Deshabhimani

വേളി-–കഠിനംകുളം ജലപാത

ഇ‍ൗ ട്രിപ്പ്‌ യാഥാർഥ്യമാക്കിയത്‌ എൽഡിഎഫ് സർക്കാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സഞ്ജയ്‌ സുരേഷ്‌

Published on Oct 01, 2026, 12:05 AM | 1 min read

വഞ്ചിയൂർ

നഗരത്തിന്റെ ഗതാഗത, -ടൂറിസം മേഖലകളിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന വേളി–കഠിനംകുളം ജലപാത യാഥാർഥ്യമാക്കിയത്‌ എൽഡിഎഫ്‌ സർക്കാർ. കൃത്യമായ പ്ലാനിങ്ങും നിർമാണപ്രവർത്തനങ്ങളുമായി ഒരുക്കിയ പദ്ധതിയാണ്‌ ബുധനാഴ്‌ച യുഡിഎഫ്‌ സർക്കാരിനുകീഴിൽ ഉദ്‌ഘാടനം ചെയ്‌തത്‌. ഉമ്മൻചാണ്ടി സർക്കാർ പാതിവഴിയിൽ ഉപേക്ഷിച്ച പദ്ധതിയെ പശ്ചിമതീര ജലപാതയുടെ വികസനത്തിൽ നിർണായക നാഴികക്കല്ലാക്കിത്തീർത്തത്‌ എൽഡിഎഫ്‌ സർക്കാരാണ്‌. ​കോവളം മുതൽ കാസർകോട്‌ ബേക്കൽവരെ 616 കിലോമീറ്റർ ജലപാത വികസനം എൽഡിഎഫ്‌ സർക്കാരിന്റെ മുൻഗണനാ പദ്ധതികളിൽ പ്രധാനപ്പെട്ടതായിരുന്നു. ഇൻലാൻഡ് നാവിഗേഷൻവകുപ്പ്, കേരള വാട്ടർവേയ്‌സ്‌ ആൻഡ്‌ ഇൻഫ്രാസ്‌ട്രക്‌ചേഴ്‌സ്‌ ലിമിറ്റഡ്‌ (കെഡബ്ല്യുഎഎൽ) വകുപ്പും ചേർന്നാണ്‌ പദ്ധതി കിഫ്‌ബി സഹായത്തോടെ പൂർത്തിയാക്കിയത്‌. പാർവതീപുത്തനാറിലെയും അനുബന്ധ കനാലുകളിലെയും ആഴവും വീതിയും കൂട്ടാൻ കോടികളുടെ പദ്ധതികൾ നടപ്പാക്കി. കനാലിന്റെ ഇരുവശങ്ങളിലുമുള്ള കൈയേറ്റങ്ങളും വർഷങ്ങളായി അടിഞ്ഞുകൂടിയ ചെളിയും എക്കലും നീക്കി ആഴം കൂട്ടുക എന്നത് കഠിനമായ ദൗത്യമായിരുന്നു. കോവളംമുതൽ കഠിനംകുളംവരെയുള്ള ഭാഗത്ത് 625 കുടുംബങ്ങളെ കണ്ടെത്തി, 425 കുടുംബങ്ങളെ പൂർണമായി പുനരധിവസിപ്പിച്ചു. മാറ്റി പാർപ്പിക്കേണ്ടിവന്നവർക്ക് പുനരധിവാസ പാക്കേജും കെട്ടിട മൂല്യനിർണയ തുകയും സമയബന്ധിതമായി നൽകി.​ വേളിമുതൽ ആറാട്ടുവഴിവരെ 6.51 കിലോമീറ്റർ 7.96 കോടി രൂപ ചെലവഴിച്ചാണ് സജ്ജമാക്കിയത്‌. അനക്കപ്പിള്ളമുതൽ ചാന്നാങ്കരവരെ 8.58 കോടി രൂപ ചെലവഴിച്ച് വീതി 25 മീറ്ററാക്കുകയും ഗാബിയോൺ, പൈൽ ആൻഡ് സ്ലാബ് സാങ്കേതികവിദ്യ ഉപയോഗിച്ച് കനാൽവശങ്ങൾ ബലപ്പെടുത്തുകയും ചെയ്തു. ​ജലപാതയിലെ പാലങ്ങളുടെ പുനർനിർമാണത്തിലും വലിയ നേട്ടമാണ് കൈവരിച്ചത്. കരിക്കകം സ്റ്റീൽ ലാറ്റിസ് ബ്രിഡ്ജ് 3.4 കോടി രൂപ ചെലവിലും സെന്റ് ആൻഡ്രൂസ് ബ്രിഡ്ജ് 12.75 കോടി രൂപ ചെലവിലും മാനദണ്ഡങ്ങൾ പാലിച്ച്‌ പുനർനിർമിച്ചു. കഴക്കൂട്ടം- തീരദേശ റോഡിനെ ബന്ധിപ്പിക്കുന്ന ആറാട്ടുവഴി പാലം 25 കോടി രൂപയിൽ പുനർനിർമിക്കാനുള്ള പദ്ധതിയും എൽഡിഎഫ് സർക്കാർ വിഭാവനം ചെയ്തു. ​ഉപേക്ഷിക്കപ്പെട്ട ഒരു പദ്ധതിയെ വെല്ലുവിളികളെല്ലാം മറികടന്ന് പൂർത്തിയാക്കിയെന്നത്‌, നാടിന്റെ വികസനചരിത്രത്തിൽ എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയുടെയും കരുതലിന്റെയും സാക്ഷ്യപത്രമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home