ഓണവൈബായി നഗരം

കനകക്കുന്ന് കൊട്ടാരമുറ്റത്തെ വാൽക്കണ്ണാടി’ ഇൻസ്റ്റലേഷൻ
തിരുവനന്തപുരം
വര്‍ണവെളിച്ചം പൂത്തുനില്‍ക്കുന്ന വഴികളും ചെണ്ടമേളത്തിന്റെ താളവും കലയുടെ നിറച്ചാര്‍ത്തും... ഓണാഘോഷം പൊളി വൈബാക്കാൻ നഗരത്തിലേക്ക് ജനമൊഴുകുന്നു. ഉത്സവക്കാഴ്ചകള്‍ക്കപ്പുറം എന്നെന്നും ഓർത്തെടുക്കാനുള്ള മനോഹരനിമിഷങ്ങൾ സ്വന്തമാക്കിയാണ് മടക്കം. പ്രധാന ആഘോഷവേദിയായ കനകക്കുന്നിനെ അഞ്ച് മേഖലയാക്കിയിട്ടുണ്ട്. പരമ്പരാഗത വ്യാപാര, ഭക്ഷ്യ മേഖലകള്‍ക്കൊപ്പം കല, സംസ്കാരം, സാങ്കേതികവിദ്യ എന്നിവയ്ക്കും ഇടമുണ്ട്. കലാകാരരും പരമ്പരാഗത കരകൗശല വിദഗ്ധരും കഴിവുകള്‍ അവതരിപ്പിക്കുന്നു. പ്രവേശനകവാടത്തിനുസമീപം കേരള സ്റ്റാര്‍ട്ടപ് മിഷന്റെ നേതൃത്വത്തിൽ ‘ഫ്യൂച്ചര്‍ സോണ്‍' സ്റ്റാര്‍ട്ടപ് പ്രദര്‍ശനം. സാങ്കേതികവിദ്യകളെക്കുറിച്ച് സന്ദര്‍ശകര്‍ക്ക് നേരിട്ടറിയുകയും പ്രവര്‍ത്തനം മനസ്സിലാക്കുകയും ചെയ്യാം. ഡിജിറ്റല്‍ ഗെയിം, ഡിജിറ്റല്‍ വള്ളംകളി എന്നിവ പ്രധാന ആകര്‍ഷണമാണ്. കനകക്കുന്ന് പുല്‍ത്തകിടിയില്‍ ഒരുക്കിയിരിക്കുന്ന താൽക്കാലിക മിനി തിയറ്ററില്‍ എല്ലാ ദിവസവും വൈകിട്ട് ആറുമുതല്‍ ഡോക്യുമെന്ററി പ്രദര്‍ശനമുണ്ട്. സൂര്യകാന്തിയിൽ 15 ഫുഡ് സ്റ്റാൾ. 30ന് ഘോഷയാത്രയോടെ ഓണം ടൂറിസം വാരാഘോഷം സമാപിക്കും.
ഭാവനകൾക്ക് ചായം പകരാം
കനകക്കുന്നിൽ ഓണാഘോഷത്തിനെത്തുന്ന സന്ദർശകർക്ക് ആർട്ട് അനുഭവം പങ്കുവയ്ക്കാൻ അവസരം. ഭാവനകൾ വരച്ചുചേർക്കാനായി വലിയൊരു പെയിന്റിങ് ക്യാൻവാസ് ബോർഡാണ് തയ്യാറാക്കിയിട്ടുള്ളത്. കുട്ടികളും മുതിർന്നവരുമടക്കമുള്ളവർ മേശപ്പുറത്ത് സജ്ജീകരിച്ച പെയിന്റും ബ്രഷുമെടുത്ത് ക്യാൻവാസിൽ ചായം പകരുന്നു. ഓണാശംസകളും വർണാഭമായ ഡിസൈനുകളും സ്വന്തംപേരുകളുംകൊണ്ട് സന്ദർശകർ ബോർഡിനെ കലാസൃഷ്ടിയാക്കി മാറ്റി. വാരാഘോഷം കഴിയുന്നതോടെ ഇത് ഭീമമായ കലാസൃഷ്ടിയായി മാറും. തൊട്ടരികിലായി സന്ദർശകരുടെ കാരിക്കേച്ചർ തത്സമയം വരച്ചുനൽകാൻ ഫൈൻ ആർട്സ് കോളേജ് വിദ്യാർഥികളുണ്ട്. രണ്ടാം വർഷ വിദ്യാർഥികളായ ശുഹൈബ്, അജിനാസ് എന്നിവരുടെ നേതൃത്വത്തിൽ അതിഥികളുടെ ചിത്രങ്ങൾ നിമിഷങ്ങൾക്കുള്ളിലാണ് ലൈവായി വരച്ചുനൽകുന്നത്.
പേടിയുണ്ടേൽ മാറിക്കോ
പേടിപ്പിച്ചും രസിപ്പിച്ചും ഗോസ്റ്റ് ഹൗസ്. അത്യാധുനിക ശബ്ദ വെളിച്ച സംവിധാനങ്ങളോടെ നിഗൂഢത നിറഞ്ഞ ഏഴ് വ്യത്യസ്ത മുറിയാണ് ഓണം വാരാഘോഷ ഭാഗമായി ഒരുക്കിയ കനകക്കുന്നിലെ ഗോസ്റ്റ് ഹൗസിൽ സന്ദർശകരെ കാത്തിരിക്കുന്നത്. ഓരോ മുറിയിലും അപ്രതീക്ഷിതമായി ഞെട്ടിക്കുന്ന കാഴ്ചകളാണ്. വൈകിട്ട് നാലുമുതൽ രാത്രി 11വരെയാണ് പ്രവേശനം. 60 രൂപയാണ് ടിക്കറ്റ് നിരക്ക്.
ഹിറ്റാണ് വാൽക്കണ്ണാടി
കൊട്ടാരമുറ്റത്ത് സജ്ജീകരിച്ച ‘വാൽക്കണ്ണാടി’ ഇൻസ്റ്റലേഷനിൽ സെൽഫിയെടുക്കാൻ കുട്ടികളുടെയും മുതിർന്നവരുടെയും തിരക്ക്. പുറത്തുനിന്ന് നോക്കുമ്പോൾ സ്വർണനിറത്തിലുള്ള വലിയ വാൽക്കണ്ണാടിയുടെ രൂപവും വശങ്ങളിൽ മയിൽപ്പീലി ഡിസൈനുമാണ്. ഇൻസ്റ്റലേഷന്റെ ഇരുവശത്തും കണ്ണാടി പതിപ്പിച്ചിരിക്കുന്നതിനാൽ നടക്കുമ്പോൾ കാഴ്ചക്കാരുടെ പ്രതിബിംബം ആവർത്തിച്ച് പ്രതിഫലിക്കും. ദീപാലങ്കാരങ്ങൾ തെളിയുന്നതോടെ കണ്ണാടിപ്പാതയ്‌ക്ക് കൂടുതൽ മനോഹാരിത.
ചെളിക്കളമായി ഓണവേദി
ഓണാഘോഷത്തിന്റെ പ്രധാന വേദിയായ കനകക്കുന്ന് മഴ പെയ്‌തപ്പോൾ ചെളിക്കളമായി. പുതുവസ്‌ത്രങ്ങളണിഞ്ഞ് ഓണം തകർക്കാനെത്തിയവർ നിരാശരായി. വസ്‌ത്രങ്ങളിൽ ചെളിപുരണ്ടാണ് പലരുടെയും വീട്ടിലേക്കുള്ള മടക്കം. ഓണം വാരാഘോഷം തുടങ്ങുന്നതിനുമുന്പ് മഴമുന്നറിയിപ്പുണ്ടായിട്ടും അധികൃതർ മുന്നൊരുക്കം നടത്തിയില്ല. സൂര്യകാന്തി വേദിക്കരികിലുള്ള വൻ കുഴികൾ കുളമായി മാറി. ഇവ ചാടിക്കടന്നുവേണം സന്ദർശകർക്ക് കടന്നുപോകാൻ. ആയിരക്കണക്കിനുപേരാണ് നിത്യേന കനകക്കുന്നിലേക്കെത്തുന്നത്. മഴ പെയ്‌ത് ദുരിതാവസ്ഥയിലായിട്ടും പരിഹരിക്കാൻ നടപടിയെടുത്തിട്ടില്ല.
വഴി ചുറ്റും മെയ്സ്
ചുറ്റിക്കറക്കുന്ന മെയ്സാണ് മറ്റൊരു ആകര്‍ഷണം. അകത്തേക്ക് പ്രവേശിച്ചാൽ ഓരോ വളവിലും പുതിയ വഴികൾ ചുറ്റിക്കുമ്പോഴും സങ്കീർണമായ വഴികളിലൂടെ സഞ്ചരിച്ച് ശരിയായ പാത കണ്ടെത്തി പുറത്തുകടക്കലാണ് മെയ്സിലെ ടാസ്ക്. കൃത്യം വഴിയിലൂടെ പുറത്തെത്തിയാല്‍ സമ്മാനമുണ്ട്.
പ്ലാസ്റ്റിക് അറസ്റ്റ്
മാലിന്യം നിയന്ത്രിക്കാൻ പ്ലാസ്റ്റിക് അറസ്റ്റ്. മേള കാണാനെത്തുന്നവർ കൊണ്ടുവരുന്ന പ്ലാസ്റ്റിക് കുപ്പികളിലും കവറുകളിലും പ്രവേശന കവാടത്തിൽ വച്ച് 10 രൂപയുടെ ടോക്കൺ സ്റ്റിക്കർ പതിക്കും. മടങ്ങുമ്പോൾ ടോക്കൺ പതിപ്പിച്ച ഉൽപ്പന്നങ്ങൾ കാണിച്ചാൽ 10 രൂപ തിരികെ നൽകും.










0 comments