു. ഇയാൾ കോവളം സ്റ്റേഷനിലെ റൗഡി പട്ടികയിൽ ഉൾപ്പെട്ട ആളാണ്. ചുണ്ടിനും മൂക്കിനും പരിക്കേറ്റ രതീഷ് ചികിത്സതേടി. സാമ്പത്തിക ഇടപാടുസംബന്ധിച്ച തർക്കമാണ് കാരണമെന്ന് സിഐ വി എം ശ്രീകുമാർ പറഞ്ഞു. സംഭവം തിരുവല്ലം സ്റ്റേഷൻ പരിധിയിലായതിനാൽ പ്രതികളെ കൈമാറി.








0 comments