അന്ന് കുടവുമായി സമരം; ഇന്ന് കൈമലർത്തുന്നു

റെയിൽവേ സ്റ്റേഷനടിയിലൂടെയുള്ള ആമയിഴഞ്ചാൻതോടിന്റെ ഭാഗത്ത് മാലിന്യം അടിഞ്ഞുകൂടിയപ്പോൾ
തിരുവനന്തപുരം
കുടിവെള്ള പ്രശ്‌നത്തിൽ കൈമലർത്തി മുന്പ് കോർപറേഷനുമുന്നിൽ കുടവുമായി സമരം നടത്തിയവർ. ജല അതോറിറ്റി അറ്റകുറ്റപ്പണി നടത്തുന്പോൾപോലും ടാങ്കർ ലോറികളിൽ പരാതിക്കിടയില്ലാത്തവിധം കുടിവെള്ളമെത്തിച്ച മുൻഭരണസമിതിയുടെ മാതൃക ബിജെപി നേതൃത്വത്തിലുള്ള കോർപറേഷൻ ഉപേക്ഷിച്ചു. ജല അതോറിറ്റിയാണ് പ്രശ്‌നം പരിഹരിക്കേണ്ടതെന്നാണ് ജനവിരുദ്ധ മേയറുടെ മറുപടി. ഭരണഘടനയുടെ 12–ാം പട്ടികപ്രകാരം വിതരണത്തിന്റെ ഉത്തരവാദിത്വം കോർപറേഷനാണ്. ഇതുമറന്ന് ചുമതല നിർവഹിക്കാതെ പഴിചാരി രക്ഷപ്പെടാനാണ് മേയറുടെ ശ്രമം. കോർപറേഷനും തദ്ദേശസ്ഥാപനങ്ങൾക്കും വെള്ളം വിതരണം ചെയ്യുന്ന ഏജൻസി മാത്രമാണ് ജല അതോറിറ്റി എന്നിരിക്കേ ജനങ്ങളെ പറഞ്ഞു കബളിപ്പിക്കുകയാണ് മേയറും കൂട്ടരും. പല വാർഡുകളിലും വെള്ളം കിട്ടാക്കനിയായിട്ടും ബിജെപി കൗൺസിലർമാർ തിരിഞ്ഞുനോക്കുന്നില്ല. ആഴ്‌ചകളായി വെള്ളം കിട്ടാത്ത പ്രദേശങ്ങളിൽ കുപ്പിവെള്ളമാണ് ആശ്രയം. വെള്ളമെത്തിക്കുന്നിടത്തെ കോർപറേഷൻ ടാങ്കർ വാഹനങ്ങൾ പ്രധാന നിരത്ത് വരെയേ എത്തുന്നുള്ളൂ. ഇടറോഡുകളിലേക്ക് വാഹനമെത്തുന്നില്ല. പ്രാഥമിക ആവശ്യങ്ങൾക്കുപോലും ബുദ്ധിമുട്ട് അനുഭവിക്കുന്ന നഗരവാസികളെ കണ്ട മട്ടില്ല. വട്ടവിള അടക്കമുള്ള പ്രദേശത്തെ ജനങ്ങൾ സമരവുമായി രംഗത്തിറങ്ങാൻ തീരുമാനിച്ചു.
മേയർ ഭരണഘടന പഠിക്കണം: എൽഡിഎഫ്
തിരുവനന്തപുരം
കുടിവെള്ള വിതരണത്തിന്റെ ചുമതല ഏറ്റെടുക്കാതെ ജല അതോറിറ്റിയെ കുറ്റപ്പെടുത്തുന്ന മേയർ ഭരണഘടനയും നിയമവും പഠിക്കണമെന്ന് എൽഡിഎഫ്. മുനിസിപ്പൽ നിയമങ്ങളൊന്നുമറിയാതെ പ്രതികരിക്കുന്നത് നാണക്കേടാണ്. കുടിവെള്ളം മുടങ്ങാതെ വിതരണം നടത്തേണ്ട ഉത്തരവാദിത്വം കോർപറേഷനാണെന്ന് മേയർക്കറിയില്ലെങ്കിലും നഗരവാസികൾക്കറിയാം. മണ്ടത്തരം പറയാതിരിക്കാനുള്ള വിവേകമെങ്കിലും കാണിക്കണം. മാതൃകാപരമായ ആറ്റുകാൽ ശുചീകരണംപോലും കുളമാക്കി നഗരത്തിന്റെ വിവിധയിടങ്ങൾ മാലിന്യക്കൂനയാക്കി. ഓടകളും കനാലുകളും തോടുകളും മൂടിക്കിടക്കുന്നു. സർക്കാരും ആരോഗ്യ, തദ്ദേശവകുപ്പുകളും നിർദേശിച്ചിട്ടുള്ള നടപടികൾ കോർപറേഷൻ സ്വീകരിക്കണം. എല്ലാ വാർഡുകളിലും ശുചീകരണ വാഹനമെത്തുന്നില്ല. മഴക്കാലമെത്തുന്പോൾ നഗരം സാംക്രമിക രോഗങ്ങളുടെ പിടിയിലാകും. സാമൂഹ്യപ്രശ്‌നങ്ങളും ക്രിമിനൽ സംഘങ്ങളുടെ വിളയാട്ടവുമാണ് നഗരത്തിൽ നടക്കുന്നത്. നഗരവാസികൾക്ക് നാണക്കേടുണ്ടാക്കാതെ പ്രശ്‌നങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് എൽഡിഎഫ് പാർലമെന്ററി പാർടി ലീഡർ എസ് പി ദീപക് പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.










0 comments