മുന്നിലാണ് പാറശാല

വെള്ളറട
എൽഡിഎഫ് സർക്കാരുകളുടെ കരുത്തുറ്റ ഇടപെടലിലൂടെ പാറശാല മണ്ഡലത്തിൽ കഴിഞ്ഞ പത്തുവർഷത്തിനിടയിൽ നടന്നത് സമാനതകളില്ലാത്ത വികസന വിസ്മയം. 2016 മുതൽ 2026 വരെയുള്ള കാലയളവിൽ വിവിധ മേഖലകളിലായി 2230 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങളാണ് മണ്ഡലത്തിൽ ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കിയത്. പശ്ചാത്തല സൗകര്യം, ആരോഗ്യം, വിദ്യാഭ്യാസം, കൃഷി തുടങ്ങി സമസ്ത മേഖലകളിലും മണ്ഡലം ഇന്ന് മറ്റ് മണ്ഡലങ്ങൾക്ക് മാതൃകയാകുകയാണ്.
മുഖച്ഛായ മാറി റോഡുകൾ
മണ്ഡലത്തിലെ യാത്രാക്ലേശം പരിഹരിക്കുന്നതിന് പൊതുമരാമത്ത് റോഡുകളുടെ നവീകരണത്തിന് മാത്രം 250 കോടി രൂപ വിനിയോഗിച്ചു. പാറശാല മുതൽ കള്ളിക്കാട് വരെയുള്ള മലയോര ഹൈവേക്കായി 139 കോടി രൂപ ചെലവഴിച്ചു. കിഫ്ബി ധനസഹായത്തോടെ 24 കോടി രൂപ ചെലവിട്ട് പൂർത്തിയാക്കിയ കുമ്പിച്ചൽകടവ് പാലം മലയോര ജനതയുടെ ദശാബ്ദങ്ങളായുള്ള സ്വപ്നമാണ് യാഥാർഥ്യമാക്കിയത്. 42 പൊതുമരാമത്ത് റോഡുകൾ 33.69 കോടി രൂപ ചെലവഴിച്ച് ആധുനിക നിലവാരത്തിൽ ടാറിങ് നടത്തി.
ഹൈടെക് വിദ്യാലയങ്ങൾ
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 100 കോടിയിലധികം രൂപയാണ് മണ്ഡലത്തിലെ സ്കൂളുകൾക്കുവേണ്ടി വിനിയോഗിച്ചത്. ധനുവച്ചപുരം ഗവ. ഐടിഐയെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്താൻ 67 കോടി രൂപയുടെ മാസ്റ്റർ പ്ലാനിന് സർക്കാർ അംഗീകാരം നൽകി. ഇതിന്റെ ഒന്നാംഘട്ടത്തിനായി 11.20 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചുകഴിഞ്ഞു.
താലൂക്ക് ആശുപത്രി രാജ്യാന്തര നിലവാരത്തിൽ
ആരോഗ്യമേഖലയിൽ 200 കോടിയിലധികം രൂപയുടെ നിക്ഷേപമാണ് ഉണ്ടായത്. പാറശാല ഗവ. താലൂക്ക് ആശുപത്രിയുടെ സമഗ്ര വികസനത്തിനായി 156 കോടി രൂപയുടെ മാസ്റ്റർ പ്ലാനാണ് ഒരുങ്ങുന്നത്. കള്ളിക്കാട്, പൂഴനാട് പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ ദേശീയ അംഗീകാരം കരസ്ഥമാക്കി. കിഴക്കൻമല കുടിവെള്ള പദ്ധതിക്കായി 43.09 കോടി രൂപ വകയിരുത്തിയത് മലയോര മേഖലയിലെ ശുദ്ധജലക്ഷാമത്തിന് ശാശ്വത പരിഹാരമായി.
ബ്രഹ്മോസും തളിരും; പുതിയ വികസന സംസ്കാരം
കള്ളിക്കാട് സ്ഥാപിക്കുന്ന ബ്രഹ്മോസ് മിസൈൽ നിർമാണ യൂണിറ്റ് വരുംകാലങ്ങളിൽ മണ്ഡലത്തിന്റെ വ്യവസായ ഭൂപടം തന്നെ മാറ്റിവരയ്ക്കും. ‘തളിര്' പദ്ധതിയിലൂടെ പാറശാലയെ തരിശുരഹിതമാക്കി.










0 comments